മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജീവിതം സിനിമയാകുന്നു!

മുന്‍ ഇന്ത്യന്‍ പ്രധാമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജീവിത കഥ ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. ഈ വിശേഷമാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. തന്റെ വാക്കുകള്‍കൊണ്ട് ശത്രുക്കളുടെ ഹൃദയം പോലും കീഴടക്കിയ ഇന്ത്യന്‍ നേതാവിന്റെ സിനിമ വരുന്നതില്‍ ഏവരും സന്തോഷത്തിലാണ്. ഉല്ലേഖ് എന്‍പിയുടെ ‘ദി അണ്‍ടോള്‍ഡ് വാജ്‌പേയി: പൊളിറ്റീഷ്യന്‍ ആന്‍ഡ് പാരഡോക്സ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. 2023ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത വര്‍ഷം തന്നെ സിനിമ ബിഗ് സ്‌ക്രീനിലേക്ക് എത്തുകയും ചെയ്യും എന്നും സിനിമയുടെ നിര്‍മ്മാതാക്കള്‍ അറിയിച്ചതായാണ് വിവരം. ‘മെയിന്‍ റഹൂന്‍ യാ നാ രഹൂന്‍, യേ ദേശ് രഹ്ന ചാഹിയേ അടല്‍’ എന്നായിരിക്കും ചിത്രത്തിന്റെ പേര്. തന്റെ വാക്കുകളും പ്രവര്‍ത്തിയും കൊണ്ട് ശത്രുക്കളുടെ ഹൃദയം പോലും കീഴടക്കിയ മികച്ച ഇന്ത്യന്‍ നേതാക്കളില്‍ ഒരാളായ അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില പറയാത്ത കഥകള്‍ ഏറ്റവും നന്നായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ നല്ല മാധ്യമം സിനിമയാണെന്ന് എനിക്ക് തോന്നുന്നു എന്നാണ് ചിത്രത്തെ കുറിച്ച് നിര്‍മ്മാതാവ് സന്ദീപ് സിംഗ് പറഞ്ഞത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ കഥ പറയുന്ന സിനിമ എന്ന് പറയുമ്പോള്‍ രാഷ്ട്രീയപരമായ പല കാര്യങ്ങളും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നുണ്ടാകാം എന്നാല്‍, ഈ സിനിമയില്‍ അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്രമോ രാഷ്ട്രീയമോ അല്ല പ്രധാനമായും പറയാന്‍ ഉദ്ദേശിക്കുന്നത് എന്നും അദ്ദേഹത്തിന്റെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള ജീവിത ശൈലിയെയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച അത്തരം മൂല്യങ്ങളാണ് അദ്ദേഹത്തെ മികച്ച പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയുമാക്കി മാറ്റിയത് എന്ന് സന്ദീപ് സിംഗ് അഭിപ്രായപ്പെട്ടു.

അതേസമയം, സിനിമയില്‍ വാജ്പേയിയുടെ വേഷം അവതരിപ്പിക്കാന്‍ ആരാണ് എത്തുക എന്ന വിവരം പുറത്ത് വിട്ടിട്ടില്ല.. അദ്ദേഹത്തിന്റെ കഥാപാത്രം അവതരിപ്പിക്കാനുള്ള മികച്ചൊരു നായകനെ തേടുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നും വിവരമുണ്ട്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാന്‍, കമലേഷ് ഭാനുശാലി, വിശാല്‍ ഗുര്‍നാനി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് വിവരം.

Previous articleഈ നാടകക്കാരന് ഇതില്‍ കൂടുതല്‍ എന്താണ് ലഭിക്കാനുള്ളത്! സന്തോഷം പങ്കിട്ട് ഹരീഷ് പേരടി
Next articleപ്രതി വിജയ് ബാബുവിന്റെ വരവ് ബി.ജി.എമ്മിട്ട് ആഘോഷിച്ച് താരസംഘടന! ‘അമ്മ’യ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം!