‘എന്നെപ്പോലും ഞെട്ടിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്, കണ്ണുകള്‍ കണ്ട് മാത്രം എന്നെ തിരിച്ചറിഞ്ഞവരുണ്ട്’ ലിയോണ

മലയാള സിനിമയില്‍ അടുത്തകാലത്തായി ശ്രദ്ധ നേടുന്ന യുവനടിയാണ് ലിയോണ ലിഷോയി. റെജി നായര്‍ സംവിധാനം ചെയ്ത ‘കലികാലം’ എന്ന സിനിമയിലൂടെ ആണ് ലിയോണ അഭിനേത്രിയായി രംഗപ്രവേശം ചെയ്തത്. പിന്നീട് ‘ജവാന്‍ ഓഫ് വെള്ളിമല’ എന്ന…

മലയാള സിനിമയില്‍ അടുത്തകാലത്തായി ശ്രദ്ധ നേടുന്ന യുവനടിയാണ് ലിയോണ ലിഷോയി. റെജി നായര്‍ സംവിധാനം ചെയ്ത ‘കലികാലം’ എന്ന സിനിമയിലൂടെ ആണ് ലിയോണ അഭിനേത്രിയായി രംഗപ്രവേശം ചെയ്തത്. പിന്നീട് ‘ജവാന്‍ ഓഫ് വെള്ളിമല’ എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടാന്‍ ഇടയാക്കി. ഈ ചിത്രത്തില്‍ ആസിഫ് അലിയായിരുന്നു ലിയോണയുടെ നായകന്‍.

മിഥുന്‍ മാനുവല്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ആന്‍മരിയ കലിപ്പിലാണ്’ എന്ന ചിത്രത്തിലെ സാറ അര്‍ജുന്റെ അമ്മയുടെ വേഷം ലിയോണയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇടയാക്കി. ടൊവിനോ തോമസ് നായകനായ ‘മായാനദി’ എന്ന ചിത്രത്തില സമീറ എന്ന കഥാപാത്രം നായിക കഥാപാത്രത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. ലിയോണയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം ‘ഇഷ്‌ക്’ എന്ന ചിത്രത്തില്‍ ആയിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായെത്തിയ ട്വല്‍ത്ത്മാനില്‍ ശ്രദ്ധേയമായ കഥാപാത്രം ചെയ്തിരുന്നു നടി. ലിയോണയ്ക്ക് യാത്രകള്‍ ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. സെലിബ്രറ്റിയായതു കൊണ്ട് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോയെന്ന ചോദ്യത്തിന് ലിഷോയിയുടെ മറുപടി ഇങ്ങനെയായിരുന്നു.

‘യാത്രകള്‍ എപ്പോഴും എനിക്ക് റിലാക്‌സേഷനാണ്. കുറച്ച് അഡ്വഞ്ചര്‍, കാഴ്ചകള്‍, മല, മഞ്ഞ് തണുപ്പ്, നല്ല താമസയിടം ഇതൊക്കെ നോക്കിയാണ് ഞാന്‍ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത്. കേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഞാന്‍ എപ്പോഴും കോണ്‍ഷ്യസാണ്. കേരളത്തിന് പുറത്താണെങ്കില്‍ ആര്‍ക്കുമറിയില്ല എന്നും ചിന്തിക്കാറുണ്ട്. എന്നുകരുതി ബുദ്ധിമുട്ടായി എനിക്ക് തോന്നിയിട്ടില്ല. കോവിഡ് വന്നതിനുശേഷം മാസ്‌ക് നിര്‍ബന്ധമാക്കിയതോടെ പുറത്തിറങ്ങുമ്പോള്‍ ആരും തിരിച്ചറിയുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ മാസ്‌ക് ആശ്വാസമായി തോന്നാറുണ്ട്.

എന്നെപ്പോലും ഞെട്ടിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്. കണ്ണുകള്‍ കണ്ട് മാത്രം എന്നെ തിരിച്ചറിഞ്ഞവരുണ്ട്. സത്യത്തില്‍ അദ്ഭുതമായി തോന്നി. ഒരിക്കല്‍ ആക്ടിങ് വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായി മുംബൈയില്‍ പോയിരുന്നു. അവിടെ വച്ച് ഒരു ഹിന്ദിക്കാരന്‍ എന്നോട് പറഞ്ഞു, മായാനദി കണ്ടു അടിപൊളിയായിരുന്നുവെന്ന്. സത്യത്തില്‍ ഞാന്‍ വണ്ടറടിച്ചുപോയി. ഹിന്ദിക്കാരന്‍ എങ്ങനെ മായാനദി കണ്ടു, അതുമല്ല എന്നെ എങ്ങനെ തിരിച്ചറിഞ്ഞു എന്നായിരുന്നു. അപ്പോ ഞാന്‍ ചിന്തിച്ചു ഞാന്‍ സിനിമാ നടിയാണല്ലോ എന്ന്. സന്തോഷം തോന്നിയ നിമിഷമായിരുന്നു’ വെന്നും നടി പറയുന്നു.