കായല്‍ ഭൂമി കയ്യേറ്റം!! ജയസൂര്യക്ക് സമന്‍സയച്ച് വിജിലന്‍സ് കോടതി!

ഭൂമി കയ്യേറ്റ കേസില്‍ നടന്‍ ജയസൂര്യക്ക് സമന്‍സയച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസില്‍ ആണ് കോടതി നടപടി. കായല്‍ തീരം കയ്യേറിയെന്ന പരാതി ലഭിച്ച ശേഷം ജയസൂര്യയ്ക്ക് എതിരെ നേരത്തെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നാല് പ്രതികളെയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ കോര്‍പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അടക്കം ഉള്‍പ്പെടുന്നുണ്ട്. നാലു പ്രതികളോടും ഡിസംബര്‍ 29- ന് നേരിട്ട് ഹാജരാകാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സംഭവത്തിന്‍മേല്‍ കഴിഞ്ഞ ആറ് വര്‍ഷക്കാലത്തോളമായി അന്വേഷണം നടക്കുകയായിരുന്നു. അന്വേഷണത്തിന് ഒടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 13നാണ് കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജയസൂര്യയെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. കേസന്വേഷണത്തില്‍ കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു, കായല്‍ഭൂമി കയ്യേറ്റത്തിന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്പക്ടറായിരുന്ന ആര്‍ രാമചന്ദ്രന്‍ നായര്‍, അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന ഗിരിജാ ദേവി, നടന്‍ ജയസൂര്യ, ബോട്ടുജെട്ടിയും ചുറ്റുമതിലും രൂപകല്‍പന ചെയ്ത എന്‍എം ജോസഫ് എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിയിരിക്കുന്നത്. ഇവരെ കൂടാതെ കോര്‍പറേഷന്‍ മുന്‍ സെക്രട്ടറിയെയും സര്‍വെയറടക്കമുള്ള റവന്യു ഉദ്യോഗസ്ഥരെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു,

എന്നാല്‍ ഇവര്‍ക്ക് ഈ കുറ്റകൃത്യത്തില്‍ പങ്കിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നത്.

Nikhina