# ‘എല്ലാ മക്കളും സ്വാർത്ഥരാണ്, ത്യാഗം ചെയ്യുന്നത് മണ്ടത്തരം’; തുറന്നുപറഞ്ഞ് ഭാഗ്യലക്ഷ്മി

- Link: https://ml.b4blaze.com/lifestyle/all-children-are-selfish-making-sacrifices-is-foolishness-bhagyalakshmi-speaks-her-mind
- Published: 2026-11-11T14:32:47+05:30
- Author: Sana Fathima

മലയാളികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ തുറന്നുപറച്ചിലുകൾ
ശ്രദ്ധ നേടുന്നു. മക്കൾക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളും സന്തോഷങ്ങളും ത്യജിച്ച് ജീവിക്കുന്നവരോടുള്ള
നിലപാടാണ് പുതിയ യൂട്യൂബ് വീഡിയോയിലൂടെ താരം പങ്കുവെച്ചത്. മക്കൾ സ്വാർത്ഥരാണെന്നും
സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് ത്യാഗം ചെയ്യുന്നത് ബുദ്ധിശൂന്യതയാണെന്നുമാണ് ഭാഗ്യലക്ഷ്മിയുടെ
അഭിപ്രായം.
തന്റെ രണ്ട് മക്കളും അവരവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും
അതുപോലെ താനും സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ജീവിക്കുന്നതെന്നും ഭാഗ്യലക്ഷ്മി
പറയുന്നു. മക്കൾക്കൊപ്പം യാത്ര ചെയ്യണമെന്ന് നിർബന്ധമില്ലെന്നും തനിക്ക് പോകണമെന്ന്
തോന്നുന്ന സ്ഥലങ്ങളിലേക്ക് താൻ തനിയെ യാത്ര ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കി.

മക്കളിൽനിന്ന് അകന്ന് ജീവിക്കുന്നതുകൊണ്ട് തന്റെ സ്വാതന്ത്ര്യത്തിന് യാതൊരു കുറവും 
വരുത്തേണ്ടതില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്. യാത്ര പോകുമ്പോൾ മക്കളെ വിവരം അറിയിക്കാറുണ്ടെന്നും
തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും മക്കൾക്ക് അറിയാമെന്നും താരം പറഞ്ഞു. എന്നാൽ സ്വന്തം
സ്വാതന്ത്ര്യവും സന്തോഷവും മക്കൾക്കുവേണ്ടി വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും ഭാഗ്യലക്ഷ്മി
കൂട്ടിച്ചേർത്തു. ത്യാഗം ചെയ്യുന്നത് പിന്നീട് സ്വയം സങ്കടപ്പെടാൻ മാത്രമേ കാരണമാകൂവെന്നും
ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. ഭർത്താവിന്റെ പേരിൽ വീട് എഴുതിവെച്ചതിനെക്കുറിച്ച് 
മകൻ പറഞ്ഞ കാര്യവും താരം വീഡിയോയിൽ പങ്കുവെച്ചു. അത് വലിയൊരു ക്രെഡിറ്റായി പറയേണ്ട 
കാര്യമല്ലെന്നും അമ്മയുടെ മണ്ടത്തരമായിരുന്നുവെന്നുമാണ് മകൻ പറഞ്ഞതെന്ന് ഭാഗ്യലക്ഷ്മി
വെളിപ്പെടുത്തി.

മരണശേഷം കുടുംബത്തിന് വലിയ തുക ലഭിക്കുന്ന തരത്തിലുള്ള ലൈഫ് ഇൻഷുറൻസിനോടും തനിക്ക് 
താൽപര്യമില്ലെന്ന് താരം പറഞ്ഞു. താൻ ജീവിച്ചിരിക്കുമ്പോൾ ആ പണം സ്വന്തം സന്തോഷത്തിനായി
ഉപയോഗിക്കാനാണ് ആഗ്രഹമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അതേസമയം, മെഡിക്കൽ ഇൻഷുറൻസിനും
ദൈനംദിന ചെലവുകൾക്കുമായി പണം മാറ്റിവെക്കാറുണ്ടെന്നും വസ്ത്രങ്ങൾക്കും യാത്രകൾക്കുമായി
പ്രത്യേകമായി തുക നീക്കിവെക്കാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. മക്കൾക്കുവേണ്ടി സ്വന്തം
ജീവിതം പൂർണമായും മാറ്റിവെക്കാതെ വ്യക്തിസ്വാതന്ത്ര്യത്തിനും സന്തോഷത്തിനും പ്രാധാന്യം
നൽകണമെന്ന ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
