വെള്ളിത്തിരയിലെ മുകേഷിന്റെ അരങ്ങേറ്റത്തിന് ഇന്ന് 4 പതീറ്റാണ്ട് !!

വെള്ളിത്തിരയിലെ മുകേഷിന്റെ അരങ്ങേറ്റത്തിന് ഇന്ന് 4 പതീറ്റാണ്ട് . നടനും നിർമ്മാതാവും രാഷ്ട്രീയ പ്രവർത്തകനും സർവ്വോപരി കൊല്ലം MLA – യുമായ മുകേഷ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത് ബലൂൺ എന്ന ചിത്രത്തിലൂടെയാണ് .1982…

വെള്ളിത്തിരയിലെ മുകേഷിന്റെ അരങ്ങേറ്റത്തിന് ഇന്ന് 4 പതീറ്റാണ്ട് . നടനും നിർമ്മാതാവും രാഷ്ട്രീയ പ്രവർത്തകനും സർവ്വോപരി കൊല്ലം MLA – യുമായ മുകേഷ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത് ബലൂൺ എന്ന ചിത്രത്തിലൂടെയാണ് .1982 – ജനുവരി 8 – നാണ് ബലൂൺ റിലീസാകുന്നത് . കാളിദാസ കലാകേന്ദ്രത്തിലൂടെ ശ്രദ്ധേയനായ നടനും സംവിധായകനുമായ ഒ.മാധവന്റെയും പ്രശസ്ത അഭിനേത്രി വിജയകുമാരിയുടെയും മകനായ മുകേഷ് , കൊട്ടാരക്കര ശ്രീധരൻ നായരുടെ മകളായ ശോഭയോടൊപ്പമാണ് ബലൂണിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്നത് . അഭിനയ കുലപതികളുടെ മക്കളുടെ സിനിമാപ്രവേശനം എന്ന നിലയിൽ ബലൂൺ അത്യാവശ്യം പ്രീ പബ്ലിസിറ്റി നേടിയിരുന്നു.

ഒരു വൻ വിജയം നേടാനാവാത്ത ഈ ചിത്രത്തിൽ അക്കാലത്തു ശ്രദ്ധേയനായി കൊണ്ടിരിക്കുന്ന മമ്മൂട്ടിയും ഒരു വേഷം അവതരിപ്പിച്ചിരുന്നു . ബലൂൺ – ന് ശേഷം പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം , ബോയിംഗ് ബോയിംഗ് , നിന്നിഷ്ടം എന്നിഷ്ടം (കഥ) , മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു തുടങ്ങിയ ചിത്രങ്ങളിലൂടെ പതിയെ പ്രേക്ഷക ശ്രദ്ധ നേടി എടുത്തു . ശ്യാമ മുതൽ ജോഷിയേ പോലുള്ള മുൻ നിര സംവിധായകരുടെ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു . നിരവധി സഹനടൻ വേഷങ്ങൾക്ക് ശേഷം മുകേഷിന് ലഭിച്ച ഉപനായക കഥാപാത്രമായിരുന്നു റാംജി റാവു സ്പീക്കിംഗ് – ലെ ഗോപാലകൃഷ്ണന്റെ റോൾ . ഇരട്ട സംവിധായകരായ സിദ്ധിഖ് – ലാൽ കൂട്ടുകെട്ടിന്റെ പ്രഥമ സംവിധാന സരംഭമായിരുന്നു റാംജി റാവു സ്പീക്കിംഗ് . ചിരിയോ ചിരി എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോനാണ് മലയാള സിനിമയിൽ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ജീവത് പ്രതിസന്ധികളും അവരുടെ കൊച്ചു കൊച്ചു തട്ടിപ്പുകളും പ്രമേയവൽക്കരിക്കുന്നത് . ഇതിന്റെ ഒരു Extended version എന്നു പറയാവുന്ന ഒന്നായിരുന്നു സിദ്ധിഖ് – ലാൽ രചന നിർവ്വഹിച്ച നാടോടിക്കാറ്റ് . സമാന പ്രമേയം തന്നെയായിരുന്നു റാംജി റാവു സ്പീക്കിംഗ് – ലേതും .സൂപ്പർ ഹിറ്റായ മാറിയ ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ പുതിയ ഒരു ട്രെന്റ് രൂപപ്പെട്ടു.

