ഭിഷഗ്വരന്‍ നമ്മെ ഭിക്ഷക്കാരാക്കുന്നവരോ…??

“ജാതസ്യ ഹ്രി ധ്രുവോ മൃത്യുര്‍- ധ്രുവം ജന്മ മൃതസ്യ ച തസ്മാദപരിഹാര്യേർേഥ ന ത്വം ശോചിതുമര്‍ഹസി” (ജന്മമുള്ളവന്നു മരണം നിശ്ചയമാകുന്നു. മരണമുള്ളവന്നു ജന്മവും നിശ്ചയമാകുന്നു. അതിനാല്‍ ജനനമരണങ്ങള്‍ നിവൃത്തിയില്ലാത്ത കാര്യമാകുന്നു. അങ്ങനെ നിവൃത്തിയില്ലാത്ത കാര്യത്തില്‍…

“ജാതസ്യ ഹ്രി ധ്രുവോ മൃത്യുര്‍-

ധ്രുവം ജന്മ മൃതസ്യ ച

തസ്മാദപരിഹാര്യേർേഥ

ന ത്വം ശോചിതുമര്‍ഹസി”

(ജന്മമുള്ളവന്നു മരണം നിശ്ചയമാകുന്നു. മരണമുള്ളവന്നു ജന്മവും നിശ്ചയമാകുന്നു. അതിനാല്‍ ജനനമരണങ്ങള്‍ നിവൃത്തിയില്ലാത്ത കാര്യമാകുന്നു. അങ്ങനെ നിവൃത്തിയില്ലാത്ത കാര്യത്തില്‍ നീ വ്യസനിക്കരുത്. –ഭഗവത്ഗീത-)

തന്‍റെയും കുടുംബത്തിന്‍റെയും ആയുരാരോഗ്യ സൗഖ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാത്തവരായി ആരുംതന്നെ ഉണ്ടാവാന്‍ വഴിയില്ല നമുക്കിടയില്‍. എത്ര വലിയ ആശുപത്രികളിൽ ചികിത്സിച്ചാലും എത്ര മിടുക്കന്മാരായ ഡോക്ടറന്മാരെ കാണിച്ചാലും, ഏതൊരു രോഗിയും അവസാനം എത്തിപ്പെടുന്ന ഒരു “ഓപ്ഷന്‍” ഉണ്ട്. “പ്രാര്‍ത്ഥന…” ഡോക്ടര്‍മാരായാലും ആശുപത്രി അധികൃതരായാലും പറയുന്ന അവസാന വാക്ക്…

“പ്രാര്‍ത്ഥിക്കുക..”

ലോകം ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നുപൊയ്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. ലോകത്തിനൊപ്പം നമ്മുടെ കൊച്ചുകേരളവും ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ആരോഗ്യരംഗത്ത് ഒരുപാട് മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ..?

കേരളത്തിന്‍റെ വിപ്ലവകരമായ മാറ്റം എന്നു ഞാന്‍ ഉദ്ദേശിച്ചത്…

പണ്ട് ഒരു സാധാരണ മലയാളിയുടെ അസുഖങ്ങൾ എന്നു പറയുന്നത് വര്‍ഷത്തിൽ ഒരിക്കലോമറ്റോ വരുന്ന ഒരു പനിയോ, അല്ലെങ്കില്‍ വയറുവേദന, പല്ലുവേദന, വയറിളക്കം എന്നിവയിലൊക്കെ ഒതുങ്ങിയിരുന്നതാന്നെങ്കിൽ, ഇന്ന് അവ പ്രഷര്‍, ഷുഗർ, ക്യാന്‍സർ, ഹാര്‍ട്ട്അറ്റാക്ക് എന്നിങ്ങനെയൊക്കെയുള്ള ന്യൂജെനെറേഷൻ രോഗങ്ങള്‍ക്ക് വഴിമാറിയിരിക്കുന്നു. ഇത്തരം അസുഖങ്ങളുടെ പേരുകൾ നമ്മിൽ പലരും പറയുന്നതുതന്നെ വളരെ അഭിമാനത്തോടെയാണ്..!!

