‘മിഥുന’ത്തില്‍ പായയില്‍ ചുമന്നുകൊണ്ട് നടന്നത് എന്നെത്തന്നെയെന്ന് ഉര്‍വശി; ടി.വി ചാനലില്‍ ഇപ്പോഴും കയ്യിടി നേടുന്ന സിനിമ അന്ന് പരാജയപ്പെടാന്‍ കാരണക്കാരിയും ഉര്‍വശി

മിഥുനം സിനിമ കാണാത്ത മലയാളികള്‍ ഉണ്ടാകില്ല. ഇപ്പോഴും ടെലിവിഷനില്‍ മിഥുനം സിനിമ ഉണ്ടെന്നറിഞ്ഞാല്‍ ചാനല്‍ മാറ്റാതെ കാണുന്നവരുണ്ടെന്നതും സത്യം. ഒരുപാട് ചിരിപ്പിക്കുന്ന അതിലേറെ ചിന്തിപ്പിക്കുന്ന സിനിമ. ഒരു ശരാശരി മലയാളിയുടെ ജീവിതവുമായി ഒരു പക്ഷേ ഉപമിക്കാനാകാവുന്ന സിനിമയെന്ന് നിസ്സംശയം പറയാം.

മോഹന്‍ലാല്‍, ഉര്‍വശി എന്നിവര്‍ക്കൊപ്പം ഇന്നസെന്റും ജഗതിയും തകര്‍ത്തഭിനയിച്ച സിനിമ. ചിത്രത്തിലെ നെടുമുടി വേണുവിന്റെ തേങ്ങ ഉടയ്ക്കുന്ന രംഗമൊക്കെ ഇപ്പോഴും കോമഡി സീനുകാര്‍ ഏറ്റെടുക്കാറുണ്ട്.

എന്നാല്‍, ഇത്രയേറെ പ്രേക്ഷകരെ സമ്പാദിക്കാന്‍ കഴിഞ്ഞ സിനിമ തിയറ്ററില്‍ അത്രയ്ക്കങ്ങ് വിജയിച്ചില്ല. അതിന് വ്യക്തമായ ഒരു കാരണവും ഇല്ലെന്നിരിക്കെ നടി ഉര്‍വശി ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഒരു സിനിമാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകയാണ് ഈ തിയേറ്റര്‍ പരാജയത്തിന് പിന്നിലെന്നും പറച്ചിലുകളുണ്ട്. അത് ഇങ്ങനെ ആയിരുന്നു.

എനിക്ക് തീരെ താല്‍പ്പര്യമില്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. ഒരിക്കലും യോജിക്കാന്‍ കഴിയാത്ത, കൃത്രിമ ജീവിത സാഹചര്യങ്ങളായിരുന്നു ആ ചിത്രത്തില്‍ സുലോചനയുടേത്. മിഥുനം എന്നത് ഒരു നല്ല സിനിമയാണ്. ലാലേട്ടനോടും, ശ്രീനിയേട്ടനോടും, പ്രിയനോടും ഒക്കെ വളരെ ബഹുമാനവും, സ്നേഹവും ഒക്കെയുണ്ട്. പക്ഷെ,ഒരു കാര്യം പറയാതെ വയ്യ. എന്റെ കഥാപാത്രമായ സുലോചനയോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല.

ഭര്‍ത്താവിനെ അളവില്‍ കവിഞ്ഞ് സ്നേഹിക്കുന്ന ഒരു ഭാര്യയാണ് സുലോചന.അവള്‍ പ്രതീക്ഷിക്കുന്ന അത്രയും വേണ്ട, തിരികെ ഒരു പൊടി സ്നേഹമെങ്കിലും അയാള്‍ക്ക് കൊടുക്കാം. പക്ഷെ, അതൊന്നും നടന്നില്ല എന്ന് മാത്രമല്ല, സ്നേഹം കാണിക്കുന്നത് ഒരു കുറ്റമാണെന്നു പോലും സിനിമയില്‍ പറയുന്നുണ്ട്.

എന്റെ ഈ വാക്കുകളില്‍ മിഥുനം എന്ന സിനിമയുമായി ബന്ധപ്പെട്ടവര്‍ക്ക് എന്നോട് ദേഷ്യം തോന്നിയാലും, ഇല്ലെങ്കിലും ഞാന്‍ എന്റെ അഭിപ്രായം തുറന്നു പറയും. അത് എന്റെ ശീലമാണ്. ആരെയും വിഷമിപ്പിക്കണം എന്ന് മനപ്പൂര്‍വ്വം ആഗ്രഹമില്ലെന്നായിരുന്നു ഉര്‍വശി അന്ന് പറഞ്ഞത്.

ഉര്‍വശിയുടെ ഈ വാക്കുകള്‍ കരളത്തിലെ കുടുംബ പ്രേക്ഷകര്‍ നെഗറ്റീവായി എടുത്തതാണ് സിനിമയുടെ പരാജയകാരണമായതൊണ് അന്ന് പൊതുവേ ആരോപണം ഉയര്‍ന്നിരുന്നത്. എന്നിരുന്നാലും ഇന്നും മിഥുനം ടിവിയില്‍ വരുന്നതും നോക്കി ഇരിക്കുന്നവര്‍ ഏറെയാണ്. അതാണ് ചിത്രത്തിന്റെ വിജയം.

ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനും കൂടി ഉര്‍വശിയെ പായില്‍ ചുമന്നുകൊണ്ട് പോകുന്ന സീനുണ്ട്. അതില്‍ പായിലുള്ളത് ഡ്യൂപ്പാണോ എന്ന സംശയത്തിന് അത് ഡ്യൂപ്പല്ല, ഞാന്‍ തന്നെയാണെന്നും ഉര്‍വശി പറഞ്ഞിരുന്നു.

Vishnu