കമല്‍ഹാസനാണ് എനിക്ക് ആ സിനിമ ചെയ്യാന്‍ ധൈര്യം തന്നത്; മഹേഷ് നാരായണന്‍

ഫഹദ് ഫാസില്‍ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്‍ തിരക്കഥ എഴുതി ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ…

ഫഹദ് ഫാസില്‍ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്‍ തിരക്കഥ എഴുതി ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തില്‍ കമല്‍ഹാസനെക്കുറിച്ച് മഹേഷ് നാരായണന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഒരുപാട് കാര്യങ്ങള്‍ വര്‍ഷങ്ങളായി കമല്‍ഹാസനില്‍ നിന്ന് പഠിക്കാന്‍ സാധിച്ചു എന്നും സിനിമയില്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം പലപ്പോഴും ഉപദേശം തന്നിട്ടുണ്ടെന്നുമായിരുന്നു മഹേഷ് നാരായണന്‍ പറഞ്ഞത്.ടേക്ക് ഓഫ് ഷൂട്ട് ചെയ്യാന്‍ തനിക്ക് ധൈര്യം നല്‍കിയത് കമല്‍ഹാസന്‍ ആണെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. ‘കമല്‍സാറില്‍ നിന്നും എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ടാകും. സത്യത്തില്‍ ടേക്ക് ഓഫ് ചെയാന്‍ എനിക്ക് ധൈര്യം തന്നത് കമല്‍ സാറാണ്. കാരണം ടേക്ക് ഓഫ് ഷൂട്ട് ചെയ്യാന്‍ ഇറാഖില്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പോകുന്നത് ആവശ്യമായിരുന്നു. ബഡ്ജറ്റ് വെച്ച് അത് സാധിക്കില്ലായിരുന്നു. കമല്‍ സാറാണ് പറഞ്ഞത് വിശ്വരൂപത്തിന് വേണ്ടി അഫ്ഗാനിസ്ഥാന്‍ ചെന്നൈയില്‍ അല്ലെ ഉണ്ടാക്കിയത്. അതുപോലെ നിങ്ങള്‍ക്ക് കൊച്ചിയില്‍ ഇറാഖ് ഉണ്ടാക്കാന്‍ സാധിക്കുമെന്ന്’, മഹേഷ് നാരായണന്‍ വ്യക്തമാക്കി.

അതുപോലെ തന്നെ കമല്‍ഹാസന്‍ ധൈര്യം പകര്‍ന്ന മറ്റൊരു അനുഭവവും അദ്ദേഹം തുറന്നു പറഞ്ഞു. മാലിക്ക് ഷൂട്ടിങ് നടക്കുമ്പോള്‍ കടലില്‍ ക്യാമറ സെറ്റ് ചെയ്യാന്‍ തനിക്ക് കഴിയുന്നില്ല ബുദ്ധിമുട്ട് ഉണ്ടെന്ന് കമല്‍ ഹാസനോട് പറഞ്ഞിരുന്നെന്നും കുറച്ച് നേരം കഴിഞ്ഞ് അദ്ദേഹം തിരിച്ച് വിളിച്ച് കായലില്‍ വെച്ച് ഷൂട്ട് ചെയ്യാമല്ലോ കൊച്ചിയില്‍ അല്ലെ എന്നാണ് ചോദിച്ചതെന്നും അപ്പോഴാണ് ശരിക്കും അത് താന്‍ പോലും ചിന്തിക്കുന്നത് എന്നും മഹേഷ് നാരായണന്‍ പറഞ്ഞു. ഇന്ത്യന്‍ 2വിന് ശേഷമാകും കമല്‍ഹാസനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരംഭിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവാഗതനായ സജി മോനാണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്തിരിക്കുന്നത്. ഫാസിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങിയത്. ഉള്‍പൊട്ടലാണ് ചിത്രത്തിന്റെ പ്രമേയം. അതിനെ തുടര്‍ന്ന് നടക്കുന്ന അതിജീവനമാണ് സിനിമ പങ്കുവെക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തിയത്.