വിവാഹത്തിന്റെ കാര്യത്തിൽ അച്ഛനോട് ശരി എന്ന് പറയാൻ തോന്നിയത് സത്യൻസാറിന്റെ അഭിപ്രായം കേട്ടശേഷമാണ്

മലയാള സിനിമയുടെ നിത്യ വസന്തങ്ങളിൽ ഒന്നായിരുന്നു നടൻ സത്യൻ. നിരവധി സിനിമകളിൽ ആണ് കുറഞ്ഞ കാലയളവ് കൊണ്ട് താരം അഭിനയിച്ച് കഴിഞ്ഞത്. അഭിനയിച്ച ചിത്രങ്ങളിൽ പലതിലൂടെയും അദ്ദേഹത്തിന് പുരസ്‌ക്കാരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയ്ക്ക്…

മലയാള സിനിമയുടെ നിത്യ വസന്തങ്ങളിൽ ഒന്നായിരുന്നു നടൻ സത്യൻ. നിരവധി സിനിമകളിൽ ആണ് കുറഞ്ഞ കാലയളവ് കൊണ്ട് താരം അഭിനയിച്ച് കഴിഞ്ഞത്. അഭിനയിച്ച ചിത്രങ്ങളിൽ പലതിലൂടെയും അദ്ദേഹത്തിന് പുരസ്‌ക്കാരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയ്ക്ക് കുറഞ്ഞ കാലയളവിനുള്ളിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ചിട്ടാണ് സത്യൻ എന്ന പ്രതിഭ ഈ ലോകത്തിൽ നിന്നും മണ്മറഞ്ഞു പോയത്. 1971 , ജൂൺ 15 ന് അന്ന് അദ്ദേഹം രക്താര്ബുദത്തെ തുടർന്ന് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞത്. കഴിഞ്ഞ ദിവസം ആയിരുന്നു സത്യന്റെ ഓർമ്മ ദിവസം. ഈ ദിവസത്തിൽ നടൻ മധു സത്യനെ കുറിച്ച് എഴുതിയ ഒരു കുറിപ്പാണു പ്രേക്ഷക ശ്രദ്ധ നേടിയത്. മധുവിന്റെ കുറിപ്പ് ഇങ്ങനെ,

ജീവിതത്തിലും സിനിമയിലും എന്തിനെയും ജയിച്ച് ശീലമുള്ള വളരെ കുറച്ച് മുഖങ്ങളേ എന്റെ ഓർമയിലുള്ളൂ. ഒരുപക്ഷേ, മരണത്തെപ്പോലും! അങ്ങനെയൊരനുഭവമാണ് സത്യനേശൻ നാടാർ എന്ന സത്യൻ. ഓർമപ്പെരുക്കങ്ങളിൽ അൻപതുവർഷങ്ങൾ കടന്നുപോകുന്നു എന്ന് പറയുമ്പോൾ പെട്ടെന്നങ്ങ് ഉൾക്കൊള്ളാനാവുന്നില്ല. പുലരാതെ പുലരുന്ന എന്റെ രാത്രികളിലിപ്പോഴും സത്യൻമാസ്റ്റർ നിറഞ്ഞുനിൽപ്പുണ്ട്. ഏതെങ്കിലും ടി.വി. ചാനലുകളിൽ ആ മുഖം മിന്നിമറയാത്ത ദിനങ്ങളില്ല. അന്നേരം, കറുപ്പിലും വെളുപ്പിലുമായുള്ള ഓർമകൾ കൂട്ടത്തോടെ വന്ന് പൊതിയും. വെള്ളിവെളിച്ചങ്ങളിലേക്ക് സത്യൻമാഷും ഞാനുമൊക്കെ എത്തിപ്പെടുംമുൻപ് സത്യനേശൻ നാടാർ എന്ന മനുഷ്യനെ ആദ്യമായി കണ്ട ഓർമ. അതിപ്പോഴും എന്നിൽ കൗതുകം പടർത്തുന്നു.

തല ചരിച്ചുവെച്ച് സൈക്കിൾ ചവിട്ടി വരുന്ന ഒരു വാധ്യാരുടെ രൂപമാണ് സത്യൻമാഷിനെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്നത്. ഞാൻ സെയിന്റ് ജോസഫ് സ്കൂളിൽ പഠിക്കുന്നകാലത്താണ് ആ കാഴ്ച കണ്ടിരുന്നത്. പിന്നീട് ഒരു ചെറിയ കാറിൽ വേഗത്തിൽ കടന്നുപോകുന്ന സത്യൻമാഷിന്റെ ചിത്രവും ഓർമയുണ്ട്. വർഷങ്ങൾ ഏറെക്കഴിഞ്ഞിട്ടും ഈ രണ്ട് കാഴ്ചകളും മറ്റെല്ലാ ഓർമകൾക്കും മേൽ കൂടുതൽ തെളിമയോടെ നിൽക്കുന്നുണ്ട്.

സത്യൻസാറും പ്രേംനസീറും സിനിമയിലെത്തി പത്തുവർഷം പിന്നിട്ടശേഷമാണ് എന്റെ സിനിമാപ്രവേശം. അന്ന് മദിരാശിയിലെ സ്വാമീസ് ലോഡ്ജ് സിനിമാപ്രവർത്തകരുടെ സ്ഥിരം താവളമാണ്. മിക്ക ആർട്ടിസ്റ്റുകളും അവിടെയാണ് താമസിച്ചിരുന്നത്. സത്യൻമാഷിന് അവിടെ ഒരു സ്ഥിരം മുറിയുണ്ട്. മറ്റാർക്കും ആ മുറി കൊടുത്തിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞെത്തുന്ന പല രാത്രികളിലും ഞാനും സാറും കുറച്ചുനേരം റമ്മി കളിക്കാറുണ്ട്. തോൽക്കുന്നത് മിക്കപ്പോഴും ഞാനായിരിക്കും. ജയം സാറിനെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ഒരിക്കലും തോറ്റുകൊടുക്കാൻ സാറ് തയ്യാറായിരുന്നില്ല. എന്തിനെയും തോൽപ്പിക്കാനായിരുന്നു ഏറെ ഇഷ്ടം, മാരകമായ രോഗത്തെപ്പോലും. പലവട്ടം രോഗത്തെ കീഴ്പ്പെടുത്തി ക്യാമറയ്ക്ക് മുന്നിലെത്തിയതുകൊണ്ടാണ് മാഷിന്റെ പല വേഷങ്ങളും കാണാനായത്.

ഞങ്ങൾ ഒരുമിച്ചഭിനയിച്ച ആദ്യചിത്രം ‘മൂടുപട’മാണ്. കോമ്പിനേഷൻ സീനുകൾ ആ സിനിമയിൽ കുറവായിരുന്നു. പിന്നീട് എത്രയോ സിനിമകളിൽ ഞങ്ങൾ ഒരുമിച്ചു. അദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോൾ കിട്ടുന്ന ഊർജം എന്റെ കഥാപാത്രങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരുതരം കൊടുക്കൽവാങ്ങൽ രീതിയാണ് സത്യൻമാഷിനൊപ്പമുള്ള അഭിനയം. ഒപ്പമഭിനയിക്കുന്ന ആർട്ടിസ്റ്റ് നന്നായി പെർഫോംചെയ്തില്ലെങ്കിൽ നമ്മുടെ പെർഫോർമൻസിന്റെ അമ്പതുശതമാനം നഷ്ടമാകും. സത്യൻമാഷിനൊപ്പം അഭിനയിക്കുമ്പോൾ അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടിവന്നിട്ടില്ല. അദ്ദേഹത്തിന്റെ സാന്നിധ്യംതന്നെ ഏറെ കരുത്ത് പകരുന്നതായിരുന്നു. നമ്മുടെ പെർഫോമൻസ് മോശമായാൽപ്പോലും സത്യൻമാഷിന്റെ അഭിനയത്തിന് പ്രശ്നങ്ങളുണ്ടാകാറില്ല.

സത്യൻമാഷിനൊപ്പം പ്രവർത്തിച്ച സിനിമകൾ ഏറെ അനുഭവപാഠങ്ങൾ പകർന്നുതന്നിട്ടുണ്ട്. വികാരപരമായ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഡയലോഗ് പറഞ്ഞത് ശരിയായില്ലെങ്കിൽ, ”ആ ഡയലോഗ് കുറച്ചുകൂടി ഇമോഷണലായി പറഞ്ഞുകൂടെ” എന്നെല്ലാം പറഞ്ഞ് സത്യൻമാഷ് എന്റെ അഭിനയം മെച്ചപ്പെടുത്താൻ സഹായിച്ചിരുന്നു. എന്നെക്കാൾ ഇരുപതുവയസ്സ് കൂടുതലുണ്ടായിരുന്ന അദ്ദേഹത്തെ ഗുരുസ്ഥാനത്താണ് ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്.

എന്റെ വിവാഹത്തിനുവരെ ഒരു കാരണക്കാരൻ സത്യൻസാറായിരുന്നെന്ന് പറയുന്നതിലും തെറ്റില്ല. അച്ഛൻ സ്വാമീസ് ലോഡ്ജിലേക്ക് വിളിച്ച് എന്നോട് കല്യാണക്കാര്യം ആലോചിക്കാൻ പറഞ്ഞപ്പോൾ ഞാൻ ആദ്യം സത്യൻസാറിനോടാണ് വിവരം സൂചിപ്പിച്ചത്. സാർ അത് വളരെ ഗൗരവമായിട്ടുതന്നെ എടുത്തു. എന്റെ ഭാര്യയുടെ കുടുംബത്തെയും അദ്ദേഹത്തിനറിയാമായിരുന്നു. വിവാഹത്തിന്റെ കാര്യത്തിൽ അച്ഛനോട് ‘ശരി’ എന്ന് പറയാൻ തോന്നിയത് സത്യൻസാറിന്റെ അഭിപ്രായം കേട്ടശേഷമാണ്.