വെല്‍ക്കം ബാക്ക് മീര

മീര ജാസ്മിന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക്. ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിലാണ് മീരാ ജാസ്മിന്‍ നായികയായി വീണ്ടും എത്തുന്നത്. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ…

മീര ജാസ്മിന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക്. ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിലാണ് മീരാ ജാസ്മിന്‍ നായികയായി വീണ്ടും എത്തുന്നത്. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്.
രസതന്ത്രം, വിനോദയാത്ര എന്നീ ചിത്രങ്ങളിലാണ് സത്യന്‍ അന്തിക്കാടിനൊപ്പം മുന്‍പ് മീര ചെയ്ത സിനിമകള്‍. രസതന്ത്രത്തിലെ ആണ്‍കുട്ടിയായുള്ള മീരയുടെ വേഷപ്പകര്‍ച്ചയും വിനോദയാത്രയിലെ ആ മിടുക്കിയേയുമൊക്കെ മലയാളികള്‍ ഇന്നും മറന്നിട്ടില്ല. വിജയദശമി ദിനത്തില്‍ വീണ്ടും കാമറക്ക് മുന്നിലെത്തിയ മീരയെ കണ്ടപ്പോള്‍ ലൊക്കേഷനിലുള്ളവര്‍ക്ക് പോലും വളരെ ഏറെ സന്തോഷമായിരുന്നു. സത്യന്‍ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ദേവിക സഞ്ജയും ചിത്രത്തിലുണ്ട്.


കൂടാതെ, ഇന്നസെന്റ്, സിദ്ദിഖ്, കെപിഎസി ലളിത, ശ്രീനിവാസന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കേരളത്തിലെ തിയേറ്ററുകളില്‍ തന്നെ ഈ കഥാപാത്രങ്ങളെല്ലാം എത്തും എന്നാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മികച്ച നായികമാരില്‍ ഒരാളായി വളര്‍ന്ന താരമാണ് മീരാ ജാസ്മിന്‍. അതുകൊണ്ടുതന്നെ ഈ നടിയുടെ തിരിച്ചുവരവിനെ ഏറെ ആകാംക്ഷയോടെയാണ് സ്വീകരിക്കുന്നതും.