ഞാന്‍ ഒരു ആണല്ല, എന്റെ ഉള്ളില്‍ പെണ്ണ് ആണ് എന്ന് ആദ്യമായി പറഞ്ഞത് അമ്മയോടും സഹോദരനോടും! അവരുടെ മറുപടി വഴിത്തിരിവായി; ജീവിതകഥ പറഞ്ഞ് അപ്‌സര

ഓരോ ട്രാന്‍ജെന്‍ഡേഴ്‌സിനും തങ്ങളുടെ ജീവിത കഥ പറയുമ്പോള്‍ പിന്നിട്ട ദുരനുഭവങ്ങള്‍ കൂടി പറയാനുണ്ടാകും. സ്വന്തം വീട്ടുകാര്‍ പോലും അംഗീകരിക്കാത്തതാണ് പലരുടെയും ജീവിത വഴിയില്‍ പ്രതിസന്ധികള്‍ കൂട്ടുന്നതും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥപറയുകയാണ് ട്രാന്‍ജെന്‍ഡര്‍ മോഡലായ അപ്സര. അപ്‌സരയുടെ ജീവിതകഥ ഒരു അവസ്ഥയിലൂടെ കടന്ന് പോകുന്ന പലര്‍ക്കും പ്രചോദനപരവുമാണ്. വറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കിച്ചുവെന്ന ആണില്‍ നിന്നും അപ്സരയായി മാറിയ കഥ താരം പറഞ്ഞത്.

പെട്ടന്ന് ഒരു ആണിന് അവന്റെ പതിനെട്ടാം വയസ്സില്‍ വരുന്ന രൂപ – ഭാവ മാറ്റമല്ല ട്രാന്‍സ് പേഴ്സണാലിറ്റിയെന്നും അത് ജന്മനാ ഉണ്ടാവുന്നതാണെന്നും അപ്‌സര പറയുന്നു. ഹോര്‍മോണിന്റെ വ്യത്യാസം കാരണം പുരുഷ ശരീരത്തോടെ ജനിയ്ക്കുന്ന സ്ത്രീകളാണവരെന്നും കുഞ്ഞ് ആയിരിയ്ക്കുമ്പോള്‍ തന്നെ അവര്‍ തങ്ങളുടെ മനസ് തുറന്ന് കാട്ടാന്‍ ശ്രമിയ്ക്കുമെന്നും അപ്‌സര പറയുന്നു. തന്റെ ഉള്ളില്‍ ഒരു പെണ്ണ് ഉണ്ട് എന്നത് ആദ്യമേ കൂട്ടുകാരോടും നാട്ടുകാരോടു പറഞ്ഞിരുന്നുവെന്നും ഒരിടത്ത് നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന അവസ്ഥ ഉണ്ടായിട്ടില്ലെന്നുമാണ് അപ്‌സര പറഞ്ഞു. വീട്ടുകാര്‍ താന്‍ കാരണം വിഷമിയ്ക്കുമോ എന്ന സങ്കടമായിരുന്നു ഉണ്ടായിരുന്നതെന്നും അമ്മയോടും സഹോദരനോടും പറഞ്ഞ ശേഷമാണ് അച്ഛനോട് പറഞ്ഞതെന്നും അപ്‌സര പറഞ്ഞു. അതിന് അച്ഛന്‍ പറഞ്ഞ മറുപടിയും വ്യത്യസ്തമായിരുന്നു. ‘നീ, നിന്റെ ശരീരം, നിന്റെ ജീവിതം’ എന്നാണ് അച്ഛന്‍ പറഞ്ഞതെന്നാണ് താരം വ്യക്തമാക്കിയത്.

‘വീട്ടില്‍ ആദ്യമായി പറയുമ്പോള്‍ സഹോദരനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ അവസ്ഥ ഇതാണ് എന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞപ്പോള്‍ സഹോദരനും കരഞ്ഞു. ‘അവനെ അവന്റെ ഇഷ്ടത്തിന് വിട്ടേക്ക് അമ്മേ. നമ്മളോടൊപ്പം തന്നെ നിന്നോട്ടെ, ഇഷ്ടമുള്ളത് പോലെ ജീവിച്ചോട്ടെ’ എന്ന് പറഞ്ഞ്, എന്നെ കെട്ടിപ്പിടിച്ച് അവന്‍ കരഞ്ഞു. അമ്മയും വന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അത് വളരെ ഇമോഷണല്‍ ആയിരുന്നു. എന്നെ ഏറ്റവും അധികം സപ്പോര്‍ട്ട് ചെയ്യുന്നതും എന്റെ ഫാമിലിയാണ്’ എന്നായിരുന്നു അപ്‌സരയുടെ വാക്കുകള്‍.

