മലയാണ്മ വാക്കുകളിലും വരിയിലും നിറച്ച അനുഗ്രഹീത കവി!! ബീയാര്‍ പ്രസാദിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍

അന്തരിച്ച ഗാനരചയിതാവ് ബീയാര്‍ പ്രസാദിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. മലയാണ്മയുടെ പ്രസാദാത്മകത വാക്കുകളിലും വരിയിലും നിറച്ച അനുഗ്രഹീത കവിയായിരുന്നു പ്രിയപ്പെട്ട ബിയാര്‍ പ്രസാദ് എന്ന് താരം കുറിച്ചു. മോഹന്‍ലാല്‍ നായകനായ കിളിച്ചുണ്ടന്‍…

അന്തരിച്ച ഗാനരചയിതാവ് ബീയാര്‍ പ്രസാദിന് ആദരാഞ്ജലികള്‍ നേര്‍ന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. മലയാണ്മയുടെ പ്രസാദാത്മകത വാക്കുകളിലും വരിയിലും നിറച്ച അനുഗ്രഹീത കവിയായിരുന്നു പ്രിയപ്പെട്ട ബിയാര്‍ പ്രസാദ് എന്ന് താരം കുറിച്ചു.

മോഹന്‍ലാല്‍ നായകനായ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ ‘ഒന്നാം കിളി രണ്ടാം കിളി’ എന്ന ഗാനത്തിലൂടെയാണ്, കവിയും നാടക സംവിധായകനുമായ ബിയാര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കേരളീയത തുളുമ്പുന്ന എത്രയെത്ര മനോഹരഗാനങ്ങള്‍ പിന്നീട് അദ്ദേഹം നമുക്ക് സമ്മാനിച്ചു. അദ്ദേഹത്തിന് വേദനയോടെ ആദരാഞ്ജലികള്‍ എന്നാണ് ലാലേട്ടന്‍ കുറിച്ചത്.

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയായിരുന്നു ബീയാര്‍ പ്രസാദിന്റെ വിയോഗം. 62 വയസായിരുന്നു. രണ്ടുവര്‍ഷംമുമ്പ് വൃക്ക മാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കവി, നാടകകൃത്ത്, പ്രഭാഷകന്‍, ടി.വി. അവതാരകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. സ്വപ്നമായി താലോലിച്ച സിനിമ യാഥാര്‍ഥ്യമാക്കാനാകാതെയാണ് ബീയാര്‍ പ്രസാദ് യാത്രയായത്.

ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ് പ്രസാദ്. എഴുതിയ പാട്ടുകളിലൊതുങ്ങുന്നതല്ല ബീയാര്‍ പ്രസാദിന്റെ ജീവചരിത്രം. നാടകം വഴിവെട്ടിയ കലാജീവിതത്തില്‍ നടനായും തിരക്കഥാകൃത്തായും പ്രഭാഷകനായും പാട്ടുപോലെ ഒഴുകിയ കുട്ടനാട്ടുകാരനാണ് അദ്ദേഹം.

കുറച്ചുനാളുകള്‍ക്ക് മുന്‍പ് ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്.

2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവായി ശ്രദ്ധേയനായി. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങിവയെല്ലാം പ്രസാദിന്റെ ശ്രദ്ധേയനാക്കിയ ഗാനങ്ങളാണ്. 2018ല്‍ റിലീസ് ചെയ്ത ലാല്‍ജോസ് ചിത്രം തട്ടിന്‍ പുറത്ത് അച്യുതന് വേണ്ടിയാണ് അവസാനമായി ഗാനരചന നിര്‍വഹിച്ചത്.