‘ആണ്മക്കള്‍ക്ക് പെണ്മക്കളേക്കാള്‍ അതിപ്പോ പൊരിച്ചമീന്‍ മുതല്‍ ഉള്ള വേര്‍തിരിവുകള്‍’ ജോ ആന്‍ഡ് ജോയെ കുറിച്ച്

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ക്ക് ശേഷം മാത്യു തോമസ്, നസ്ലെന്‍ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ജോ ആന്‍ഡ് ജോ. കോവിഡ് ലോക്ക്ഡൗണിന് ശേഷം ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കുന്ന ഒന്നിലധികം സിനിമകള്‍ മലയാളത്തിലിതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിലെ ഏറ്റവും പുതിയ…

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ക്ക് ശേഷം മാത്യു തോമസ്, നസ്ലെന്‍ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ജോ ആന്‍ഡ് ജോ. കോവിഡ് ലോക്ക്ഡൗണിന് ശേഷം ലോക്ക്ഡൗണ്‍ പശ്ചാത്തലമാക്കുന്ന ഒന്നിലധികം സിനിമകള്‍ മലയാളത്തിലിതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിലെ ഏറ്റവും പുതിയ സിനിമയാണിത്. നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നിഖില വിമല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്റര്‍ടൈനറായാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

‘ഒരുപാട് നാള്‍ക്ക് ശേഷം തിയറ്റര്‍ മുഴുവന്‍ ചിരി നിറഞ്ഞു കണ്ടൊരു സിനിമ ജോ ആന്‍ഡ് ജോയെന്നാണ് മൊഹമ്മദ് ഫാരി മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. ട്രയ്‌ലറില്‍ ഒക്കെ കണ്ടത് പോലെ ആങ്ങളയും പെങ്ങളും തമ്മില്‍ ഉള്ള അടിപിടിയും അതിനേക്കാള്‍ ഉപരി പല കാര്യങ്ങളിലും പെണ്മക്കളേക്കാള്‍ ആണ്‍ കുട്ടികള്‍ക്ക് വീട്ടില്‍ കിട്ടുന്ന സ്പെഷ്യല്‍ പരിഗണനയും, കോവിഡ് സമയത്തു നമ്മള്‍ നാട്ടില്‍ കണ്ട കുറെ കലാ പരിപാടികളും, ഡയലോഗുകളും ഒക്കെ ചേര്‍ത്തു വച്ചൊരു നല്ലൊരു സിനിമ. പല സംഭാഷണങ്ങളും നമ്മള്‍ ചുറ്റുപാടും കേട്ടതോ പറഞ്ഞതോ ഒക്കെ ആയിട്ടുള്ള വളരെയധികം റിലേറ്റ് ചെയ്യാന്‍ പറ്റിയ സംഭവങ്ങള്‍. ആണ്മക്കള്‍ക്ക് പെണ്മക്കളേക്കാള്‍ അതിപ്പോ പൊരിച്ചമീന്‍ മുതല്‍ ഉള്ള വേര്‍തിരിവുകള്‍, സ്പെഷ്യല്‍ കെയര്‍ ആന്‍ഡ് പരിഗണന ഒക്കെ നല്ല രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട്, നിഖിലയുടെ ക്യാരക്ടര്‍ അതിനെ ചോദ്യം ചെയ്യുന്നതും, ചെറിയ കാര്യമാണെങ്കില്‍ കൂടി എനിക്കും അതേ പരിഗണന വേണമെന്നു പറഞ്ഞു സംസാരിക്കുന്നതൊക്കെ ഇന്നും നമ്മുടെ വീടുകളില്‍ ചിലയിടത്തെങ്കിലും നടക്കുന്നത് തന്നെയാണെന്നും കുറിപ്പില്‍ പറയുന്നു.

‘ഒരു സംഭവം എനിക്ക് വല്ലാതെ പഴ്‌സണലി കണക്ട് ആക്കാന്‍ കഴിഞ്ഞു, പുകയില കൂട്ടി വെറ്റില ചവക്കുന്ന സംഭവം, മുന്‍പ് കോളേജ് ടൈമില്‍ ഇതു പോലെ വന്നു ഡയലോഗ് അടിച്ചു പുകയില ചേര്‍ത്തു അടിച്ചു കിളി പറന്ന സുഹൃത്തിനെ ഓര്‍ത്തു പോയി, ഫാമിലിയുമൊത്തു നന്നായി ആസ്വദിച്ചു ചിരിക്കാന്‍ പറ്റിയൊരു സിനിമ തന്നെയാണ് ജോ ആന്‍ഡ് ജോയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജോ ആന്റ് ജോ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. രണ്ട് മണിക്കൂര്‍ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം കുടുംബബന്ധവും സൗഹൃദവുമെല്ലാം പറയുന്നതിനൊപ്പം തന്നെ ചെറിയൊരു ത്രില്ലിങ് സ്വഭാവവും ചിത്രത്തിനുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.