ബ്രഹ്‌മപുരത്തേക്ക് സഹായ സഹസ്തവുമായി മമ്മൂട്ടി!!! നാളെ മുതല്‍ പ്രദേശത്ത് മെഡിക്കല്‍ ടീം എത്തും

മാലിന്യപ്പുകയില്‍ ദുരിതമനുഭവിക്കുന്ന കൊച്ചിയ്ക്ക് സഹായ ഹസ്തവുമായി മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. ബ്രഹ്‌മപുരത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായം ഉറപ്പാക്കിയിരിക്കുകയാണ് മമ്മൂട്ടി. രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് സൗജന്യ പരിശോധനയ്ക്കെത്തും.…

മാലിന്യപ്പുകയില്‍ ദുരിതമനുഭവിക്കുന്ന കൊച്ചിയ്ക്ക് സഹായ ഹസ്തവുമായി മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി. ബ്രഹ്‌മപുരത്തെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് വൈദ്യസഹായം ഉറപ്പാക്കിയിരിക്കുകയാണ് മമ്മൂട്ടി. രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് സൗജന്യ പരിശോധനയ്ക്കെത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളില്‍ മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെ മെഡിക്കല്‍ യൂണിറ്റ് പ്രദേശത്തെത്തും.

വിഷപ്പുക മൂലം വലയുന്ന ആസ്തമ രോഗികള്‍ക്കടക്കം ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വലിയൊരളവില്‍ സഹായകരമാകുമെന്ന് രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിളളി അറിയിച്ചു.

വായുവിലെ ഓക്സിജനെ വേര്‍തിരിച്ചെടുക്കുകയാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ചെയ്യുന്നത്. ലഭ്യമായ വായുവില്‍ നിന്ന് ഇവ വിഷ വാതകങ്ങളെ പുറംതളളി ഏകദേശം 90-95 ശതമാനം ഓക്സിജന്‍ നല്‍കും. മുറിയില്‍ നിന്നോ പരിസരത്തു നിന്നോ വായുവിനെ സ്വീകരിച്ച് ശുദ്ധീകരിച്ച് ആവശ്യമുള്ള വ്യക്തിക്ക് ഓക്സിജന്‍ മാത്രമായി നല്‍കുകയാണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ പ്രവര്‍ത്തനം.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലാണ് ബ്രഹ്‌മപുരത്തേക്ക് അവശ്യ സഹായം എത്തുക്കുന്നത്. വിഷപ്പുകയില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഉന്നതനിലവാരത്തിലുള്ള മാസ്‌കുകള്‍
കെയര്‍ ആന്റ് ഷെയര്‍ പ്രദേശത്ത് വിതരണം ചെയ്യും.

വിഷപുക ശ്വസിച്ചതുമൂലമുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ ഒരുപാട് പേര്‍ക്കുണ്ട്. പലരും ആശുപത്രിയില്‍ പോകാന്‍ മടിച്ച് വീട്ടില്‍തന്നെയിരിക്കുകയാണ്. അവര്‍ക്കുകൂടി പ്രയോജനമാകും വിധമാണ് കെയര്‍ ആന്റ് ഷെയര്‍ വൈദ്യപരിശോധനയ്ക്ക് സൗകര്യം ഒരുക്കുന്നത്. മെഡിക്കല്‍ യൂണിറ്റിന്റെ യാത്രാപാതകളെക്കുറിച്ചും സമയത്തെക്കുറിച്ചും 7736584286 എന്ന നമ്പരില്‍ അറിയാം.