അനശ്വരയുടെ ‘മൈക്ക്’ ഓഗസ്റ്റിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം അനശ്വര രാജന്‍ നായികയാകുന്ന ചിത്രമാണ് ‘മൈക്ക്’. വിഷ്ണു ശിവപ്രസാദ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജെ എ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോണ്‍ എബ്രഹാം ആണ് ‘മൈക്ക്’ ജോണ്‍ നിര്‍മിക്കുന്നത്. ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മിക്കുന്ന മലയാള സിനിമയെന്ന പ്രത്യേകതയും ‘മൈക്കി’നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 19ന് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ജോണ്‍ എബ്രഹാം തന്നെയാണ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വാര്‍ത്ത സാമൂഹ്യ മാധമ്യങ്ങളിലൂടെ പുറത്തുവിട്ടത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. രണദീവെ ആണ് മൈക്കെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

റോണെക്‌സ് സേവിയര്‍ മേക്കപ്പും സോണിയ സാന്‍ഡിയാവോ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം വിവേക് ഹര്‍ഷനാണ് നിര്‍വഹിക്കുന്നത്. ഡേവിസണ്‍ സി ജെ, ബിനു മുരളി എന്നിവര്‍ ആണ് ‘മൈക്കി’ന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. വിക്കി ഡോണര്‍, മദ്രാസ് കഫെ, പരമാണു, ബത്ല ഹൗസ് തുടങ്ങിയ സിനിമകളും ജോണ്‍ എബ്രഹാമായിരുന്നു നിര്‍മിച്ചത്.

Aswathy