‘കാപ്പ’യില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി; കാരണമിതാണ്

പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയില്‍ നിന്ന് നടി മഞ്ജു വാര്യര്‍ പിന്മാറി. അജിത് നായകനായ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളാണ് കാപ്പയില്‍ നിന്ന് മഞ്ജു…

പൃഥ്വിരാജും ഷാജി കൈലാസും വീണ്ടും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയില്‍ നിന്ന് നടി മഞ്ജു വാര്യര്‍ പിന്മാറി. അജിത് നായകനായ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളാണ് കാപ്പയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറാന്‍ കാരണമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്നതായിരുന്നു ഈ നോവല്‍.

ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വന്‍ തരംഗമായി മാറിയിരുന്നു. ‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിനു വി ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ.

ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് സാനു ജോണ്‍ വര്‍ഗ്ഗീസാണ്. മഹേഷ് നാരായണന്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗ്ഗീസ്, ആര്‍ട്ട് ദിലീപ് നാഥ്. സമീറ സനീഷ് ആണ് വസ്ത്രാലങ്കാരം. മേക്കപ്പ് റോണക്‌സ് സേവ്യര്‍.പൃഥിരാജും ഷാജി കൈലാസും ഒന്നിച്ച കടുവ വന്‍ വിജയമായിരുന്നു. ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ് കടുവ. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസിന്റെ തിരിച്ചു വരവ് കൂടിയായിരുന്നു ഈ സിനിമ.