ആക്രി കൊണ്ടുണ്ടാക്കിയ ജീപ്പ് വാങ്ങി; പകരം യുവാവിന് പുത്തന്‍ ബൊലേറോ നല്‍കി ആനന്ദ് മഹീന്ദ്ര

ഒരുമാസത്തിനിപ്പുറം തന്റെ വാക്കുപാലിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബറില്‍ ആക്രി വസ്തുക്കള്‍ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങള്‍ക്ക് സമാനമായ വാഹനം നിര്‍മ്മിച്ച മഹാരാഷ്ട്ര സ്വദേശിയായ യുവാവിന്റെ വീഡിയോ ആനന്ദ് മഹീന്ദ്ര ട്വീറ്റ്…

ഒരുമാസത്തിനിപ്പുറം തന്റെ വാക്കുപാലിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബറില്‍ ആക്രി വസ്തുക്കള്‍ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങള്‍ക്ക് സമാനമായ വാഹനം നിര്‍മ്മിച്ച മഹാരാഷ്ട്ര സ്വദേശിയായ യുവാവിന്റെ വീഡിയോ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. നിയമ വ്യവസ്ഥകളൊന്നും വാഹനം പാലിക്കുന്നില്ലെങ്കിലും വാഹനമുണ്ടാക്കാനെടുത്ത യുവാവിന്റെ അധ്വാനത്തേയും, സര്‍ഗ്ഗശക്തിയേയും അഭിനന്ദിക്കാതിരിക്കാനാകില്ലെന്ന തലക്കെട്ടോടെയായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്. മഹാരാഷ്ട്ര സ്വദേശിയായ ദത്താത്രേയ ലോഹറെന്ന ഈ യുവാവിന്റെ ജീപ്പ് ഏറ്റെടുത്ത് പകരം പുതിയ ബൊലേറോ സമ്മാനിക്കുമെന്ന ആനന്ദ് മഹീന്ദ്ര അന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴിതാ ആ വാക്കാണ് അദ്ദേഹം പാലിച്ചിരിക്കുന്നത്.

ലോഹര്‍ നിര്‍മിച്ച ജീപ്പ് ഏറ്റെടുത്ത ശേഷം ആദരമായിട്ടാണ് പുത്തന്‍ വാഹനം നല്‍കിയത്. സ്വന്തമായി നിര്‍മ്മിച്ച ജീപ്പിലാണ് ലോഹറും കുടുംബവും ബൊലോറോ സ്വീകരിക്കാനെത്തിയത്. ഈ ചിത്രങ്ങള്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കിട്ടു. അദ്ദേഹത്തിന്റെ സൃഷ്ടി സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും എല്ലാത്തരം വാഹനങ്ങളും സൂക്ഷിക്കുന്ന മഹീന്ദ്രയുടെ ശേഖരത്തില്‍ ലോഹറിന്റെ വാഹനവും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.