സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ചു..!

ജാതകം എന്ന സിനിമയിലെ ‘പുളിയിലക്കരയോലും പുടവചുറ്റി കുളുര്‍ ചന്ദനത്തൊടുകുറി ചാര്‍ത്തി…എന്ന് തുടങ്ങുന്ന ഗാനം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.. ഇപ്പോഴിതാ ഈ ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ച സംഗീത സംവിധായകന്‍ ആര്‍. സോമശേഖരന്‍ അന്തരിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്. 77 വയസായിരുന്നു… ഇന്ന് പുലര്‍ച്ചെ 5:15-ന് തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു വിയോഗം.

തിരുവനന്തപുരം സ്വദേശിയാണ് ഇദ്ദേഹം. തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ സൗപര്‍ണികയില്‍ ആയിരുന്നു ആര്‍. സോമശേഖരനും കുടുംബവും താമസിച്ച് വന്നത്. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും ഉള്ള എല്ലാ സംഗീത പ്രേമികള്‍ക്കും അനുശോചനം അറിയിച്ച് എത്തുകയാണ്. ഗായിക ചിത്ര, ഗായകന്‍ ജി വേണുഗോപാല്‍ എന്നിവരെല്ലാം അനുശോചനം അറിയിക്കുകയാണ്. ‘സംഗീത സംവിധായകന്‍ സോമശേഖരന്‍ സാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, ഈ നഷ്ടം മറികടക്കാന്‍ ദൈവം കുടുംബത്തെ ശക്തിപ്പെടുത്തട്ടെ’എന്നാണ് കെ എസ് ചിത്ര ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്ര പങ്കുവെച്ച പോസ്റ്റിന് അടിയിലും നിരവധിപ്പേരാണ് ആദരാഞ്ജലികള്‍ അറിയിക്കുന്നത്. ‘സംഗീത സംവിധായകനും ഗായകനുമായിരുന്ന സോമന്‍ ചേട്ടന്‍

ഇനി നമ്മോടൊപ്പമില്ല’, എന്നാണ് ആര്‍. സോമശേഖരന്റെ വിയോഗത്തില്‍ ഗായകന്‍ ജി വേണുഗോപാല്‍ കുറിച്ചത്. ആര്‍ദ്രം, വേനല്‍ക്കാലം, അയാള്‍, ബ്രഹ്‌മാസ്ത്രം, മിസ്റ്റര്‍ പവനായി, ഇതും ഒരു ജീവിതം, തുടങ്ങിയവയായിരുന്നു അദ്ദേഹം സംഗീതം നിര്‍വ്വഹിച്ച മറ്റ് സിനിമകള്‍.

 

Nikhina