മുകേഷിന്റെ ഭാഷയിൽ പറഞ്ഞാൽ ” മമ്മൂട്ടിയുടേയോ മോഹൻലാലിന്റെയോ അനിയൻമാരോ അയൽവാസികളോ ആയി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമായിരുന്ന ഒരു നിര സഹനടൻമാരെ നായകനിരയിലേക്ക് കൈ പിടിച്ചുയർത്താൻ റാംജി റാവു സ്പീക്കിംഗ് – ന്റെ വൻ വിജയം ഒരു നിമിത്തമായി മാറി “. റാംജി റാവു സ്പീക്കിംഗ് ഉണ്ടാക്കിയെടുത്ത തരംഗം അതിന്റെ ഉച്ഛസ്ഥായിലെത്താൻ കാരണമായത് സിദ്ധിഖ് – ലാൽ കൂട്ടുകെട്ടിന്റെ തന്നെ മറ്റൊരു ചിത്രമായ ഇൻ ഹരിഹർ നഗർ നേടിയ അഭൂതത പൂർവ്വമായ വിജയമായിരുന്നു . തുടർന്നങ്ങോട്ട് മലയാള സിനിമയിൽ കോമഡി ചിത്രങ്ങളുടെ ഒരു ചാകര തന്നെയായിരുന്നു . മമ്മൂട്ടിക്കും മോഹൻലാലിനും പിന്നിൽ ശക്തമായ ഒരു രണ്ടാം നിര രൂപപ്പെട്ടു വന്നു . ഈ രണ്ടാം നിരയിൽ പ്രമുഖനായി വിലസാൻ മുകേഷിന് കഴിഞ്ഞു . ലോ ബജറ്റ് ചിത്രങ്ങളിൽ ; തട്ടിപ്പും തരികിടയും കൈമുതലായുള്ള നായക വേഷങ്ങളിൽ മുകേഷ് തിളങ്ങി നിന്നു . മലയാള സിനിമാ ചരിത്രത്തിൽ തന്നെ റിലീസ് കേന്ദ്രത്തിൽ 400 – ലേറെ ദിനങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ച് റെക്കോഡ് സൃഷ്ടിച്ച ഗോഡ്ഫാദർ എന്ന സിദ്ധിഖ് – ലാൽ ചിത്രത്തിലെ നായക വേഷവും മുകേഷിൽ ഭദ്രമായിരുന്നു . ടൈറ്റിൽ കഥാപാത്രമായി അഭിനയിച്ച എൻ.എൻ. പിള്ളയുടെ പ്രകടനത്തിന് മുന്നിൽ നിഷ്പ്രഭനായെങ്കിൽ തന്നെയും രാമഭദ്രൻ എന്ന മുകേഷിന്റെ കഥാപാത്രത്തിന് ഇന്നും ധാരാളം ഫാൻ ഫോളോയിംഗ് ഉണ്ട് .

