‘മാമ്പഴക്കള്ളന്‍ പൊലീസ് ഓണ്‍ സ്റ്റേജ്’!!! കൈയ്യടി നേടി എല്‍കെജി വിദ്യാര്‍ഥി

മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ അനുകരിച്ച് കൈയ്യടി നേടി എല്‍കെജി വിദ്യാര്‍ഥി. നിബ്രാസ് റഹ്‌മാന്‍ എന്ന എല്‍ കെ ജി വിദ്യാര്‍ഥിയാണ് കള്ളന്‍ പൊലീസുകാരനെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ അവതരിപ്പിച്ച് വൈറലായത്. ആഴ്ചകള്‍ക്ക് മുമ്പാണ് പച്ചക്കറി…

മാമ്പഴം മോഷ്ടിച്ച പൊലീസുകാരനെ അനുകരിച്ച് കൈയ്യടി നേടി എല്‍കെജി വിദ്യാര്‍ഥി. നിബ്രാസ് റഹ്‌മാന്‍ എന്ന എല്‍ കെ ജി വിദ്യാര്‍ഥിയാണ് കള്ളന്‍ പൊലീസുകാരനെ ഫാന്‍സി ഡ്രസ് മത്സരത്തില്‍ അവതരിപ്പിച്ച് വൈറലായത്. ആഴ്ചകള്‍ക്ക് മുമ്പാണ് പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നു മാങ്ങ മോഷ്ടിക്കുന്ന പൊലീസുകാരന്റെ വീഡിയോ പുറത്തുവന്നത്. ഈ വാര്‍ത്ത വന്നതിന് പിന്നാലെയാണ് നിബ്രാസിന്റെ പ്രകടനവും കൈയ്യടി നേടുന്നത്.

ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് നിബ്രാസ്.
പൊലീസ് വേഷത്തില്‍ സ്റ്റേജിലെത്തിയ കുട്ടി വൈറലായ ദൃശ്യത്തിലെ പൊലീസുകാരനെ പോലെ കുട്ടയിലെ മാമ്പഴം എടുത്തുകൊണ്ടുപോകുകയായിരുന്നു. ഈ കൊച്ചുമിടുക്കന്റെ പ്രകടനം സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.

കാഞ്ഞിരപ്പള്ളി ടൗണിലെ പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനത്തിന്റെ മുന്നില്‍നിന്ന് സിപിഒ പി.വി.ഷിഹാബ് ആണ് മാങ്ങ മോഷ്ടിച്ചത്. മോഷണം നടത്തിയതിന്റെ പേരില്‍ പി.വി.ഷിഹാബ് സസ്‌പെന്‍ഷനിലാണ്. കോട്ടയം മെഡിക്കല്‍ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഷിഹാബ് മാങ്ങ മോഷ്ടിച്ചത്.

മുണ്ടക്കയം വണ്ടംപതാല്‍ സ്വദേശിയാണ് സിപിഒ ശിഹാബ്. ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിലുള്ള കടയുടെ മുന്നില്‍ മാമ്പഴം പെട്ടികളിലാക്കി വെച്ചിരുന്നത് കാണുന്നത്.

സ്‌കൂട്ടര്‍ സമീപത്ത് നിര്‍ത്തി ചുറ്റും കണ്ണോടിച്ച ശേഷം പെട്ടികളില്‍ നിന്ന് മാമ്പഴം എടുക്കുകയായിരുന്നു. പത്ത് കിലോയോളം മാമ്പഴം ശിഹാബ് സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റുന്നത് ക്യാമറയില്‍ പതിഞ്ഞു. ഹെല്‍മറ്റും ഓവര്‍ക്കോട്ടും ധരിച്ചതിനാല്‍ സിസിടിവി ദൃശ്യത്തില്‍ ആളെ വ്യക്തമായിരുന്നില്ല. എന്നാല്‍ വണ്ടി നമ്പറാണ് പൊലീസുകാരനെ കുടുക്കിയത്.