പൃഥ്വി കൂടെയുണ്ടെങ്കില്‍ ഒരു ജില്‍ ജില്‍ ഫീലാണ്…!! സംവിധാനത്തെ കുറിച്ച് ലാലു അലക്‌സ്!

ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത പൃഥ്വിരാജ് സുകുമാരന്‍ സംവിധായകന്‍ എന്ന നിലയിലും കേമന്‍ തന്നെ. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി.…

ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുത്ത പൃഥ്വിരാജ് സുകുമാരന്‍ സംവിധായകന്‍ എന്ന നിലയിലും കേമന്‍ തന്നെ. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫറിന് ശേഷം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിലും ഇരുവരും അച്ഛനും മകനുമായാണ് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ കൂടെ അദ്ദേഹത്തിന്റെ സംവിധാനത്തിലുള്ള ബ്രോഡാഡി എന്ന സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ച് നടന്‍ ലാലു അലക്‌സ് പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്.

ചിത്രത്തില്‍ കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രമായാണ് ലാലു അലക്സ് വേഷമിടുന്നത്. പൃഥ്വിരാജ് വിളിച്ച് കഥ പറഞ്ഞപ്പോള്‍ മുതല്‍ താന്‍ ഭയങ്കര ത്രില്ലില്‍ ആയിരുന്നു എന്നാണ് ലാലു അലക്‌സ് പറയുന്നത്. കഴിഞ്ഞൊരു ദിവസം പൃഥ്വിരാജ് വിളിച്ചു. ‘ലാലുച്ചായാ ഒന്നു രണ്ടു ഷോട്ടുകളിലെ ചില എക്സ്പ്രഷന്‍ സൗണ്ടുകള്‍ ഒന്നു കൂടി എടുക്കേണ്ടി വരും.. സ്റ്റുഡിയോയില്‍ വരാമോ എന്നു ചോദിച്ചു.. അതിനെന്നാ താന്‍ വന്നേക്കാം പക്ഷേ, ഒരു ചെറിയ സഹായം, ഡബ്ബ് ചെയ്യുമ്പോള്‍ പൃഥ്വിയും കൂടി അടുത്തുണ്ടെങ്കില്‍ സംഭവം പെര്‍ഫെക്ട് ആവും എന്നു പറഞ്ഞു. തിരക്കിനിടയില്‍ നിന്ന് പൃഥ്വി ഓടി വന്നു.

സ്റ്റുഡിയോയില്‍ തനിക്കൊപ്പമിരുന്നു. മുമ്പു ചെയ്ത സീന്‍ നോക്കിയപ്പോള്‍ പൃഥ്വി പറഞ്ഞത് ശരിയാണ്. ഒത്തിട്ടില്ല. വീണ്ടും സംവിധായകന്‍ ആവശ്യപ്പെട്ടതു പോലെ ചെയ്തതോടെ സംഭവം ഓകെ. ഷൂട്ടിംഗില്‍ തന്റെ ഓരോ ഷോട്ടും പൂര്‍ത്തിയാക്കി കഴിഞ്ഞ് സംവിധായകനായ പൃഥ്വി ഓകെ, പെര്‍ഫെക്ട് എന്നൊന്നുമല്ല പറയുന്നത്. അതിനും മേലേയാണ്. അതോടെ നമ്മള്‍ക്കു ലഭിക്കുന്നത് ജില്‍.. ജില്‍ എന്നൊരു ഫീലാണ്..എന്നാണ് ലാലു അലക്‌സ് പറയുന്നത്.