കുട്ടിയെ വാർഡിലേക്ക് മാറ്റണം കൂടെ നിൽക്കാൻ ഒരു സ്ത്രീയെവേണം!

ഭൂമിയിലേക്ക് പിറന്ന വീണത് തന്നെ അനാഥ ആയിട്ട്. ഇപ്പോൾ കേരളത്തിന്റെ കണ്ണീർ ആയിരിക്കുന്നത് ഈ പിഞ്ച് കുഞ്ഞാണ്, അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹം ആയതിനാൽ വീട്ടുകാർ എതിർപ്പ് ആയിരുന്നു. അങ്ങനെ ഇരുവരും ഒന്നിച്ച് അവരുടെ ലോകത്ത്…

muhammed cheleri fb post

ഭൂമിയിലേക്ക് പിറന്ന വീണത് തന്നെ അനാഥ ആയിട്ട്. ഇപ്പോൾ കേരളത്തിന്റെ കണ്ണീർ ആയിരിക്കുന്നത് ഈ പിഞ്ച് കുഞ്ഞാണ്, അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹം ആയതിനാൽ വീട്ടുകാർ എതിർപ്പ് ആയിരുന്നു. അങ്ങനെ ഇരുവരും ഒന്നിച്ച് അവരുടെ ലോകത്ത് ജീവിച്ച് തുടങ്ങി. യുവതി എട്ട് മാസം ഗർഭിണി ആയിരിക്കെ കഴിഞ്ഞ ദിവസം കോവിഡ് പിടിപെടുകയായിരുന്നു. ആരോഗ്യ നില മോശം ആയപ്പോഴേക്കും ശാസ്ത്രക്രീയയിൽ കൂടി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. എന്നാൽ യുവതി ഈ ലോകത്ത് നിന്ന് വിടപറഞ്ഞു. ഇപ്പോൾ സന്നദ്ധ പ്രവർത്തകൻ ആയ മുഹമ്മദ് ചേലേരിയുടെ കുറിപ്പാണു സോഷ്യൽ മീഡിയയെ കണ്ണീരിൽ ആഴ്ത്തുന്നത്. കുറിപ്പ് വായിക്കാം,

