അക്കാര്യം സിനിമയില്‍ ഉള്ളവര്‍ക്കുപോലും അറിയില്ല, അതൊരു രഹസ്യമായി തുടരും: മഞ്ജു വാര്യര്‍

ക്ലൈമാക്‌സ് തീര്‍ത്ത അമ്പരപ്പുകൊണ്ടും അതിശയോക്തികൊണ്ടും ഇന്നും മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ചിത്രമാണ് 1998ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബത്ലഹേം’. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ നിരവധിയാണെങ്കിലും പ്രേക്ഷകന് മുമ്പില്‍…

ക്ലൈമാക്‌സ് തീര്‍ത്ത അമ്പരപ്പുകൊണ്ടും അതിശയോക്തികൊണ്ടും ഇന്നും മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ചിത്രമാണ് 1998ല്‍ പുറത്തിറങ്ങിയ ‘സമ്മര്‍ ഇന്‍ ബത്ലഹേം’. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ നിരവധിയാണെങ്കിലും പ്രേക്ഷകന് മുമ്പില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നതും ഇന്നും അറിയാന്‍ ആഗ്രഹിക്കുന്നതും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന പൂച്ചയെയും, പൂച്ചയുടെ ഉടമയേയും കുറിച്ചാണ്.

മലയാള സിനിമാ ചര്‍ച്ചകളിലും ട്രോളുകളിലുമെല്ലാം ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു ജയറാമിന്റെ കഥാപാത്രത്തിന് പൂച്ചയെ അയച്ച പെണ്‍കുട്ടി ആരാണ് എന്നുള്ളത്. പല വിധ ഊഹാപോഹങ്ങള്‍ ഇതിന്മേല്‍ ഉയര്‍ന്നിരുന്നു. മയൂരി, ഗായത്രി എന്നിവരുടെ കഥാപാത്രങ്ങളില്‍ ഒരാളാണ് ഈ വ്യക്തി എന്ന് പറയപ്പെടുന്നുവെങ്കിലും ആ കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലെന്ന് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍ പറയുന്നു.

മഞ്ജുവിന്റെ വാക്കുകള്‍: ‘സമ്മര്‍ ഇന്‍ ബത്ലഹേം സിനിമയുടെ രണ്ടാം ഭാഗം എല്ലാവരും ചോദിക്കാറുണ്ട്. ആ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാവുമോ എന്ന് അറിയില്ല. പൂച്ചയുടെ കാര്യത്തിലുള്ള ഒരു തീരുമാനം അറിയാന്‍ വേണ്ടിയാണ് എല്ലാവരും ചോദിക്കുന്നത്,”

”ആ പൂച്ചയെ അയച്ച വ്യക്തി ആരാണെന്ന് സിനിമയില്‍ വര്‍ക്ക് ചെയ്തവര്‍ക്ക് തന്നെ അറിയില്ല. എനിക്കും അറിയില്ല. ഇപ്പോഴും അത് ഒരു രഹസ്യമായി നില്‍ക്കുകയാണ്. പടത്തില്‍ തന്നെ രണ്ടു പേരിലേക്ക് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. അതില്‍ ആരാണെന്ന് ഇപ്പോഴും അറിയില്ല. ചിലപ്പോള്‍ ഡയറക്ടര്‍ക്ക് മാത്രമേ അറിയുകയുള്ളു.” ഒരു അഭിമുഖത്തിലാണ് മഞ്ജുവിന്റെ പ്രതികരണം.