പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മമ്മൂട്ടി

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കായിക താരം പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെയാണ് മമ്മൂട്ടി പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രിയപ്പെട്ട പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

ഇളയരാജയ്ക്കും പി. ടി ഉഷയ്ക്കും ആശംസകളുമായി മോഹന്‍ലാലും രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ സംഗീത കുലപതി ഇളയരാജയ്ക്കും ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ രാജകുമാരി പി ടി ഉഷയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.

പി ടി ഉഷ, ഇളയരാജ, തിരക്കഥാകൃത്തും സംവിധായകനുമായ വി വിജയേന്ദ്ര പ്രസാദ്, സാമൂഹിക പ്രവര്‍ത്തകനും ധര്‍മ സ്ഥല ക്ഷേത്രത്തിലെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെയാണ് കേന്ദ്രം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച കായിക താരങ്ങളില്‍ ഒരാളായ പി ടി ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

‘ബഹുമാന്യയായ പി ടി ഉഷ ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. കായിക രംഗത്തെ അവരുടെ സംഭാവനകള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്. മാത്രമല്ല, യുവ അത്ലറ്റുകളെ സംഭാവന ചെയ്യാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അവര്‍ നടത്തുന്ന പ്രയത്നങ്ങളും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ അഭിനന്ദനങ്ങള്‍’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

അതേസമയം രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതോടെ പി ടി ഉഷ റെയില്‍വേയില്‍ നിന്ന് വിരമിച്ചു. രണ്ട് വര്‍ഷത്തെ സേവനം കൂടി ബാക്കിയുളള പ്പോഴാണ് അവര്‍ വിആര്‍എസ് എടുത്ത് വിരമിച്ചത്. 1986ലാണ് പി ടി ഉഷ റെയില്‍വേയില്‍ നിയമിതയായത്.

Aswathy