മികച്ച ഗാനത്തിനുള്ള ഓസ്‌കർ സ്വന്തമാക്കി ‘നാട്ടു നാട്ടു’

95-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ തിളങ്ങി ഇന്ത്യ. എസ് എസ് രാജമൗലിയുടെ ആർആർആറിലെ ‘നാട്ടു നാട്ടു ഗാനത്തിന്’ മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം ലഭിച്ചു. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് ഗാനത്തിന് അവാർഡ്. നേരത്തെ ഗോൾഡൻ…

95-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ തിളങ്ങി ഇന്ത്യ. എസ് എസ് രാജമൗലിയുടെ ആർആർആറിലെ ‘നാട്ടു നാട്ടു ഗാനത്തിന്’ മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം ലഭിച്ചു. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് ഗാനത്തിന് അവാർഡ്. നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നാട്ടു നാട്ടു നേടിയിരുന്നു.സംഗീതസംവിധായകൻ എം.എം കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

ചന്ദ്രബോസിൻറെ വരികൾക്ക് കീരവാണിയാണ് സംഗീതം നൽകിയിരിക്കുന്നത്. രാഹുൽ സിപ്ലിഗഞ്ച്, കാലഭൈരവ എന്നിവർ ചേർന്നാണ് പാട്ടു പാടിയിരിക്കുന്നത്. സിനിമയിൽ രാം ചരണിൻറെയും ജൂനിയർ എൻ.ടി.ആറിൻറെയും ചടുലമായ നൃത്തച്ചുവടുകളുടെ അകമ്പടിയോടെയാണ് ഈ ഗാനം ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. പ്രേം രക്ഷിതാണ് കൊറിയോഗ്രഫി നിർവഹിച്ചത്.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർ.ആർ.ആർ (രുധിരം, രൗദ്രം, രണം). 450 കോടിയിൽ ഒരുങ്ങിയ ആർആർആർ റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. 1,200 കോടിയിലധികം നേടിയ ആർആർആർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ സിനിമയാണ്.1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് എസ് എസ് രാജമൗലി ആർആർആർ എന്ന സിനിമയിലൂടെ പറഞ്ഞത്