രാജഭരണത്തിന് സമാനമായിട്ടുള്ള രീതിയിലാണ് നമ്മുടെ നാടും നീങ്ങുന്നത്, അതുകൊണ്ടുതന്നെ മഹാവീര്യറിലെ രാജാവിന് ഇക്കാലത്തും പ്രസക്തിയുണ്ട്: എം. മുകുന്ദന്‍

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയാണ് മഹാവീര്യര്‍. കഴിഞ്ഞ ജൂലൈ 21നാണ് ചിത്രം റിലീസ് ചെയ്തത്. ടൈം ട്രാവലറും ഫാന്റസിയുമൊക്കെ മുഖ്യ പ്രമേയമായ ചിത്രം പുത്തന്‍കാഴ്ചാനുഭവം ആയിരുന്നു പ്രേക്ഷകര്‍ക്ക്…

നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയാണ് മഹാവീര്യര്‍. കഴിഞ്ഞ ജൂലൈ 21നാണ് ചിത്രം റിലീസ് ചെയ്തത്. ടൈം ട്രാവലറും ഫാന്റസിയുമൊക്കെ മുഖ്യ പ്രമേയമായ ചിത്രം പുത്തന്‍കാഴ്ചാനുഭവം ആയിരുന്നു പ്രേക്ഷകര്‍ക്ക് നല്‍കിയത്. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയതും എബ്രിഡ് ഷൈന്‍ തന്നെയാണ്. ഇപ്പോഴിതാ മഹാവീര്യറിനെക്കുറിക്കും സമകാലിക സാഹചര്യത്തില്‍ ഈ സിനിമക്കുള്ള പ്രസക്തിയെക്കുറിച്ചും തുറന്നു പറയുകയാണ് കഥാകാരനായ എം. മുകുന്ദന്‍.

മഹാവീര്യര്‍ എന്ന കഥയ്ക്കും അതിലെ രാജാവിനും ഇന്നും പ്രസക്തിയുണ്ടെന്നും സിനിമ കണ്ടപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നിയെന്നും എം. മുകുന്ദന്‍ പറഞ്ഞു. താന്‍ എഴുതിയ ഒരു കഥയില്‍ നിന്ന് ഇങ്ങനെയൊരു ദൃശ്യരൂപം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ചില കഥകള്‍ക്ക് എന്നും പ്രസക്തിയുണ്ട്. മഹാവീര്യര്‍ എന്ന കഥാനായകന്‍ അഥവാ രാജാവ് എന്നതിന് ഇന്നും പ്രസക്തിയുണ്ട്. രാജാവിന്റെ സ്വഭാവം, പെരുമാറ്റം, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവയൊക്കെ ഏതുകാലത്തും ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്. കാരണം രാജഭരണത്തിന് സമാനമായിട്ടുള്ള രീതിയിലേക്കാണ് നമ്മുടെ നാടും നീങ്ങുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ഒരു രാജാവിന് ഇക്കാലത്തും പ്രസക്തിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. രാജാവിന്റെ ഫാന്റസിയാണ് കഥയില്‍ ഞാന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളത്,’ മുകുന്ദന്‍ പറഞ്ഞു.

സിനിമ കണ്ടപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നിയെന്നും താന്‍ എഴുതിയ ഒരു കഥയില്‍നിന്ന് ഇങ്ങനെയൊരു ദൃശ്യരൂപം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ദൃശ്യഭംഗി നിറഞ്ഞൊരു സിനിമയാണ്. വാക്കുകള്‍ക്കതീതമായ ദൃശ്യഭംഗിയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. മഹാരാജാവ്, നീതി, കോടതിവ്യവഹാരം ഇതൊക്കെ ഈ ചിത്രത്തിലെ പ്രധാനഘടകങ്ങളാണ്. രണ്ട് കാലഘട്ടം സിനിമയില്‍ ചിത്രീകരിക്കുന്നുണ്ട്. രാജാവിന്റെ കാലവും ജനാധിപത്യകാലവും. ഇതൊക്കെ എബ്രിഡിന് സിനിമയില്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുമോയെന്ന് ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സംവിധായകന്‍ എന്ന നിലയില്‍ എബ്രിഡ് ഷൈനില്‍ വിശ്വാസമുണ്ടായിരുന്നെന്നും സിനിമയെ സീരിയസായി നോക്കിക്കാണുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഇടവേളയെടുത്ത് ചിത്രം എടുക്കുന്നയാളാണ് അദ്ദേഹമെന്നും അദ്ദേഹം പറഞ്ഞു. എബ്രിഡിന്റെ കാഴ്ചപ്പാടും കമ്മിറ്റ്മെന്റും തനിക്ക് ബോധ്യപ്പെട്ടുവെന്നും അങ്ങനെയാണ് ഈ സിനിമയോട് പൂര്‍ണമായും സഹകരിച്ചതെന്നും മഹാവീര്യര്‍ കണ്ടപ്പോള്‍ നേരത്തേ ഈ രംഗത്തേക്ക് ഇറങ്ങേണ്ടിയിരിന്നുവെന്ന് തോന്നിയെന്നും പറഞ്ഞ എം. മുകുന്ദന്‍ 79 വയസില്‍ സിനിമയിലേക്കെത്തിയ നവാഗതനാണ് താനെന്നും കൂട്ടിച്ചേര്‍ത്തു.