’51 ഇയേഴ്സ് ഓഫ് മമ്മൂട്ടിസം’; പ്രിയനടന്റെ 51 വര്‍ഷങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

മമ്മൂട്ടിയെന്ന മഹാനടന്‍ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 51 വര്‍ഷങ്ങള്‍. 1971ല്‍ റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെയാണ് മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി മലയാള സിനിമയിലേക്ക് മമ്മൂട്ടി കടന്നു വന്നത്.
ഈ സിനിമ സത്യന്റെ അവസാന സിനിമ കൂടിയായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികതയാണ്.

ആദ്യമായി സിനിമയിലെത്തിയത് 1971ല്‍ ആണെങ്കിലും 1980ലെ ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ എന്ന സിനിമയുടെ ടൈറ്റിലിലാണ് മമ്മൂട്ടിയുടെ പേര് ആദ്യമായി തെളിഞ്ഞത്. എം. ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ആസാദ് സംവിധാനം ചെയ്ത സിനിമയില്‍ ‘മാധവന്‍കുട്ടി’ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തിയത്. എന്നാല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ തന്നെയാണ് മമ്മൂട്ടിയുടെ ആദ്യ സിനിമയായി കണക്കാക്കുന്നത്. അന്നത്തെ ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്ന് ഇന്നത്തെ മെഗാസ്റ്റാര്‍ വരെയുള്ള യാത്രയാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

 

സോഷ്യല്‍ മീഡിയയില്‍ കോമണ്‍ ഡി.പി പുറത്തിറക്കിയും, മാഷപ്പ് വീഡിയോകളിറക്കിയുമൊക്കെയാണ് പ്രിയനടന്റെ 51 വര്‍ഷങ്ങള്‍ ആരാധകര്‍ ആഘോഷമക്കുന്നത്. ട്വിറ്ററില്‍ ’51 ഇയേഴ്സ് ഓഫ് മമ്മൂട്ടിസം’ എന്ന ഹാഷ്ടാഗും ട്രെന്‍ഡിങ് ആണ്. മറ്റ് നടന്മാര്‍ മമ്മൂട്ടിയെ കുറിച്ച് പല വേദികളില്‍ പറഞ്ഞ കാര്യങ്ങളും ക്ലിപ്പുകളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 


അഭിനയകുലപതിയുടെ 51 വര്‍ഷങ്ങള്‍, എന്നും മമ്മൂട്ടി എന്ന നടന്‍ ഓരോ സിനിമാ പ്രേമികളെയും വിസ്മയിപ്പിക്കുന്നു എന്നും ആറ് തലമുറകളെ വിസ്മയിപ്പിച്ച നടന് ഇനിയും വരും തലമുറകളെ വിസ്മയിപ്പിക്കാന്‍ സാധിക്കട്ടെ എന്നുമൊക്കെയാണ് ആരാധകര്‍ കുറിക്കുന്നത്. ’51 വര്‍ഷം, 400ന് മുകളില്‍ സിനിമകള്‍, ആറ് തലമുറകളെ അത്ഭുതപ്പെടുത്തിയ വിസ്മയം’ എന്നും ആരാധകര്‍ കുറിക്കുന്നുണ്ട്.

 

Aswathy