പുരുഷന്‍ ഭാര്യയുടെ ലൈംഗികതയുടെ ഉടമസ്ഥനല്ല; ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി മൈത്രേയന്‍

ഒരു പുരുഷന്‍ വിവാഹിതയായ സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമെന്നത് സുപ്രീംകോടതിയുടെ ചരിത്ര വിധിയായിരുന്നു. ഇപ്പോഴിതാ വിധിയുടെ…

ഒരു പുരുഷന്‍ വിവാഹിതയായ സ്ത്രീയുമായി അവരുടെ ഭര്‍ത്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് ഭരണഘടനാവിരുദ്ധമെന്നത് സുപ്രീംകോടതിയുടെ ചരിത്ര വിധിയായിരുന്നു. ഇപ്പോഴിതാ വിധിയുടെ പത്രവാര്‍ത്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ മൈത്രേയന്‍. നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായെത്തിയത്.

‘ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. വിവാഹിതരു തമ്മിലുള്ള പ്രതിബദ്ധതയെന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണെന്നാണ് ഒരാളുടെ കമന്റ്. ‘ഭര്‍ത്താവിന്റെ കാര്യവും അങ്ങനെ തന്നെയല്ലേ? എന്നാണ് മറ്റൊരാളുടെ കമന്റ്. സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്ത് അല്ലെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 വകുപ്പ് ഏകപക്ഷീയവും, സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്നതും ആയതിന്നാല്‍ റദ്ദാക്കുന്നുവെന്നുമായിരുന്നു വിധി. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് വ്യക്തമാക്കിയ കോടതി അതുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടി ചട്ടം 198 ലെ ചില വ്യവസ്ഥകളും റദ്ദാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റീസ് റോഹിങ്ടന്‍ നരിമാന്‍, ജസ്റ്റീസ് എ എന്‍ ഖാന്‍വില്‍ക്കര്‍, ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് വിധി. സ്ത്രീക്ക് തുല്യത ഇല്ലാത്ത ഒരു നിയമവും ഭരണഘടനപരം അല്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കി.

വിവാഹം കഴിയുന്നതോടെ പുരുഷനും സ്ത്രീക്കും ലൈംഗികത സംബന്ധിച്ച് സ്വയം തീരുമാനം എടുക്കാനുള്ള അധികാരം സംബന്ധിച്ച കേസിലാണ് വിധി. 157 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്ത് മലയാളി ആയ ജോസഫ് ഷൈന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധിവന്നത്. സ്ത്രീക്ക് തുല്യത ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14ാം അനുഛേദത്തിന്റെ ലംഘനമാണിതെന്നും കോടതി വ്യക്തമാക്കി. വിവാഹേതര ബന്ധത്തിന് കാരണം സന്തോഷം ഇല്ലാത്ത ദാമ്പത്യം അല്ല . എന്നാല്‍ സന്തോഷം ഇല്ലാത്ത ദാമ്പത്യം കാരണം വിവാഹേതര ബന്ധം ഉണ്ടാകാമെന്നും കോടതി പറഞ്ഞു.

ഒരു പുരുഷന്‍ വിവാഹിത ആയ സ്ത്രീയും ആയി അവരുടെ ഭര്‍ത്താവിന്റെ സമ്മതമോ അറിവോ ഇല്ലാതെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497ാം വകുപ്പ്. . പുരുഷന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെങ്കിലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീക്ക് എതിരെ കേസ് എടുക്കാന്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ല്‍ വ്യവസ്ഥ ഇല്ല. കുറ്റകാരന്‍ ആണെന്ന് തെളിഞ്ഞാല്‍ പുരുഷന് അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ടായിരുന്നു

വിവാഹേതരബന്ധം വിവാഹമോചന കേസ്സുകളില്‍ ഒരു സിവില്‍ തര്‍ക്കം ആയി ഉന്നയിക്കാം. എന്നാല്‍ ഇത് ഒരു ക്രിമിനല്‍ കുറ്റം അല്ല.ചൈന, ജപ്പാന്‍ തുടങ്ങിയ പല രാജ്യങ്ങളിലും വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റം അല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്ത്രീകളുടെ സ്വയം നിര്‍ണ്ണയ അധികാരവും അന്തസ്സായി ജീവിക്കാനുള്ള അവകാശവും ഹനിക്കുന്നത് ആണ് 497ാം വകുപ്പെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. സ്ത്രീയെ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്ത് ആയി മാറ്റുക ആണ് ഈ നിയമം. വിവാഹം ആരുടെയും സ്വയം നിര്‍ണ്ണയ അധികാരം കവര്‍ന്ന് എടുക്കുന്നതാകരുതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധി ന്യായത്തില്‍ പറഞ്ഞു.

ആരെ പ്രോസിക്ക്യുട്ട് ചെയ്യാം, ആരെ പ്രോസിക്യുട്ട് ചെയ്തു കൂടാ എന്ന രണ്ട്തരം വ്യവസ്ഥയാണ് 497 വകുപ്പ് ഉണ്ടാക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിധിന്യായത്തില്‍ പറയുകയുണ്ടായി.