വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാൽ; വീഡിയോ

75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയോട് അനുബന്ധിച്ച് നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക. ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ പല രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തി. വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ധനമന്ത്രി കെ എന്‍ ബാലഗോപാലും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി.

സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്നു നിര്‍ദേശിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു.

Gargi