‘മുപ്പതു വര്‍ഷത്തെ ജയില്‍ വാസം എന്നത് തന്നെ ഏറെക്കുറെ മരിച്ചതിനു തുല്യം തന്നെയാണ്’ മേജര്‍ രവി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി. പേരറിവാളനെ മോചിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി മേജര്‍ രവി. ‘കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കോവിഡ് മൂലം ജയില്‍ ജീവിതം അനുഭവിച്ചവരാണ് നമ്മള്‍. രണ്ടു മൂന്നു ദിവസം പോലും ആരെയും…

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി. പേരറിവാളനെ മോചിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി മേജര്‍ രവി. ‘കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കോവിഡ് മൂലം ജയില്‍ ജീവിതം അനുഭവിച്ചവരാണ് നമ്മള്‍. രണ്ടു മൂന്നു ദിവസം പോലും ആരെയും കാണാന്‍ പറ്റാതെ ഒരു മുറിയില്‍ അടച്ചുപൂട്ടി ഇരിക്കേണ്ട അവസ്ഥ വന്നപ്പോള്‍ ഒരാളുടെ സ്വാതന്ത്ര്യത്തിനു എത്രമാത്രം വിലയുണ്ടെന്ന് നമ്മളെല്ലാം തിരിച്ചറിഞ്ഞതാണ്. മുപ്പത് വര്‍ഷത്തിലധികം ജയില്‍ ജീവിതം അനുഭവിച്ച പേരറിവാളന്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു എന്നാണു തന്റെ അഭിപ്രായമെന്നും മേജര്‍ രവി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘പേരറിവാളന്‍ തെറ്റ് ചെയ്തില്ല എന്ന ന്യായങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്തിനാണെന്ന് അറിയാതെ ആണ് ബോംബ് ഉണ്ടാക്കുനുള്ള ബാറ്ററി കൊണ്ടുകൊടുത്തത് എന്നാണ് വക്കീലിന്റെ വാദം. മാനസിക അവസ്ഥ തെറ്റി നില്‍ക്കുന്ന ഒരാളിന്റെ കയ്യില്‍ സയനൈഡ് കൊണ്ടുകൊടുത്തിട്ട് അയാള്‍ അത് കഴിച്ചു മരിക്കുമ്പോള്‍ ഞാന്‍ അറിയാതെയാണ് കൊടുത്ത് അയാള്‍ അത് കഴിച്ചത് എന്തിനാ എന്ന് ചോദിക്കുന്നതുപോലെ ആണ് ഇത്. അറിഞ്ഞില്ല എന്ന് പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഇവരൊക്കെ എല്‍ടിടിഇയുടെ വലിയ പോരാളികള്‍ ആയിരുന്നു. പതിനാറു പതിനേഴ് വയസ്സുകഴിഞ്ഞാല്‍ ഇവരൊക്കെ ഭീകരമായ മനസ്സുള്ള ഓപ്പറേറ്റേഴ്സ് ആണ്. അത്രയും ഡെഡിക്കേറ്റഡ് ആയുള്ള ആളുകള്‍ ആയിട്ടാണ് ഇവര്‍ ട്രെയിനിങ് പൂര്‍ത്തിയാക്കുന്നത്. പത്തൊന്‍പത് വയസ്സ് ആയ പ്രായപൂര്‍ത്തിയായ ഇയാള്‍ എന്തിനാണ് ബാറ്ററി കൊടുക്കുന്നതു എന്നു അറിഞ്ഞില്ല എന്ന് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. അത് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും മേജര്‍ രവി പറഞ്ഞു.

അതേസമയം പേരറിവാളനെ മോചിപ്പിച്ചതില്‍ വേദനയും നിരാശയുമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. നിസ്സാരവും വിലകുറഞ്ഞതുമായ രാഷ്ട്രീയത്തിനു വേണ്ടി, ഒരു മുന്‍പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിക്കാനുള്ള സാഹചര്യം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തിന് ദുഃഖം നിറഞ്ഞ ദിവസമാണ് ഇന്ന്. പേരറിവാളനെ മോചിപ്പിച്ച നടപടിയില്‍ ദുഃഖവും അമര്‍ഷവുമുള്ളത് കോണ്‍ഗ്രസുകാര്‍ക്കും മാത്രമല്ല, ഭാരതത്തിലും ഭാരതീയതയിലും വിശ്വസിക്കുന്ന ഓരോ പൗരന്മാര്‍ക്കും അതുണ്ടെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു.