മോഹൻലാൽ ആരാധകരെ സങ്കടത്തിലാക്കുന്ന വാർത്ത പുറത്ത്; പാൻ ഇന്ത്യൻ ചിത്രം ഉപേക്ഷിച്ചുവെന്ന് റിപ്പോർട്ട്

പാൻ ഇന്ത്യൻ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട മോഹൻലാലിന്റെ വൃഷഭ ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്. തുടർ ചിത്രീകരണത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ ബജറ്റ് വേണ്ടി വരുന്നതിനാലാണ് ചിത്രം ഉപേക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നന്ദകിഷോർ സംവിധാനം ചെയ്യുന്ന വൃഷഭയുടെ ആദ്യ ഷെഡ്യൂൾ നേരത്തെ പൂ‌ർത്തിയായതാണ്. ഇതിന് ശേഷം ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരുന്നു. യോദ്ധാവിന് സമാനമായി കൈയിൽ വാളേന്തി നിൽക്കുന്ന മോഹൻലാലിന്റെ ലുക്ക് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

തെലുങ്ക് നടൻ റോഷൻ മെക ആണ് ചിത്രത്തിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ചത്. അച്ഛനും മകനും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെയും പ്രതികാരത്തിന്റെയും ഒക്കെ കഥയാണ് വൃഷഭയുടെ പ്രമേയം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ആഗസ്റ്റിൽ മൈസൂരിലായിരുന്നു പൂർത്തിയായത്. ഇതിന് ശേഷം ലണ്ടൻ ഷെഡ്യൂൾ നിശ്ചയിച്ചിരുന്നെങ്കിലും ആരംഭിക്കാൻ കഴിഞ്ഞില്ല.

എ.വി.എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ,​ ഫസ്റ്റ് സ്റ്റെപ്പ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുൺ മാതുർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ടൈഗർ, റാണ, മുകുന്ദ മുരൈ എന്നിവയൊക്കെ ഒരുക്കിയ നന്ദകിഷോർ കന്നഡയിലെ ശ്രദ്ധേയനായ യുവ സംവിധായകനാണ്.