വിസ്മയ കേസിലെ അന്വേഷണ മികവ്; ഉദ്യോഗസ്ഥന് അഭിനന്ദനവുമായി മമ്മൂട്ടി

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കൊച്ചിയിലെ പുതിയ സിനിമയുടെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി…

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

കൊച്ചിയിലെ പുതിയ സിനിമയുടെ ലൊക്കേഷനിലെത്തിയപ്പോഴായിരുന്നു രാജ്കുമാറിനെ മമ്മൂട്ടി അഭിനന്ദിച്ചത്. മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളുമായും ഏറെ അടുപ്പം സൂക്ഷിക്കുന്ന ഓഫീസറാണ് രാജ്കുമാര്‍.

കെയര്‍ ആന്‍ഡ് ഷെയര്‍ കേരള പോലീസുമായി ചേര്‍ന്ന് നടത്തിയ ലഹരിവിരുദ്ധ കാമ്പയിനുകള്‍ക്ക് രാജ്കുമാര്‍ നേൃതൃത്വം നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട് അദ്ദേഹം സംവിധാനം ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധനേടുകയും ചെയ്തു. കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ്, രാജഗിരി ആശുപത്രി ജനറല്‍ മാനേജര്‍ ജോസ് പോള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് കേസിലെ പ്രതി കിരണ്‍ കുമാറിന് പത്ത് വര്‍ഷം ശിക്ഷ ലഭിച്ചത്. കിരണ്‍കുമാറിന്റെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയ 121 ശബ്ദരേഖകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും മറ്റ് പ്രാഥമിക തെളിവുകളും പരസ്പരം ബന്ധിപ്പിച്ച് സംശയാതീതമായി കേസ് തെളിയിക്കാന്‍ അന്വേഷണ സംഘത്തിനായി. വിസ്മയയുടെ ആത്മഹത്യയ്ക്ക് കാറിനെ ചെല്ലിയുള്ള തര്‍ക്കം പ്രധാന കാരണമായിരുന്നു. എന്നാല്‍ വിവാഹത്തിന് വിസ്മയക്ക് അച്ഛന്‍ നല്‍കിയ സമ്മാനം മാത്രമാണിതെന്നും കിരണ്‍ ആവശ്യപ്പെട്ട് നല്‍കിയതല്ലെന്നും അതിനാല്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചുവെങ്കിലും ഈ വാദത്തെ തെളിവുകള്‍ നിരത്തി പൊളിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു.

കേസ് ഏറ്റെടുത്ത് എണ്‍പതാം ദിവസം കുറ്റപത്രം നല്‍കാനായതും തുടക്കത്തില്‍തന്നെ സ്വാഭാവിക ജാമ്യം കിട്ടാനുള്ള കിരണിന്റെ അവസരം ഇല്ലാതാക്കി. വിസ്മയയുടെ ഫോണ്‍ കിരണ്‍ നശിപ്പിച്ചെങ്കിലും വിസ്മയ കൂട്ടുകാരികള്‍ക്കയച്ച സന്ദേശങ്ങള്‍ കണ്ടെത്തി കിരണ്‍ എങ്ങനെ ഭാര്യയെ മരണത്തിലേക്കു നയിച്ചു എന്ന് തെളിയിക്കാനായതും പ്രതിക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിന് സഹായിച്ചു.