ഓടിക്കാത്ത കാറില്‍ ഹെല്‍മറ്റ് വയ്ക്കാത്തതിന് ഉടമയ്ക്ക് 500 രൂപ പിഴ: അന്തംവിട്ട് വാഹന ഉടമ

ഓടിക്കാതെ ഇട്ടിരുന്ന കാറില്‍ ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് യുവാവിന് 500 രൂപ പിഴ വിധിച്ച് മോട്ടോര്‍ വാഹന വകുപ്പ്. പിഴയടക്കാനുള്ള നോട്ടീസ് കിട്ടി അന്തംവിട്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് വാഹന ഉടമ.…

ഓടിക്കാതെ ഇട്ടിരുന്ന കാറില്‍ ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് യുവാവിന് 500 രൂപ പിഴ വിധിച്ച് മോട്ടോര്‍ വാഹന വകുപ്പ്. പിഴയടക്കാനുള്ള നോട്ടീസ് കിട്ടി അന്തംവിട്ട് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് വാഹന ഉടമ. കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരിലെ വിലാസത്തിലാണ് വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ഗതാഗത നിയമ ലംഘനത്തിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. നോട്ടീസില്‍ വണ്ടിയുടെ നമ്പറും വാഹനം കാറാണെന്നും ക്യത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അജിത്ത് കുമാര്‍ എന്ന യുവാവിനാണ് വിചിത്രമായ നോട്ടീസ് ലഭിച്ചത്.എന്നാല്‍ നോട്ടീസില്‍ നല്‍കിയിരിക്കുന്ന ചിത്രം ബൈക്കിന്റേതാണ്. ബൈക്കിന്റെ നമ്പരും നോട്ടീസിലെ നമ്പരും വെവ്വേറെയാണ്.

എന്നാല്‍ താന്‍ ഇപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണെന്ന് അജിത്ത് കുമാര്‍ പറയുന്നു. നോട്ടീസില്‍ നല്‍കിയിരിക്കുന്ന പിഴ താന്‍ അടയ്‌ക്കേണ്ടിവരുമോ എന്ന സംശയവും യുവാവിനുണ്ട്. ഏതായാലും അതികൃതര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് യുവാവ്.

ഗതാഗത നിയമങ്ങള്‍ പാലിക്കുവാന്‍ മടിയുള്ളവരെ നിര്‍ബന്ധിതമായി ഇത് ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ പണി എത്തിയിരിക്കുന്നത്. മോട്ടോര്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുവാനും അതുപോലെ തന്നെ പിഴ ഇടുന്നതിനുമാണ് കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ മിക്ക സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് .

ഇതേ സമയം തന്നെ മാവേലിക്കരയില്‍ നിന്നും മോട്ടോര്‍ വാഹന വകുപ്പിന് പൊന്‍ തൂവലായി ഒരു റിപ്പോര്‍ട്ടു കൂടി എത്തിയിട്ടുണ്ട്. ഹെല്‍മെറ്റ് ഇല്ലാതെത്തിയ ഇരുചക്രവാഹന യാത്രികര്‍ക്ക് പിഴയായി ഹെല്‍മെറ്റ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. പുതിയകാവ് ഭാഗത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഹെല്‍മെറ്റ് ഇല്ലാതെ നിയമം ലംഘിച്ച് എത്തിയവര്‍ നിരവധി ഉണ്ടായിരുന്നു.

പിഴയടിക്കാനായി എല്ലാ വരെയും മാറ്റി നിര്‍ത്തി. ഹെല്‍മെറ്റ് ധരിച്ച് എത്തിയവരെയും പിടിച്ചു നിര്‍ത്തി. എല്ലാ വരും അങ്കലാപ്പിലായി. ഉടന്‍തന്നെ എംഎല്‍എയും ചെയര്‍മാനും അടങ്ങുന്ന സംഘവും സ്ഥലത്തെത്തി. ഇതോടെ ബോധവത്കരണ പരിപാടി ആരംഭിച്ചു.

എന്തായാലും, പിഴയ്ക്കായി കാത്തു നിന്നവര്‍ക്ക് ബോധ വത്കരണവും കൂടെ ഹെല്‍മെറ്റും നല്‍കിയപ്പോഴാണ് പലരുടേയും ശ്വാസം നേരെ വീണത്. നിയമം പാലിച്ച് എത്തിയവര്‍ക്ക് അനുമോദനവും സമ്മാനവും നല്‍കുകയും ചെയതു. മോട്ടോര്‍വാഹന വകുപ്പിന്റെ ശുഭയാത്ര സുരക്ഷിത യാത്ര പദ്ധതിയുടെ ഭാഗമായി നടത്തിയ ബോധ വത്കരണ പരിപാടിയായിരുന്നു ഇത്.