വീട്ടുകാരോട് കാര്യം അവതരിപ്പിച്ച ശേഷം പിന്നെ താന്‍ കുറച്ച് കാലം ബ്യൂട്ടീഷന്‍ കോഴ്സ് പഠിക്കാന്‍ പോയെന്നും അവിടെ വച്ചാണ് ആദ്യമായി മോഡല്‍ ആവാനുള്ള അവസരം ലഭിച്ചതെന്നും അപ്‌സര പറഞ്ഞു. കുറേ അരക്ഷിതത്വം തന്റെയുള്ളില്‍ ഉണ്ടായിരുന്നുവെന്നും പക്ഷെ തുടക്കത്തില്‍ തന്നെ നല്ല അവസരങ്ങള്‍ ലഭിച്ചെന്നും മിസ് ഇന്ത്യ ലെവലിലേക്ക് ട്രാന്‍സ് എന്ന വിശേഷണം ഇല്ലാതെ സ്ത്രീയായി പങ്കെടുക്കാന്‍ കഴിഞ്ഞെന്നും താരം വ്യക്തമാക്കി.

ഇതുവരെ താന്‍ സര്‍ജറി ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി. സ്‌കിന്‍ ട്രീറ്റ്മെന്റ് എടുക്കാറുണ്ട്. മുടിയും ശരീര പ്രകൃതവും എല്ലാം പാരമ്പര്യമായി കിട്ടിയതാണ്. ഹോര്‍മോണ്‍ മെഡിസിന്‍ കൃത്യമായി എടുക്കുന്നുണ്ട്. അത് രണ്ട് തരം ഉണ്ട്. ഒന്ന് നമ്മുടെ ഉള്ളിലെ പുരുഷ ഹോര്‍മോണുകള്‍ കുറയ്ക്കും, രണ്ട് സ്ത്രീ ഹോര്‍മോണുകള്‍ കൂട്ടും. ആ ഹോര്‍മോണ്‍ ടാബലറ്റ്സ് എടുക്കുന്നതോടെ ചര്‍മം കൂടുതല്‍ മൃദുലമാവും, ശരീര ഘടനയില്‍ മാറ്റം വരും, മാറിടം എല്ലാം വികസിയ്ക്കും. പതിയെ സ്ത്രീരൂപത്തില്‍ എത്തും എന്നാണ് അപ്‌സര പറഞ്ഞത്.

ശസ്ത്രക്രിയ നടത്തണം എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നും പക്ഷെ ഇന്ത്യയില്‍ അതിനുള്ള മികച്ച സൗകര്യമില്ലെന്നും താരം വ്യക്തമാക്കി. ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് ആര്‍ക്കും ഈ സര്‍ജറിയെ കുറിച്ച് വ്യക്തമായ ധാരണയില്ല, നൂറ് ശതമാനം സേഫ്റ്റിയോടെ അല്ല ചെയ്യുന്നത്. അതിനാല്‍ തനിക്ക് വിദേശത്ത് പോയി സര്‍ജറി ചെയ്യണമെന്നാണ് ആഗ്രഹമെന്നും അപ്‌സര വ്യക്തമാക്കി. പുരുഷനില്‍ നിന്നും സ്ത്രീയിലേക്ക് മാറുന്നത് പെട്ടെന്ന് ഒരു ദിവസം കൊണ്ടല്ലെന്നും കുറേ മേക്കപ്പും ഇട്ട്, മുടിയും നീട്ടി വളര്‍ത്തി ചുരിദാറും സാരിയും ഉടുത്ത് നടക്കുകയല്ല വേണ്ടതെന്നുമാണ് താരത്തിന്റെ അഭിപ്രായം. തന്റെ അനുഭവത്തില്‍ പറയുകയാണെങ്കില്‍ അതെല്ലാം പതിയെ പതിയെ മാറ്റി എടുക്കുകയാണ് വേണ്ടതെന്നും ആണ്‍ ശരീരത്തില്‍ നിന്ന് ആദ്യം മാറുന്നത് വസ്ത്രധാരണമായിരിയ്ക്കും. അത് ആണും പെണ്ണും ധരിയ്ക്കുന്ന വിധമുള്ള വസ്ത്രമാക്കുക. പെട്ടന്ന് ആളുകള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത വിധം രൂപത്തില്‍ പതിയെ മാറ്റങ്ങള്‍ വരുത്തുക. അങ്ങനെയാണ് താന്‍ മാറിയതെന്നും അപ്‌സര പറഞ്ഞു.

 

 

 

 

 

Aswathy