ദം ബിരിയാണി! കൂളിംഗ് ഗ്ലാസും വച്ച് ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി

മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ആണെങ്കില്‍ അവിടെ ബിരിയാണി ഉണ്ടാക്കി വിളമ്പുന്നത് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ലൊക്കേഷനുകളില്‍ മമ്മൂട്ടിയുടെ വക ബിരിയാണി മുടങ്ങാത്ത കാഴ്ചയാണ്. ഷൂട്ടിങ്ങ് ആഴ്ചകളിലെ ഏതെങ്കിലുമൊരു ദിവസമായിരിക്കും ബിരിയാണി ഉണ്ടാക്കല്‍.

അങ്ങനെ കഴിഞ്ഞ ദിവസവും പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷനില്‍ ബിരിയാണി വച്ചു. ഇതിന്റെ വീഡിയോയാണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ റോഷാക്കിന്റെ ലൊക്കേഷനില്‍ ബിരിയാണി ചെമ്പ് പൊട്ടിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് നിറയുന്നത്. അതേസമയം കൂളിംഗ് ഗ്ലാസും വെച്ചും ബിരിയാണി ഇളക്കുന്ന മമ്മൂട്ടിയെ ട്രോളാനും ആരാധകര്‍ മറന്നില്ല.

‘മമ്മൂക്കയുടെ സിനിമ ലൊക്കേഷന്‍ ആണോ, എങ്കില്‍ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിര്‍ബന്ധം ആണ്’ എന്ന കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യത്തില്‍ വീഡിയോ പങ്കുവച്ചത്. മമ്മൂട്ടിയുടെ ഫാന്‍സ് പേജുകളിലൊന്നാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.

മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനി തയ്യാറാക്കുന്ന റോഷാക്കാണ് ഇനി പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന്. മമ്മൂട്ടിയെ കൂടാതെ ഷറഫുദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Geethu