വിശ്വരൂപം കാണാന്‍ മോഹന്‍ലാല്‍ എത്തി; ഇനി ചെന്നൈയിലെ വീട്ടിലേക്ക്

വെള്ളാര്‍ ക്രാഫ്റ്റ് വില്ലേജില്‍ തനിക്കായി നിര്‍മിച്ച വിശ്വരൂപം ശില്പം കാണാന്‍ മോഹന്‍ലാല്‍ എത്തി. ശില്പം കണ്ടിഷ്ടപ്പെട്ട മോഹന്‍ലാല്‍ അടുത്തയാഴ്ച ചെന്നെയിലെ വീട്ടിലേക്ക് ശില്പം കൊണ്ടുപോകാന്‍ എത്തുമെന്ന ഉറപ്പുനല്‍കിയാണ് മടങ്ങിയത്.

മഹാവിഷ്ണുവിന്റെ വിവിധ ഭാവത്തിലുള്ള 11 മുഖങ്ങളും അനുബന്ധ ശില്പങ്ങളുമാണ് 12 അടി ഉയരത്തിലുള്ള വിശ്വരൂപത്തിലുള്ളത്. 11ശിരസുള്ള സര്‍പ്പവും ഇതിന് താഴെ നടുവില്‍ മഹാവിഷ്ണു, ഇരുവശത്തുമായി ദേവഹുരു ബ്രഹസ്പതി, നരസിംഹം, ശ്രീരാമന്‍, ശിവന്‍, വിഷ്ണു, ശ്രീകൃഷ്ണന്‍, ഇന്ദ്രന്‍, ഹനുമാന്‍, ഗരുഡന്‍, അസുരഗുരു, ശുക്രാചാര്യന്‍ എന്നിവരുടെ ശിരസുകളുമാണ് ഉള്ളത്. ശംഖ്, ചക്ര, ഗദാ, ഖഡ്ഗങ്ങള്‍ പേറുന്ന 22 കൈകള്‍ എന്നിവയാണ് ശില്പത്തിന്റെ മുകള്‍ ഭാഗത്തുള്ളത്. പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണന്‍, വ്യാസന്‍ പറയുന്നത് കേട്ട് മഹാഭാരത കഥയെഴുതുന്ന ഗണപതി തുടങ്ങി മഹാഭാരതത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ ചെറുതും വലുതുമായ 400 രൂപങ്ങളായി ഇതിലുണ്ട്. മോഹന്‍ ലാലിന്റെ ആഗ്രഹപ്രകാരമായിരുന്നു ശില്പം നിര്‍മ്മിച്ചത്. കുമ്പിള്‍ തടിയില്‍ തീര്‍ത്ത ശില്പത്തിന് അരക്കോടി രൂപയാണ് വില.

വിദേശത്ത് നിന്നെത്തിയ മോഹന്‍ലാല്‍ ഞായറാഴ്ച രാവിലെ എട്ടോടെയാണ് തന്റെ ആഗ്രഹപ്രകാരം നിര്‍മിച്ച ശില്പം കാണാനെത്തിയത്. ശില്പി വെള്ളാര്‍ നാഗപ്പനും സഹശില്പികളായ ഒമ്പതു പേരും ചേര്‍ന്നാണ് ശില്പം പൂര്‍ത്തിയാക്കിയത്. ശില്പം കണ്ടതിന് ശേഷം ശില്പ്പത്തോടൊപ്പം ശില്പിയെ കൂട്ടി ചിത്രങ്ങളെടുത്താണ് മോഹന്‍ലാല്‍ മടങ്ങിയത്.

Previous articleബിജു മേനോനും ഗുരു സോമസുന്ദരവും നാലാം മുറയുമായി വരുന്നു
Next articleചോരത്തിളപ്പുള്ള ചെറുപ്പക്കാരനാണ്!!! പരസ്യമായി അപമാനിച്ചാല്‍ പത്തിരട്ടി വാശി തോന്നാം: അതിജീവിതിയ്‌ക്കെതിരെ മല്ലിക സുകുമാരന്‍