സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു

Follow Us :

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി 14 വയസുള്ള മൃദുൽ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയെയായിരുന്നു അന്ത്യം. അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകനാണ് മൃദുല്‍. ഇതോടെ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. ഇക്കഴിഞ്ഞ ജൂണ്‍ 24 നാണ് രോഗലക്ഷണങ്ങളുമായി മൃദുലിനെ ആശുത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള കുളത്തിൽ മൃദുല്‍ കുളിച്ചിരുന്നു. ഇതിന് ശേഷമാണ് മസ്തിഷ്ക ജ്വര ബാധയുടെ ലക്ഷണങ്ങള്‍ മൃദുലിന് കണ്ട് തുടങ്ങിയത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രിയാണ് മൃദുല്‍ മരിച്ചത്. ഫാറൂഖ് കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മൃദുല്‍. മലപ്പുറം സ്വദേശിയായ അഞ്ചു വയസുകാരിയും കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു-ധന്യ ദമ്പതികളുടെ മകൾ 13 വയസുള്ള ദക്ഷിണ എന്നിവരാണ് മസ്തിഷ്ക ജ്വരം ബാധിച്ച് നേരത്തെ മരിച്ച കുട്ടികള്‍. മലപ്പുറത്തെ അഞ്ചു വയസുകാരി മെയ് 20 നും ജൂണ്‍ 12 നുമാണ് മരിച്ചത്.

മലപ്പുറത്തെ അഞ്ചുവയസുകാരി വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കൽ കടവിലും ദക്ഷിണ മുന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് സ്വിമ്മിങ് പൂ‌ളിലും കുളിച്ചിരുന്നു. നെഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്‌കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂര്‍വ്വമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്‌കജ്വരം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ. ഇളം ചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകളെ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകള്‍, കുളങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ ഉണ്ടാകാനാളുള്ള സാധ്യത കൂടുതലാണ്. ക്ലോറിനേഷന്‍ മൂലം ഇവ നശിച്ചുപോകും. അതിനാല്‍ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളില്‍ നീഗ്ലേറിയ ഫൗളേറി ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളില്‍ ഈ രോഗാണുവിന് നിലനില്‍പ്പില്ല. അതുകൊണ്ട് കടലിലും മറ്റും ഇവയെ കാണാറില്ല. കുളിക്കുമ്പോള്‍ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തില്‍ പ്രവേശിക്കില്ല. എന്നാല്‍ നീന്തുമ്പോഴോ മറ്റോ വെള്ളം ശക്തിയായി മൂക്കില്‍ കടന്നാല്‍ മൂക്കിലെ അസ്ഥികള്‍ക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു.

അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകള്‍ നടത്തുന്നതും, തല വെള്ളത്തില്‍ മുക്കി മുഖം കഴുകുന്നതും രോഗം വരാന്‍ ഇടയാക്കും. രോഗം ഒരാളില്‍ നിന്നും വേറൊരാളിലേക്ക് പകരില്ല. ശക്തിയായ പനി, ഛര്‍ദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. അതേസമയം സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണമെന്നും വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്നും വീണ ജോർജ്ജ് വ്യക്തമാക്കിയിരുന്നു. രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽനിന്നു സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.