അഭ്രപാളിയിലെ വിസ്മയം! 71 ന്റെ നിറവില്‍ മമ്മൂക്ക… ആശംസകള്‍ നേര്‍ന്ന് കേരളക്കര!

ഞാന്‍ ഒരിക്കലും ജന്മനാ കഴിവുള്ള ഒരു നടനായിരുന്നില്ല.. എന്റെ അടങ്ങാത്ത ആഗ്രഹം ആയിരുന്നു സിനിമ.. ഓരോ കഥാപാത്രത്തേയും തേച്ചുമിനുക്കിയാണ് ഞാന്‍ ഒരു നടനായത്.. ഇന്നും സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ ഒരു നല്ല നടന്‍ ആയി അറിയപ്പെടുക എന്നതാണ് എന്റെ ആഗ്രഹം.. തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മമ്മൂക്ക പറഞ്ഞ വാക്കുകളാണ് ഇത്. പക്ഷേ.. നമ്മള്‍ക്ക് ഇന്നും ആ മനുഷ്യന്‍ ഒരു വിസ്മയം തന്നെയാണ്. ഇന്ന് അഭ്രപാളിയിലെ ആ വിസ്മയത്തിന് 71 വയസ്സ് തികയുകയാണ്.

പ്രായം വെറും അക്കങ്ങള്‍ മാത്രമാണ് എന്ന് കേരളക്കരയെ ഓരോ ദിനവും ഓര്‍മ്മിപ്പിക്കുന്ന അദ്ദേഹത്തിന് മനസ്സ് നിറഞ്ഞ പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ എത്തുകയാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമ മുതല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയജീവിത പ്രയാണം, 51 വര്‍ഷം പിന്നിടുന്നു. ഇത്രയും കാലത്തിനടയ്ക്ക് അദ്ദേഹം പകര്‍ന്നാടിയ ഓരോ കഥാപാത്രങ്ങളും മലയാളി മനസ്സിലൂടെ കടന്നുപോകുന്നു. 1971ല്‍ ആണ് അദ്ദേഹം ബിഗ് സ്‌ക്രീനില്‍ ആദ്യമായി മുഖം കാണിക്കുന്നത്. അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തന്റെ കരിയര്‍ ആരംഭിച്ച താരം,

1980ലെ ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ എന്ന സിനിയിലൂടെ ശ്രദ്ധിക്കപ്പെട്ടു, പിന്നീട് അദ്ദേഹം എത്രയെത്ര വേഷങ്ങളില്‍ എത്തിയാണ് മമ്മൂക്ക പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്. സ്‌ക്രീനില്‍ അദ്ദേഹം കരയുമ്പോഴും ചിരിക്കുമ്പോഴും ആരാധകരും ഒപ്പം ചിരിച്ചു.. കരഞ്ഞു.. അഭിനയ ജീവിതത്തില്‍ ഒരുപാട് ബഹുമതികള്‍ ഏറ്റുവാങ്ങിയ മമ്മൂക്ക ഇന്നും അദ്ദേഹത്തിന്റെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ടു പോവുകയാണ്.

71ന്റെ നിറവിലും ഇന്നും ട്രെന്‍ഡ് സെറ്ററാണ് മമ്മൂക്ക.. ഒന്ന് പുറത്തേക്ക് ഇറങ്ങിയാല്‍ പോലും വൈറലാകുന്ന പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രിയപ്പെട്ടവരും ആരാധകരും എത്തുകയാണ്.

ഇനിയും അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ബിഗ്‌സ്‌ക്രീനില്‍ കാണാന്‍ ആരാധകര്‍ കാത്തിരിക്കുകകയാണ്. ക്രിസ്റ്റഫര്‍, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകളാണ് ഇനി മമ്മൂക്കയുടേതായി പുറത്തിറങ്ങാനുള്ളത്.

Nikhina