90 – കളുടെ മധ്യത്തോടെ കോമഡി ചിത്രങ്ങളുടെ തരംഗം അവസാനിച്ചെങ്കിലും നായകനിരയിൽ തന്നെ തിളങ്ങി നിൽക്കാൻ മുകേഷിന് കഴിഞ്ഞു . ഹിറ്റ്ലർ , ഫ്രണ്ട്സ് , ക്രോണിക് ബാച്ച്‌ലർ തുടങ്ങിയ സിദ്ധിഖ് ചിത്രങ്ങളിലെ ഉപനായക വേഷങ്ങൾ നായകനൊപ്പം കയ്യടി നേടി കൊടുത്തവയാണ്. 2002 വിഷു സീസണിൽ റിലീസായ പകൽപ്പൂരം എന്ന ചിത്രമാണ് സോളോ ഹീറോ എന്ന നിലയിൽ മുകേഷിന്റെ അവസാന ഹിറ്റ് ചിത്രം . മലയാള സിനിമയിൽ ദിലീപ് തരംഗം ആഞ്ഞടിക്കുകയും ജയസൂര്യ ഇന്ദ്രജിത്ത് , പ്രഥ്വിരാജ് , ഫഹദ് ഫാസിൽ തുടങ്ങിയ ഒരു നിര താരങ്ങൾ കടന്ന് വരികയും ചെയ്ത വർഷം കൂടിയായിരുന്നു 2002 . കാറ്റിന്റെ ഗതി മാറിയത് മറ്റാരെക്കാളും മുമ്പേ തിരിച്ചറിഞ്ഞ മുകേഷ് പതിയെ സഹനടൻ വേഷങ്ങളിലേക്ക് ചുവട് മാറി . മുകേഷിന്റെ കരിയറിലെ മൂന്നാം ഇന്നിംഗ്സ് അവിടെയാരംഭിക്കുകയായിരുന്നു . തുടർന്ന് ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ മലയാള സിനിമയിൽ സജീവ സാനിധ്യമായി തന്നെ മുകേഷ് തുടർന്നു . ഇതോടൊപ്പം തന്നെ നിർമ്മാണത്തിലും ഒരു കൈ നോക്കാൻ മുകേഷ് തീരുമാനിച്ചു . ശ്രീനിവാസനോടൊപ്പം ചേർന്ന് ലൂമിയർ ഫിലിം കമ്പനി എന്ന പ്രൊഡക്ഷൻ കമ്പനി രൂപീകരിച്ച് ” കഥ പറയുമ്പോൾ ” എന്ന സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ചത് മുകേഷാണ് . ചലച്ചിത്ര മേഖലയിലെ വിജയം രാഷ്ട്രീയ രംഗത്തും അവർത്തിക്കാൻ മുകേഷിന് കഴിഞ്ഞു . വ്യക്തി ജീവിതത്തിലെ വിവാദങ്ങൾ രാഷ്ട്രീയ മത്സര രംഗത്തെ കാര്യമായി ബാധിച്ചില്ല എന്നു വേണം കരുതാൻ . തുടർച്ചയായി രണ്ട് വട്ടവും നിയമസഭാംഗത്വം നേടാൻ മുകേഷിന് കഴിഞ്ഞു.

തന്റെ നെഗറ്റീവുകളെ പോസിറ്റീവാക്കി മാറ്റാൻ അറിഞ്ഞോ അറിയാതെയോ മുകേഷിന് പലപ്പോഴും സാധിക്കുന്നുണ്ട് . ഫോൺ വിളി വിവാദങ്ങൾ ; ചെറുപ്പക്കാർക്കിടയിൽ മുകേഷിന്റെ ഫാൻ ബേസ് കൂട്ടാനേ ഉപകരിച്ചിട്ടുള്ളൂ ..MLA പദവിയിലിരിക്കുമ്പോഴും രാമഭദ്രനും മഹാദേവനും ഗോപാലകൃഷ്ണനുമൊക്കെ ആയിട്ടായിരിക്കാം അദ്ദേഹത്തെ പൊതു ജനം കാണുന്നതെന്നു തോന്നുന്നു . മുകേഷ് കഥാപാത്രങ്ങൾക്ക് കൾട്ട് സ്റ്റാറ്റസ് നൽകി യുവാക്കൾ ഇന്നും ആഘോഷിക്കുന്നുണ്ടെങ്കിലും ഒരു അഭിനേതാവ് എന്ന നിലയിൽ ഉയരങ്ങൾ കീഴടക്കാൻ ഇനിയും മുകേഷിന് സാധിച്ചിട്ടുണ്ടോ എന്ന സംശയം ബാക്കിയാകുന്നു . നാടക രംഗത്ത് ഒ.മാധവൻ ഒരു അതികായകനായിരുന്നു എങ്കിൽ മുകേഷ് ആ പദവിയിൽ നിന്നും കാതങ്ങൾ അകലെയാണ് എന്ന് തന്നെയാണ് വ്യക്തിപരമായി എന്റെ അഭിപ്രായം . എന്തായാലും , മലയാള സിനിമയിൽ നാല് പതീറ്റാണ്ട് കാലമായി സജീവ സാന്നിധ്യമായി നിൽക്കുന്ന മുകേഷിന് ആശംസകൾ