നായികയുടെ കടയിലെ പൂച്ചെട്ടി തകര്‍ത്ത വില്ലന്മാരെ തടയാനെത്തിയ നായകന്‍ റസ്റ്റന്റോടെ തകര്‍ത്ത് തരിപ്പണമാക്കുന്നു, കട തകര്‍ത്ത നായകനോട് നന്ദി പറഞ്ഞ് നായിക! അല്ല ഷാജിയേട്ടാ നിങ്ങളെന്താ ആളെ കളിയാക്കുന്നോ?

മലയാളത്തിലെ എവര്‍ ഗ്രീന്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായ മാന്ത്രികം. ആക്ഷന് പ്രാധാന്യം നല്‍കി വ്യത്യസ്തമായി കഥപറഞ്ഞ ചിത്രം മലയാളികള്‍ക്ക് നല്‍കിയത് വ്യത്യസ്തമായ സിനിമാ അഭിനയം ആയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം ജഗദീഷും…

മലയാളത്തിലെ എവര്‍ ഗ്രീന്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ് മോഹന്‍ലാല്‍ നായകനായ മാന്ത്രികം. ആക്ഷന് പ്രാധാന്യം നല്‍കി വ്യത്യസ്തമായി കഥപറഞ്ഞ ചിത്രം മലയാളികള്‍ക്ക് നല്‍കിയത് വ്യത്യസ്തമായ സിനിമാ അഭിനയം ആയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന് ഒപ്പം ജഗദീഷും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറം മാന്ത്രികം എന്ന സൂപ്പര്‍ ഹിറ്റ് മൂവി വീണ്ടും ചര്‍ച്ചയാവുകയാണ്. പക്ഷേ ചിത്രത്തിലെ ആരും ശ്രദ്ധിച്ചേക്കാവുന്ന ഒരു അബന്ധത്തെ പൊളിച്ചടുക്കുന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍.

സിനിമയില്‍ വേഷം മാറി എത്തുന്ന സീക്രട്ട് അന്വേഷണ ഉദ്യോഗസ്ഥരായ മോഹന്‍ലാലും ജഗദീഷും അല്ലറചില്ലറ പരിപാടികളുമായി നായികയുടെ റസ്റ്ററന്റിന് ഒപ്പം കൂടുന്നു. പൊതുവേ സിനിമാ ക്ലീഷേകളില്‍ കണ്ടുവരുന്ന ‘വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം നായികയ്ക്ക് നായകനോട് പ്രണയം’ തോന്നുന്ന പരിപാടിയാണ് ഇവിടെയും വര്‍ക്കൗട്ട് ആക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നത്.

ഇതിനിടെ നായികയുടെ റസ്‌റ്റൊറന്റ് ഒഴിപ്പിക്കാന്‍ എത്തുന്ന വില്ലന്മാര്‍ റസ്റ്ററന്റിന് ഉള്ളില്‍ കടന്ന് കയ്യില്‍ കിട്ടിയ മണ്‍ കലവും രണ്ടു മൂന്ന് മിഠായി ഭരണിയും എറിഞ്ഞുടയ്ക്കുന്നു. നായികയും അച്ഛനും വില്ലന്മാരോട് അവയൊന്നും തകര്‍ക്കരുതെന്ന് കേണ് അപേക്ഷിക്കുന്നുമുണ്ട്. ഒടുവില്‍ രക്ഷയില്ലെന്ന് മനസ്സിലായ നായികയുടെ അച്ഛനും നായികയും മനസ്സില്ലാ മനസ്സോടെ മോഹന്‍ലാലിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നു.

ഇനിയാണ് ട്വിസ്‌റ്റ്. നായികയുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത മോഹന്‍ലാലും സഹായി ജഗദീഷും റസ്‌റ്റൊറന്റിലെത്തി ഇടി തുടങ്ങുന്നു. ഇടിയെന്ന് വെച്ചാല്‍ മലര് പൊട്ടണ ഇടി. റസ്‌റ്റൊറന്റിലെ ടേബിളുകള്‍ മുതല്‍ തടികൊണ്ട് ഒരുക്കിയ ഭിത്തിയും ജനല്‍ കണ്ണാടികളുമൊക്കെ തവിട് പൊടി. ചുരുക്കത്തില്‍ റസ്‌റ്റൊറന്റ് ഒഴിപ്പിക്കാന്‍ വന്ന വില്ലന്മാരേക്കാള്‍ അവിടെ നായകനും കൂട്ടുകാരും നാശ നഷ്ടം സൃഷ്ടിക്കുന്നു. ഈ സീനിലെ ലോജിക്കിനെ ചൊല്ലിയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ ചര്‍ച്ച നടക്കുന്നത്.

അങ്ങനെ, ഒന്നോ രണ്ടോ പൂച്ചട്ടി പൊട്ടിച്ച വില്ലന്മാരെ ഇടിക്കാനെത്തിയ നായകന്‍ ആ റസ്റ്ററന്റ് തന്നെ തകര്‍ത്തു വാരുന്നു. അതുമാത്രമല്ല, അത്രയും നാള്‍ വെറുപ്പിലിരുന്ന ആ നായിക നായകനോട് നന്ദിയും പറയുന്നുണ്ട്. കാര്യം സിനിമയൊക്കെ ആണെങ്കിലും , കാണുന്നവരെല്ലാം ആ സമയത്ത് ഇതുപോലെ ഇരുന്ന് ലോജിക്ക് തെരയില്ലെങ്കിലും ഇങ്ങനൊക്കെ കളിയാക്കാമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.