നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചു; യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് നാട്ടുകാര്‍

ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സരയൂ നദിയില്‍ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഇയാളെ വളഞ്ഞിട്ട് നദിയില്‍ നിന്ന് വലിച്ചിറക്കി ഒരു സംഘം മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്.

‘നിനക്ക് നാണമില്ലേ?’ യെന്ന് ചോദിച്ചാണ് ആളുകള്‍ ഇയാളെ മര്‍ദ്ദിക്കുന്നത്. ഒടുവില്‍ ദമ്പതികളെ നദിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഭാര്യ ഇടപെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനും കോട്‌വാലി പോലീസിനോട് നിര്‍ദ്ദേശിച്ചതായി അയോധ്യ പോലീസ് ട്വീറ്റില്‍ അറിയിച്ചു.

ഗംഗ നദിയുടെ ഏഴ് പോഷകനദികളില്‍ ഒന്നാണ് സരയൂ, ഹിന്ദുക്കള്‍ ഇതിനെ വിശുദ്ധമായി കണക്കാക്കുന്നു. സരയൂ നദിയുടെ തീരത്താണ് ശ്രീരാമന്റെ ജന്മസ്ഥലം എന്നാണ് വിശ്വാസം.

വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയിലുടനീളം നിരവധി പ്രതികരണങ്ങള്‍ ലഭിച്ചു – ചിലര്‍ യുവാവിനെ ആക്രമിച്ചതിന് ‘മനുഷ്യത്വത്തിന് കളങ്കം’ എന്നും, അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു, മറ്റു ചിലര്‍ ദമ്പതികള്‍ ‘ഇത് അര്‍ഹിക്കുന്നു’ എന്നാണ് കമന്റിട്ടത്.

Previous article‘അതുപോലെയൊരു സിനിമ വീണ്ടും ചെയ്യൂ’; മേജര്‍ രവിയോട് അല്‍ഫോണ്‍സ് പുത്രന്‍
Next articleശ്രീവല്ലി മരിക്കുമോ? പുഷ്പ 2വിനെക്കുറിച്ച് വ്യക്തത വരുത്തി നിര്‍മ്മാതാവ്