സംഗീത സംവിധായകന്‍ ഔസേപ്പച്ചന് പാട്ടിന്റെ പൂക്കാലമൊരുക്കി ഭിന്നശേഷിക്കുട്ടികള്‍

സംഗീതത്തിന്റെ വസന്തം തീര്‍ത്ത് ഔസേപ്പച്ചനെ അത്ഭുതപ്പെടുത്തി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. ഔസേപ്പച്ചനെ അദ്ദേഹം സംഗീതം ചെയ്ത ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് ഭിന്നശേഷിക്കുട്ടികള്‍ സ്വാഗതം ചെയ്തത്. ശ്രുതി തെറ്റാതെ, വരികള്‍ ചോരാതെ അവര്‍ കൃത്യമായി പാടിത്തകര്‍ത്തപ്പോള്‍ പലപ്പോഴും സംഗീത മാന്ത്രികന് വാക്കുകള്‍ നഷ്ടപ്പെട്ടു. ഔസേപ്പച്ചന്‍ സംഗീതം നിര്‍വഹിച്ച അനശ്വരഗാനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഭിന്നശേഷിക്കുട്ടികള്‍ സ്നേഹസമ്മാനമായി ആലപിച്ചു.

തുടര്‍ന്ന് വയലിനില്‍ മാസ്മര സംഗീതം തീര്‍ത്ത് ഔസേപ്പച്ചനും ഒപ്പം ചേര്‍ന്നു. താമരനൂലിനാല്‍ മെല്ലെയെന്‍ മേനിയില്‍ എന്ന ഗാനത്തിന്റെ വയലിന്‍ വാദനത്തിന് കാഴ്ചപരിമിതയായ പാര്‍വതി ആലാപന സൗന്ദര്യം കൊണ്ട് പൂര്‍ണത നല്‍കി. ദേവദൂതര്‍ പാടി എന്ന ഗാനത്തിന് കാശിനാഥും സംഘവും നൃത്തച്ചുവടുകളുമായെത്തിയതോടെ കാഴ്ചക്കാര്‍ ഉത്സവപ്രതീതിയിലായി. അക്ഷരാര്‍ത്ഥത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററിനെ പാട്ട് സാഗരമാക്കുകയായിരുന്നു ഓരോ നിമിഷവും. സംഗീത വിരുന്നിന് കീബോര്‍ഡിസ്റ്റ് അനൂപ് കോവളം പശ്ചാത്തലമൊരുക്കി. ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് ഫ്യൂഷന്‍ മ്യൂസിക് അവതരിപ്പിക്കുന്നതിനും പ്രകൃതിയെക്കണ്ട് ചിത്രരചന നടത്തുന്നതിനുമായി ആരംഭിച്ച സിംഫോണിയ, ആര്‍ട്ടീരിയ എന്നീ വേദികളുടെ ഉദ്ഘാടന ചടങ്ങിലാണ് കാണികളെ സംഗീത മഴയില്‍ നനയിച്ച പ്രകടനങ്ങള്‍ അരങ്ങേറിയത്.

ദൈവീകമായ കലയെ ദൈവത്തിന്റെ കുഞ്ഞുങ്ങള്‍ വളരെ സവിശേഷതയോടെ അവതരിപ്പിക്കുന്ന സ്വര്‍ഗമാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്ന് ഔസേപ്പച്ചന്‍ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ഓരോ ഗാനം കഴിയുമ്പോഴും തനിക്ക് അവരെ പ്രശംസിക്കുവാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ഇവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കുവാനുണ്ടെന്നും ഭൂമിയില്‍ ഓരോ മനുഷ്യനും പിറക്കുന്നതിന്റെ നിയോഗം മനസ്സിലാക്കാന്‍ ഈ സെന്റര്‍ സന്ദര്‍ശിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറയുമ്പോള്‍ വാക്കുകള്‍ വിതുമ്പുന്നുണ്ടായിരുന്നു. ഭിന്നശേഷി തൊഴില്‍ ശാക്തീകരണത്തിന്റെ ഭാഗമായി ഒരുക്കുന്ന യുണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്ററില്‍ നിര്‍മിച്ചിരിക്കുന്ന സിംഫോണിയ-സംഗീത വേദി ഔസേപ്പച്ചനും ആര്‍ട്ടീരിയ-ചിത്രരചനാ വേദി ചിത്രകാരനും ശില്‍പ്പിയുമായ എന്‍.എന്‍ റിംസനും ഭിന്നശേഷി മേഖലയ്ക്കായി സമര്‍പ്പിച്ചു.

ചലച്ചിത്രതാരം ജയരാജ് വാര്യര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബോര്‍ഗ്രോസ് വാര്‍ണര്‍ യു.കെ ലിമിറ്റഡ് ചെയര്‍മാന്‍ നസീര്‍ വെളിയില്‍, പ്രാര്‍ത്ഥന ഫൗണ്ടേഷന്‍ ചീഫ് വോളന്റിയര്‍ കുര്യന്‍ ജോര്‍ജ്, ബാലുശങ്കര്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുത്തു. ആര്‍ട്ടീരിയയില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയിലെ അമ്പതോളം ചിത്രകാരന്മാരുടെ തത്സമയ ചിത്രരചനയും നടന്നു. ഭിന്നശേഷിക്കുട്ടികള്‍ക്ക് ഉപകരണസംഗീത, ചിത്രകല മേഖലയിലെ തങ്ങളുടെ പാടവം തത്സമയം പ്രദര്‍ശിപ്പിക്കുവാനാണ് ഈ വേദികള്‍ സജ്ജീകരിച്ചിരിക്കുന്നത്. വേദികളില്‍ പകല്‍ മുഴുവന്‍ സംഗീതവും ചിത്രരചനയും നടക്കും. കുട്ടികള്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ സെന്ററില്‍ത്തന്നെ പ്രദര്‍ശിപ്പിക്കുവാനും വില്‍ക്കുവാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിഹാല്‍സ്, പ്രാര്‍ത്ഥന ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് വേദികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. യൂണിവേഴ്‌സല്‍ എംപവര്‍മെന്റ് സെന്റര്‍ പദ്ധതി നവംബറില്‍ നാടിന് സമര്‍പ്പിക്കും.

Gargi