കാലത്തിനൊത്ത് കോലവും, ജീവിതരീതിതന്നെയും മാറിയപ്പോള്‍ മലയാളിക്കു കിട്ടിയിരിക്കുന്ന അഭിമാനിക്കാവുന്ന പേരുകൾ ആണ് മേല്പറഞ്ഞവയൊക്കെ..!! ഇത്തരം അസുഖങ്ങളുടെയൊക്കെ ഒരു പ്രത്യേകതയെന്നു പറഞ്ഞാൽ, എത്ര പണമുള്ളവനായിക്കൊള്ളട്ടേ, ഇവയിലേതെങ്കിലും ഒരസുഖം വന്നാല്‍മതി അവർ താനറിയാതെതന്നെ പാവപ്പെട്ടവനായിക്കൊള്ളും..! ഇനി, പാവപ്പെട്ടവനാണ് ഇത്തരം അസുഖങ്ങൾ വരുന്നതെങ്കിൽ അവന്‍റെ കാര്യംപോക്കാ..! ഉള്ള കിടപ്പാടം പോയിക്കിട്ടുമെന്നുമാത്രമല്ല പലരെയും ഇത്തരം സന്ദര്‍ഭങ്ങൾ ആത്മഹത്യയിലേയ്ക്കുവരെ നയിക്കാറുണ്ട്. അതമ്ഹത്യ ചെയ്യുവാന്‍ താല്പര്യമില്ലാത്തവരാണെങ്കിൽ പേടിക്കേണ്ട, ആശുപത്രിക്കാർ കൊന്നുകൊലവിളിച്ചുകൊള്ളും..!!!

ആരോഗ്യ പരിപാലനം – ഒരു വ്യവസായമായി മാറിയ സാഹചര്യമാണല്ലോ ഇന്നത്തേത്. കേരളത്തിൽ ഇന്ന് ഏറ്റവും വിശ്വസ്തതയോടെ ചെയ്യാവുന്ന, ഏറ്റവും ലാഭകരമായ ബിസ്സിനസ്സുകളിൽ ഒന്നാണ് ആരോഗ്യപരിപാലനം. കാരണം, “രോഗം – രോഗി – ഡോക്ടര്‍” ഈ മൂന്ന് സാധനങ്ങള്‍ ആണല്ലോ ഈ ബിസ്സിനസ്സിനു വേണ്ട പ്രധാന ചേരുവകകള്‍. ഇവയ്ക്കു മൂന്നിനും ഇന്ന് നമ്മുടെ കേരളത്തിൽ യാതൊരു പഞ്ഞവും ഇല്ലായെന്നുള്ളകാര്യം ഒരു യാഥാര്‍ത്ഥ്യമാണ്. ഇതില്‍ത്തന്നെ ഈ കച്ചവടത്തിന്‍റെ നെടുംതൂണെന്നു പറയുന്നത് –രോഗം- എന്നുപറയുന്ന ഒന്നാണല്ലോ. ആ ഒരു അവസ്ഥയില്ലാത്തവരായി അല്ലെങ്കില്‍ എന്തെങ്കിലുമൊരു രോഗമില്ലത്തവരായി ആരെങ്കിലും ഇന്ന് കേരളത്തിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല. അഥവാ ഉണ്ടെങ്കില്‍ അവരെ പൊന്നാടയനിയിക്കണം..! പറ്റുമെങ്കിൽ പ്രസിഡന്റിന്‍റെ കൈയ്യിൽ നിന്നും പട്ടും

വളയും വാങ്ങിക്കൊടുക്കണം. കാരണം, നമ്മള്‍ കഴിക്കുന്ന ഭക്ഷണം, കുടിക്കുന്ന വെള്ളം, എന്തിനു ശ്വസിക്കുന്ന വായുപോലും വിഷലിപ്തമാണ്. അങ്ങിനെയുള്ള നാട്ടിൽ അസുഖങ്ങളില്ലാത്തവരായി ആരെങ്കിലും ഉണ്ടെങ്കില്‍ തീര്‍ച്ചയായും അവരെ ആദരിക്കേണ്ടതല്ലേ..?

