നിര്‍ത്താതെ ലൈറ്റിട്ട് ഹോണ്‍ മുഴക്കി പാഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ്; കുഴഞ്ഞ് വീണ യുവാവിന് രണ്ടാം ജന്മം

കുഴഞ്ഞ് വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ത്താതെ ലൈറ്റിട്ട് ഹോണ്‍ മുഴക്കി പാഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ്. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഇടപെടലാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. പലപ്പോഴും വഴിയരികിലും മറ്റും കൃത്യസമയത്ത് ചികിത്സ കിട്ടാതെ നിരവധി…

കുഴഞ്ഞ് വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ത്താതെ ലൈറ്റിട്ട് ഹോണ്‍ മുഴക്കി പാഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ്. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഇടപെടലാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. പലപ്പോഴും വഴിയരികിലും മറ്റും കൃത്യസമയത്ത് ചികിത്സ കിട്ടാതെ നിരവധി പേരുടെ ജീവന്‍ പൊലിയുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. അതിനിടെയാണ് ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും കരുതലില്‍ യുവാവിന് ജീവന്‍ തിരിച്ചുകിട്ടിയത്.

പയ്യന്നൂര്‍-ചെറുപുഴ-കോഴിച്ചാല്‍ റൂട്ടില്‍ ഓടുന്ന കെ.എസ്.ആര്‍.ടി.സി. ബസിലാണ് യാത്രക്കാരന്‍ കുഴഞ്ഞുവീണത്. രാവിലെ പയ്യന്നൂരില്‍നിന്ന് പുറപ്പെട്ട ബസ് പാടിയോട്ടുചാലില്‍ എത്തിയപ്പോള്‍ യാത്രക്കാരനായ പയ്യന്നൂര്‍ ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്ക് ചെറുപുഴ ബ്രാഞ്ചിലെ മാനേജരായ പയ്യന്നൂര്‍ സ്വദേശി കെ.പി. മനോജ് സീറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതുകണ്ട കണ്ടക്ടര്‍ ഡ്രൈവറെ വിവരമറിയിച്ചു.

പിന്നീട് ഒരു സ്റ്റോപ്പിലും നിര്‍ത്താതെ ലൈറ്റിട്ട് ഹോണ്‍ മുഴക്കി ബസ് വേഗത്തില്‍ കാക്കയംചാലിലെ സെയ്ന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യാത്രക്കാരും സഹകരിച്ചു.

മാതൃകാപരമായി പ്രവര്‍ത്തിച്ച ബസ് ഡ്രൈവറായ പെരുമ്പ സ്വദേശി പി.കെ. സുഭാഷ്, കണ്ടക്ടറായ പയ്യന്നൂരിലെ ടി.വി. നിഷ എന്നിവരെ യാത്രക്കാരും നാട്ടുകാരും അഭിനന്ദിച്ചു. ബാങ്കിലെ മറ്റ് ജീവനക്കാരെ വിളിച്ച് വിവരമറിയിച്ചതിനുശേഷമാണ് ബസ് യാത്ര തിരിച്ചത്.