അവതാർ 2 കാണുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായി യുവാവ് മരിച്ചു

ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം നഗരത്തില്‍ ‘അവതാര്‍ 2’ എന്ന സിനിമ കാണുന്നതിനിടെ ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ അവതാര്‍ 2 കാണാന്‍ സഹോദരന്‍ രാജുവിനൊപ്പം പെദ്ദാപുരത്തെ ഒരു സിനിമാ തിയേറ്ററില്‍…

ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിലെ പെദ്ദപുരം നഗരത്തില്‍ ‘അവതാര്‍ 2’ എന്ന സിനിമ കാണുന്നതിനിടെ ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചു. അടുത്തിടെ പുറത്തിറങ്ങിയ അവതാര്‍ 2 കാണാന്‍ സഹോദരന്‍ രാജുവിനൊപ്പം പെദ്ദാപുരത്തെ ഒരു സിനിമാ തിയേറ്ററില്‍ പോയതായിരുന്നു മരിച്ച ലക്ഷ്മിറെഡ്ഡി ശ്രീനു.

സിനിമയുടെ ഇടയില്‍ ശ്രീനു കുഴഞ്ഞുവീണു. സഹോദരന്‍ രാജു ഉടന്‍ തന്നെ പെദ്ദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അവതാര്‍ കാണുന്നതിനിടയില്‍ ആവേശവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായതിനെ തുടര്‍ന്നാണ് ഹൃദയാഘാതമുണ്ടായതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്രീനുവിന് നേരത്തേ രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നതായും സഹോദരന്‍ ഡോക്ടര്‍മാരെ അറിയിച്ചു.

2010 ല്‍ പുറത്തിറങ്ങിയ ‘അവതാര്‍’ സിനിമയുടെ ആദ്യ ഭാഗം കാണുന്നതിനിടെ തായ്വാനില്‍ 42 കാരനായ ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവതാര്‍ 2വിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കാമറൂണും ജോണ്‍ ലാന്‍ഡൗവും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, സിഗോര്‍ണി വീവര്‍, സ്റ്റീഫന്‍ ലാങ്, ക്ലിഫ് കര്‍ട്ടിസ്, ജോയല്‍ ഡേവിഡ് മൂര്‍, CCH പൗണ്ടര്‍, എഡി ഫാല്‍ക്കോ, ജെമൈന്‍ ക്ലെമന്റ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവര്‍ അഭിനയിക്കുന്നു.

2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താന്‍ സാധിച്ചില്ല.