പ്രശസ്ത സെലിബ്രിറ്റി ഡാന്‍സ് ടീച്ചര്‍ ഇപ്പോള്‍ ‘മായിക’യുടെ കൊറിയോഗ്രാഫര്‍.. മ്യൂസിക് ആല്‍ബം ശ്രദ്ധേയമാകുന്നു!!

മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്‌നയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ആണ് മായിക. പാട്ടിന് പുറമെ നൃത്തത്തിന് കൂടി പ്രാധാന്യം നല്‍കി പുറത്തിറക്കിയ വീഡിയോയില്‍ നര്‍ത്തകിയും ടെലിവിഷന്‍ അവതാരികയുമായ ദീപ്തി വിധു പ്രതാപും എത്തുന്നുണ്ട്.…

മലയാളികളുടെ പ്രിയ ഗായിക ജ്യോത്സ്‌നയുടെ ഏറ്റവും പുതിയ മ്യൂസിക് വീഡിയോ ആണ് മായിക. പാട്ടിന് പുറമെ നൃത്തത്തിന് കൂടി പ്രാധാന്യം നല്‍കി പുറത്തിറക്കിയ വീഡിയോയില്‍ നര്‍ത്തകിയും ടെലിവിഷന്‍ അവതാരികയുമായ ദീപ്തി വിധു പ്രതാപും എത്തുന്നുണ്ട്. ജ്യോത്സ്‌നയുടെ തന്നെ യൂട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ട വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ജ്യോത്സ്ന ദീപ്തിയെ തന്റെ മുത്തശ്ശി ജീവിച്ചിരുന്ന തറവാട്ടിലേക്ക് കൊണ്ടുപോകുന്നതായാണ് ഈ മ്യൂസിക് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

സുമേഷ് ലാലാണ് ഈ വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗിരീഷ് കുമാറാണ് മായികയ്ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. വിനു ജനാര്‍ദനന്‍ സ്‌ക്രീന്‍ പ്ലേ, ഫിക്ഷന്‍ സ്‌ക്രിപ്റ്റ്, അസോസിയേറ്റ് ഡയറക്ഷന്‍ എന്നിവ കൈകാര്യം ചെയ്തു. വണ്ടര്‍വാള്‍ മീഡിയ വീഡിയോ ഒരുക്കി. പാട്ടിനൊപ്പം മ്യൂസിക് ആല്‍ബത്തിലെ ദീപ്തിയുടെ നൃത്തച്ചുവടുകളും ശ്രദ്ധ നേടുകയാണ്. മായികയുടെ നൃത്തസംവിധാനം ചെയ്തിരിക്കുന്നത്, സെലിബ്രിറ്റി നര്‍ത്തകിമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്‍ അബ്ബാദ് റാം മോഹന്‍ ആണ്.

മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും നൃത്തം അഭ്യസിക്കുന്നത് അബ്ബാദ് റാം മോഹന് കീഴിലാണ്. അശ്വതി ശ്രീകാന്ത്, അശ്വതിയുടെ മകള്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്, രഞ്ജിനി ഹരിദാസ്,അമൃത സുരേഷ്, ഗീതുമോഹന്‍ദാസിന്റെ മകള്‍ ആരാധന എന്നിവരുടെയെല്ലാം നൃത്ത അദ്ധ്യാപകനാണ് അബ്ബാദ് റാം മോഹന്‍. മായികയില്‍ നൃത്തം അവതരിപ്പിച്ച് എത്തിയ ദീപ്തിയുടെ പേര്‍സണല്‍ കോറിയോഗ്രാഫര്‍ കൂടിയായ അബ്ബാദ്, ആശ ശരത്, സ്വാസിക വിജയ്, സ്‌നേഹ ശ്രീകുമാര്‍

എന്നിവര്‍ക്കൊക്കെ നിരവധിതവണ നൃത്തസംവിധാനം ചെയ്ത് നല്‍കിയിട്ടുണ്ട്. ആര്‍.എല്‍.വി കോളേജില്‍ നിന്ന് ബിരുദാനന്ത ബിരുദത്തില്‍ ഒന്നാം റാങ്കോടെ പാസായ വ്യക്തിയാണ് അബ്ബാദ്. എ.ഡി.എസ് ഓണ്‍ലൈന്‍ ഡാന്‍സ് സ്‌കൂളിലെ മുഴുവന്‍ സമയ നൃത്ത അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം.

പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മായിക തന്റെ കരിയറിലെ ഒരിക്കലും മറക്കാനാവാത്ത ഒരു എക്‌സ്പീരിയന്‍സ് ആണെന്നാണ് അബ്ബാദ് പറയുന്നത്.