നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ലിപ്സ്റ്റിക് ചെടി ഇതാ ഇവിടെയുണ്ട്!

ശാസ്ത്ര ലോകത്ത് ശ്രദ്ധേയമായിരിക്കുന്നത് നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ലിപ്സ്റ്റിക് ചെടിയെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ് എന്ന കൗതുകവാര്‍ത്തയാണ്. നമ്മുടെ അരുണാചല്‍ പ്രദേശിലാണ് അപൂര്‍വമായ ലിപ്സ്റ്റിക് ചെടിയെ വീണ്ടും കാണാന്‍ കഴിഞ്ഞത്. ബൊട്ടാണിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

അരുണാചല്‍ പ്രദേശിലെ ഹ്യൂലിയാങ്ങില്‍ നിന്നും ചിപ്രുവില്‍ നിന്നും 2021 ഡിസംബറില്‍ ശേഖരിച്ച സാമ്പിളില്‍ നിന്നാണ് ലിപ്സ്റ്റിക് ചെടികളെ തിരിച്ചറിഞ്ഞത്. എസ്‌കിയാന്തസ് ജനുസില്‍പെടുന്ന ട്യുബുലര്‍ റെഡ് ഇതളുകളുള്ള സസ്യ വര്‍ഗങ്ങളെയാണ് ലിപ്സ്റ്റിക് സസ്യങ്ങളെന്ന് പറയുന്നതെന്ന് ബി.എസ്.ഐ ശാസ്ത്രജ്ഞന്‍ കൃഷ്ണ ചൗലു പറഞ്ഞു.

1912ല്‍ ബ്രിട്ടീഷ് സസ്യ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ട്രോയിറ്റി ഡണ്‍, മറ്റൊരു സസ്യശാസ്ത്രജ്ഞനായ ഇസാക് ഹെന്റി ബര്‍ക്കില്‍ അരുണാചല്‍ പ്രദേശില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളെകുറിച്ച് പഠിക്കവെയാണ് ആദ്യമായി ലിപ്സ്റ്റിക് സസ്യങ്ങളെ തിരിച്ചറിയുന്നത്. പിന്നീട് ഇവയെ കുറിച്ച് വിവരമുണ്ടായിരുന്നില്ല. ബര്‍ക്കില്‍ ലിപ്സ്റ്റിക് സസ്യങ്ങളെ കണ്ടത്തിയതിനുശേഷം ഇതാദ്യമായാണ് ഈ സസ്യവര്‍ഗങ്ങളെ വീണ്ടും ഇന്ത്യയില്‍ കണ്ടെത്തുന്നത്.

വംശനാശഭീഷണി നേരിടുന്ന ഈ സസ്യങ്ങള്‍ ഈര്‍പ്പമുള്ളതും നിത്യഹരിത വനങ്ങളിലുമാണ് കാണപ്പെടുന്നത്. ഒക്ടോബര്‍-ജനുവരി മാസങ്ങളില്‍ ഇവ പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. നേരത്തെയും നിരവധി അപൂര്‍വയിനം സസ്യങ്ങളെ അരുണാചലില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വര്‍ധിച്ചു വരുന്ന വനനശീകരണവും നിര്‍മാണപ്രവര്‍ത്തനങ്ങളും ജൈവവൈവിധ്യത്തെ തകര്‍ക്കുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Anu B