ആ വാനമ്പാടി പറന്നകന്നു…!! ലതാ മങ്കേഷ്‌കറിന് വിട

ആരാധകരുടെ പ്രാര്‍ത്ഥനകള്‍ വിഫലമായി… സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു എന്ന വാര്‍ത്തകള്‍ ആരാധകരുടെ ഹൃദയം തകര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഗായികയെ ഇന്നലെ വെന്റിലേറ്ററിലേറ്റ് മാറ്റിയിരുന്നു. അതീവഗുരുതര സാഹചര്യത്തിലായിരുന്നു ആരോഗ്യനില. 92 വയസ്സായിരുന്നു. പ്രിയപ്പെട്ട താരത്തിന്റെ വിയോഗത്തോടെ ഒരു യുഗത്തിന് തന്നെ അന്ത്യമാവുകയാണ്.

തലമുറകള്‍ മാറി വന്നാലും ഈ വാനമ്പാടിയുടെ പാട്ടുകള്‍ കാലമന്യേ നിലനില്‍ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1929-ലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. 1942 മുതല്‍ അവര്‍ ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ്. പദ്മഭൂഷണ്, ദാദാ സാഹേബ് ഫാല്‍ക്കെ, മഹാരാഷ്ട്ര ഭൂഷണ്, പദ്മവിഭൂഷണ്, ഭാരത് രത്‌ന തുടങ്ങിയ ഉന്നത പുരസ്‌കരാങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടിട്ടുണ്ട്. 1999 മുതല്‍ 2005 വരെ നോമിനേറ്റഡ് രാജ്യസഭാ അംഗമായും ലതാ മങ്കേഷ്‌കര്‍ പ്രവര്‍ത്തിച്ചിരുന്നു.

ആരാധകര്‍ എന്നും നെഞ്ചിലേറ്റിയ ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ചാണ് താരത്തിന്റെ മടക്കം…മരുന്നുകളോട് താരം പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത് എന്നാല്‍ പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു. സഹോദരിയും ഗായികയുമായ ആശാ ഭോസ്ലെ, കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍, എംഎന്‍എസ് തലവന്‍ രാജ് താക്കറെ, സുപ്രിയാ സുലേ എംപി തുടങ്ങിയവര്‍ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. ജനുവരി 8-നാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ലതാമങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആറ് ദിവസം മുന്‍പ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു. ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ലത ഒരുതാരമായി വളര്‍ന്നത്. സംഗീതജ്ഞനായ അച്ഛന്‍ ദീനനാഥ് മങ്കേഷ്‌കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു അന്നത്തെ ആ പതിമൂന്ന്കാരിക്ക് . അഭിനയിച്ചും പാടിയും വിശ്രമമില്ലാതെ ജോലി ചെയ്ത കൊച്ചു ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞന്‍ ഗുലാം ഹൈദറാണ്. പിന്നീട് എല്ലാവരും ആരാധിക്കുന്ന തലത്തിലേക്ക് ലത മങ്കേഷ്‌കര്‍ വളരുകയായിരുന്നു.

 

 

Aswathy