‘മമ്മൂട്ടിയെ ഇത്രയും വെറുത്ത സിനിമ ഈ അടുത്തൊന്നും കണ്ടിട്ടില്ല; ഫാന്‍സ് ആത്മഹത്യ ചെയ്യാതിരുന്നാല്‍ ഭാഗ്യം’

മമ്മൂട്ടിയുടെ പുഴു എന്ന പുതിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. രതീന ആദ്യമായി സംവിധായികയായ പുഴു കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസായത്. മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്.…

മമ്മൂട്ടിയുടെ പുഴു എന്ന പുതിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. രതീന ആദ്യമായി സംവിധായികയായ പുഴു കഴിഞ്ഞ ദിവസമാണ് ഒടിടി പ്ലാറ്റ് ഫോമിലൂടെ റിലീസായത്. മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്. പുഴുവിന്റെ ടീസറും ട്രെയിലറും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

മമ്മൂട്ടിയെ ഇത്രയും *’വെറുത്ത’* ഭാവപ്പകര്‍ച്ചയുള്ള സിനിമ ഞാന്‍ ഈ അടുത്തൊന്നും കണ്ടിട്ടില്ല (ഫാന്‍സ് ആത്മഹത്യ ചെയ്യാതിരുന്നാല്‍ ഭാഗ്യം) എന്നാണ് മുഹമ്മദ് സാലിഹ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ‘ഇമേജിനപ്പുറം കഥാപാത്രത്തിന്റെ പ്രാധാന്യവും അന്തസത്തയും ഉള്‍ക്കൊണ്ടുള്ള സൂക്ഷ്മമായ അദ്ദേഹത്തിന്റെ കഥാപാത്ര തിരഞ്ഞെടുപ്പ് അസാധ്യമെന്നും മൂവി ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്. ചീഞ്ഞ് പുഴു അരിച്ചു ദുര്‍ഗന്ധം വമിച്ചു കൊണ്ടിരിക്കുന്ന വളരെ പ്രസക്തമായ രണ്ടു തരം രാഷ്ട്രീയങ്ങളെ ‘അസഹനീയമായി’ ഇത്ര സൂക്ഷ്മതയോടെയും തന്മയത്തത്തോടെയും വ്യക്തതയോടെ സധൈര്യം വരച്ചു കാട്ടിയ സിനിമ. രതീന എന്ന സംവിധായികയുടെ വരും കാല സൃഷ്ടികള്‍ക്ക് ഇനി ആകാംക്ഷയോടെയുള്ള കാത്തിരിപ്പെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രിയപ്പെട്ടവരെല്ലാം കുട്ടന്‍ എന്നു വിളിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി പുഴുവില്‍ എത്തുന്നത്. കഥാപാത്രത്തിന്റെ യഥാര്‍ത്ഥ പേര് സിനിമയില്‍ ഒരിടത്തും രേഖപ്പെടുത്തുന്നില്ല എന്നത് കൗതുകമാണ്. ഭാര്യ മരിച്ചതില്‍ പിന്നെ മകന്‍ മാത്രമാണ് അയാളുടെ ലോകം. വളരെ അച്ചടക്കത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുകയും തന്റേതായ ശീലങ്ങള്‍ മകനിലേക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഒരു പിതാവാണ് അയാള്‍. എന്തിന്, ശൈശവാസ്ഥയിലുള്ള തന്റെ മകനെ ശരിയായി മനസ്സിലാക്കാന്‍ പോലും അയാള്‍ക്ക് സാധിക്കുന്നില്ല. പലവിധത്തിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോവുന്ന കഥാപാത്രമായാണ് മമ്മൂട്ടി പുഴുവിലെത്തുന്നത്.