സ്റ്റൈലിഷ് ലുക്കില്‍ മാളവിക- ചിത്രമെടുത്തത് സാക്ഷാല്‍ ചിയാന്‍ വിക്രം

ദുല്‍ഖര്‍ സല്‍മാന്റെ ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേയ്ക്ക് കാലെടുത്തുവച്ച താരമാണ് മാളവിക മോഹനന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ കെ യു മോഹനന്റെ മകള്‍ കൂടിയായ താരം മലയാളത്തില്‍ അധികം ചിത്രങ്ങള്‍ ചെയ്തിട്ടില്ല. ആദ്യ ചിത്രത്തിനു ശേഷം ‘നിര്‍ണായകം’, ‘ഗ്രേറ്റ് ഫാദര്‍’ എന്നിവയാണ് മലയാളത്തില്‍ അഭിനയിച്ച ചിത്രങ്ങള്‍. ഇപ്പോഴിതാ ക്രിസ്റ്റി എന്ന ചിത്രത്തിലൂടെ താരം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രജനികാന്ത് ചിത്രം ‘പേട്ട’യിലൂടെയാണ് മാളവിക തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ‘മാസ്റ്റര്‍’, ‘മാരന്‍’ എന്നീ ചിത്രങ്ങളിലും മാളവിക വേഷമിട്ടു.

Malavika Mohan (3)

സോഷ്യല്‍ മീഡിയയില്‍ സജീവമയാ താരം തന്റെ പുതിയ ചിത്രങ്ങള്‍ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. വിക്രമിന്റെ ‘തങ്കലാന്റെ’ ഷൂട്ടിംഗ് ഇടവേളയിലെടുത്ത ഫോട്ടോയാണ് മാളവിക പങ്കുവെച്ചത്. ചിയാന്‍ വിക്രം ആണ് തന്റെ ഫോട്ടോ എടുത്തതെന്നും മാളവിക സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നു. സണ്‍ ഗ്ലാസ് വെച്ച് സ്റ്റൈലിഷ് ലുക്കിലിരിക്കുന്ന താരത്തെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

പാ രഞ്ജിത്താണ് തങ്കലാന്റെ സംവിധായകന്‍. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുന്‍പ് പറഞ്ഞത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനൊപ്പം മലയാളത്തിന്റെ പാര്‍വതിയും ചിത്രത്തില്‍ പ്രധാന സ്ത്രീ വേഷത്തില്‍ എത്തുന്നു. ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രമാണിത്.

Previous articleസൈജു കുറുപ്പ് നായകനാകുന്ന ‘പാപ്പച്ചന്‍ ഒളിവിലാണ്’- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Next articleമികച്ച ഗാനത്തിനുള്ള ഓസ്‌കർ സ്വന്തമാക്കി ‘നാട്ടു നാട്ടു’