കുഞ്ഞേ …. കീറി എടുത്തത് രക്ഷിക്കാനായിരുന്നു… വിധി നിന്നെ അനാഥയാക്കി.. —– കഴിഞ്ഞ വർഷം കോവിഡിന്റെ തുടക്കത്തിൽ എല്ലാവരും ഭയന്ന് നിൽക്കുന്ന സമയത്ത് മരണപ്പെട്ട covid രോഗിയെ സംസ്കരിക്കാൻ പയ്യാമ്പലത്ത് പോവേണ്ടി വന്നതും അനുഭവിച്ച മറക്കാൻ പറ്റാത്ത അവസ്ഥകളെ കുറിച്ചും നിങ്ങളുമായി പങ്കു വെച്ചിരുന്നു. 5 ദിവസംമുന്നെ കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരി വാർഡിലെ ക്വാട്ടേസ് ഉടമ പറഞ്ഞതനുസരിച്ചായിരുന്നു അവിടേക്ക്പോയത്. ഒരുകുടുംബം മൂന്ന് മാസമേ ആയുള്ളൂ അവിടെ വാടകയ്ക്ക് താമസംതുടങ്ങിയിട്ട്.. ജീവിതത്തിലെ ഏതോ സാഹചര്യത്തിൽ പരിചയപ്പെടുകയും ഇരുവീട്ടുകാരുടെയും എതിർപ്പുകൾ വകവെക്കാതെ വിവാഹിതരായ പാലക്കാടുകാരനായ യുവാവും കണ്ണൂർ തിമിരി സ്വദേശിയായ പെൺകുട്ടിയും . ഒരേ സമുദായക്കാരാണെങ്കിലും കുടുംബക്കാരാരും തന്നെ ഒരു വിധത്തിലുള ബന്ധവും ഇവരോട് പുലർത്തിയിരുന്നില്ല. തികച്ചും ഒറ്റപ്പെട്ട നിലയിലാണ് ഇവർരണ്ടു പേർക്കും കോവിഡ് പോസിറ്റീവാകുന്നത്.. പെൺകുട്ടി 8 മാസം ഗർഭിണിയുമാണ്… ഒരു ദിവസംരാത്രി ശ്വാസ തടസ്സം അനുഭവപ്പെടുകയും ആശാവർക്കറുമായി ബന്ധപ്പെട്ട് ആംബുലൻസിൽ കണ്ണൂർ ഗവ: ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയും ചെയ്തു. സ്ഥിതി മോശമാകാൻ തുടങ്ങിയതിനാൽ 2 ദിവസത്തിനു ശേഷം അവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഉടൻ തന്നെ സിസേറിയൻ വഴി കുഞ്ഞിനെ പുറത്തെടുക്കേണ്ടതുണ്ടെന്നും അല്ലേൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാകുമെന്നും ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് ഓപറേറ്റ് ചെയ്ത് കുഞ്ഞിനെ പുറത്തെടുത്തു.. പെൺ കുഞ്ഞ് …. കുഞ്ഞ് NICയുവിലും അമ്മ ICUവിലും അച്ചൻ വീട്ടിൽ ക്വാറന്റെനിലും… കാര്യങ്ങൾ ദയനീയം… ഉടൻ സഹപ്രവർത്തകരെ ( വെൽഫെയർ പാർട്ടി ) വിവരമറിയിച്ചു വനിതാപ്രവർത്തകരടക്കംഎല്ലാവരും കൂടെയുണ്ടാകുമെന്ന് ഉറപ്പുതന്നു . ജമാഅത്തെഇസ്ലാമി ചേലേരിഘടകം പ്രസിഡന്റ് ജബ്ബാർമാസ്റ്ററെ വിളിച്ച് എല്ലാവിധ സഹകരണവും ആവശ്യപ്പെട്ടു.. നാട്ടിലെ ഏത് വിഷയത്തിനും പെട്ടെന്ന് ബന്ധപ്പെടുവാൻ മാഷെഒഴിച്ച് വേറൊരാളില്ല …പിറ്റെ ദിവസം യുവാവിന്റെ ക്വാറന്റെൻ അവസാനിക്കുകയും രാവിലെതന്നെ ഹോസ്പിറ്റൽവരെ പോയി പുറത്ത് നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ്തിരിച്ചു വന്നു. അകത്ത് കടക്കാൻ അനുമതി ഇല്ലായിരുന്നു. അന്ന് വൈകു: ഡോക്ടറെ വിളിച്ച് അനുമതി വാങ്ങി PPE കിറ്റ്ധരിച്ച് അകത്ത് കടന്ന് ആദ്യമായി കുഞ്ഞിനെകണ്ടു പിന്നെ അമ്മയെയും . വെന്റിലേറ്ററിലായ ഭാര്യയോടൊപ്പം അൽപ നേരം ചിലവഴിച്ച് പുറത്തു വന്നു.. നീണ്ട ദിവസങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച ..പിറ്റെ ദിവസം ഡോക്ടറുടെ വിളിവന്നു വെന്റിലേറ്ററിൽ നിന്നും മാറ്റിയിരിക്കുന്നു.. നേരിയൊരു ആശ്വാസം … ഡോക്ടറുടെ അടുത്തവിളി കുട്ടിയെ വാർഡിലേക്ക് മാറ്റണം കൂടെ നിൽക്കാൻ ഒരു സ്ത്രീയെവേണം .. അന്വേഷണത്തിനിടയിൽ ഒരുസ്ത്രീ മുന്നോട്ടുവന്നു, സ്ത്രീയെ ഹോസ്പിറ്റലിലെത്തിച്ച് ടെസ്റ്റ് നടത്തി അകത്ത് കടത്തി ,കുട്ടിയെ വാർഡിലേക്ക് മാറ്റി . 2 ദിവസത്തിനു ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യണമെന്ന് അറിയിച്ചു. ഒരു പാർട്ടി പ്രവർത്തക വീട്ടിൽ വെച്ച് പരിപാലിക്കാമെന്നു മേറ്റു , കുട്ടിയെ ഡിസ്ചാർജ് ചെയ്യണമെങ്കിൽ Hospital ബില്ലടക്കണം . കണ്ണൂരിലെ യൂനിറ്റി സെന്റർ ബില്ലടക്കാനുള്ള സഹായങ്ങൾ ചെയ്തു തന്നു . ടീം വെൽഫെയർ പ്രവർത്തകർ വീട് അണുനശീകരണം നടത്തി ,2 പ്രവർത്തകർ കാറുമായി ചെന്ന് കുട്ടിയെ വീട്ടിലെത്തിച്ചു..പിറ്റെ ദിവസം ഭാര്യയെ കാണാൻ ICU വിലുള്ള സമയത്താണ് അവനെ വിളിച്ചത് കാര്യം കുറച്ച് സങ്കീർണമാണ് ചെറിയ വിതുമ്പലോടെ ഫോൺ കട്ടായി …

വീണ്ടും വിളിച്ച് സമാധാനിപ്പിച്ച് വേഗം നാട്ടിലേക്ക് വരാൻ പറഞ്ഞു, അവനെ പോയി കണ്ടു കാര്യങൾ അന്വോഷിച്ചു …. വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുന്നു ,ചുറ്റും രോഗികൾ മരിച്ചു കൊണ്ടിരിക്കുന്നു ,ചിലർ മരണ വെപ്രാളത്തിൽ നിലവിളിക്കുന്നു… എങ്ങിനെയെങ്കിലും ഇവിടെനിന്ന് ഒന്നു മാറ്റിത്തരുമോ എന്നായിരുന്നു അവളുടെ അപേക്ഷ… നിലവിൽ ഏത് ഹോസ്പിറ്റലുകളിലേക്കും മാറ്റൽ എളുപ്പമല്ല എന്നറിഞ്ഞുകൊണ്ടു തന്നെ.. പരിചയമുള്ള എല്ലാ ലിങ്കുകൾ ഉപയോഗിച്ചും ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിന്റെ ഇടയിൽ പിറ്റെദിവസം (ഇന്നലെ ) രാവിലെ 11 മണിക്ക് അവന്റെ വിളി വന്നു, ഹോസ്പിറ്റലിൽ നിന്നും വിളിച്ചിരുന്നു സ്ഥിതി മോശമാണ് അറീക്കാൻ പറ്റുന്നവരെ അറീച്ചോളൂ ..അല്ലേലും അങ്ങിനെ തന്നെയാണ് വിളി വരാറ് … മുന്നെ പെൺകുട്ടിയുടെ ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇവരുടെ ഒരുവിഷയവുമായി ഇങ്ങോട്ട് വിളിക്കരുത് എന്നാണ് മറുപടി… ചിലപ്പോൾ അത്രക്ക് കുടുംബക്കാരെ വേദനിപ്പിച്ചിട്ടുണ്ടാകാം.. അതിന്റെ കാര്യകാരണങ്ങൾ അന്വേഷിക്കേണ്ട കാര്യം നമുക്കില്ല അതിനു പറ്റിയ സമയമല്ലതാനും… അവസാന നോക്കു കാണാനെങ്കിലും ഒന്നുകൂടി വിളിച്ചു… നിലപാടിൽ മാറ്റമില്ല.. ഞങ്ങൾ ഹോസ്പിറ്റലിലേക്ക് എത്തുമ്പോഴേക്കും പുതിയങ്ങാടി മിനാർ Help Desk ന്റെ ആംബുലൻസുമായി ടീം വെൽഫെയർപ്രവർത്തകൻ അബ്ദുൽ ഖനി അവിടെ എത്തിയിരുന്നു , ബോഡി ഏറ്റുവാങ്ങി വൈകു: 4 മണിക്കു തന്നെ പയ്യാമ്പലം സ്മശാനത്തിൽ ദഹിപ്പിച്ചു.. തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും നേരം ഇരുട്ടി …. കുഞ്ഞിന്റെ കാര്യത്തിൽ ഇനിയും സങ്കീർണതകൾ ബാക്കി …..എന്തേലും വഴി തെളിഞ്ഞ് വരാതിരിക്കില്ല … ആദ്യാവസാനംവരെ കൂടെ നിന്ന സഹപ്രവർത്തകർ , ജമാഅത്തെഇസ്ലാമി ചേലേരി ഘടകം, അയൽവാസികൾ , ആശാവർക്കർ , കൊളച്ചേരി PHC നഴ്സുമാർ ,HI, വാർഡ് മെമ്പർ ,വില്ലേജ് ഓഫീസർ , മിനാർ ആംബുലൻസ്, മെഡിക്കൽ കോളേജിലെ ഡോക്ടേർസ്, നഴ്സുമാർ, കണ്ണൂർ യുനിറ്റി സെന്റർ, ടീം വെൽഫെയർ വളണ്ടിയർമാർ, സ്മശാനത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയ എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു… മുഹമ്മദ് ചേലേരി, (പ്രസി : വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്).