നമ്മുടെ ആരോഗ്യരംഗം കുറച്ചുപിന്നിലേയ്ക്കു ഒന്ന് തിരിഞ്ഞുനോക്കുകയാണെങ്കിൽ, അതായത്:-

പണ്ടൊക്കെ എന്തെങ്കിലും അസുഖംവന്നാൽ നേരെ ഓടി രാമൻ വൈദ്യന്‍റെയടുത്തുചെല്ലും. അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ, മുന്നിലിട്ടിരിക്കുന്ന സ്റ്റൂളിൽ ഇരിക്കുവാൻ പറയും. നാട്ടുവിശേഷങ്ങളോടൊപ്പം അസുഖത്തെക്കുറിച്ചും മറ്റും ചോദിച്ചു മനസിലാക്കുന്നു. തുടര്‍ന്ന് പരിശോധനകൾ തുടങ്ങുന്നു. പരിശോധനയെന്നുപറഞ്ഞാല്‍ കൊമ്പും കുഴലുമൊന്നും വച്ചുള്ള നോട്ടമൊന്നുമല്ല. കൈയ്യിലെ നാഡിയൊന്നുപിടിച്ചു നോക്കുന്നു.. നാക്കൊന്നു നീട്ടിക്കാണിക്കുവാൻ പറയുന്നു.. നെഞ്ഞത്തും മുതുകിലുമൊക്കെ കൈപത്തിവെച്ച് ഒന്നു പരിശോധിക്കുന്നു… കണ്ണുകള്‍ ഒന്നു മിഴിച്ചുകാണിക്കുവാൻ പറയുന്നു… തീര്‍ന്നു…!! സ്റ്റെതസ്കോപ്പും മറ്റുംവെച്ച് ഇന്നുള്ള ഡോക്ടര്‍മാർ തുടങ്ങുന്ന പരിശോധനയിലെ, ബ്ലഡ് ടെസ്റ്റുതുടങ്ങി സകലമാന ടെസ്റ്റിങ്ങ്കളും സ്കാനിങ്ങുംവരെ കഴിയും അദ്ദേഹത്തിന്‍റെയാ പരിശോധനയിൽ. അതിനുശേഷം, കുഞ്ഞുകുഞ്ഞു പൊതികളാക്കി കുറച്ചു പഞ്ചസാരപ്പൊടി മരുന്നുകൾ തരുന്നു. നാലഞ്ചു രൂപ കൊടുക്കുന്നു… ഒരസുഖം വന്നതിന്‍റെ ചികിത്സയാണവിടെ തീര്‍ന്നത്.. രണ്ടോ മൂന്നോ ദിവസ്സങ്ങള്‍കൊണ്ട് അസുഖം പമ്പകടക്കുന്നു… ശുഭം…!!

ഇന്നാണെങ്കിലോ.. ഡോക്റ്ററെക്കാണുവാൻ ഹോസ്പിറ്റലിലോ സ്വകാര്യവസതിയിലോ ചെല്ലുന്നു… ടോക്കണ്‍ എടുത്ത് ക്യു നില്‍ക്കുന്നു… എത്ര കടുത്ത അസുഖമാണെങ്കിലും ക്യു നിന്നേ പറ്റൂ.. നേഴ്സിന്‍റെ കിളിനാദത്തിനായ് കാതോർത്തിരിക്കുന്നൂ.. കാത്തിരിപ്പിന്‍റെ അവസാനം വിളിവരുന്നു… ഡോക്ടറുടെ മുന്നില്‍ചെന്ന് ഭവ്യതയോടെയിരിക്കുന്നു.. ഗൗരവം വിടാതെ ഡോക്ടര്‍ പരിശോധനകള്‍ ആരംഭിക്കുന്നു.. കൊമ്പും കുഴലുമൊക്കെവെച്ചുള്ള പരിശോധനകള്‍.. അവസാനം ടെസ്റ്റുകളുടെ ഒരു നീണ്ട ലിസ്റ്റ് തരുന്നു.. ഡോക്ടറുടെ സ്വകാര്യ ശേഖരത്തിൽ നിന്നും കുറെ ഗുളികകൾ തരുന്നു… തനിക്കു കമ്മീഷൻ കിട്ടുന്ന മെഡിക്കൽ ഷോപ്പുകളിൽ മാത്രംകിട്ടുന്ന കുറെ മരുന്നുകൾ പുറത്തേയ്ക്കും എഴുതിതരുന്നു.. മിനിമം അഞ്ചു ദിവസ്സമെങ്കിലും കഴിക്കേണ്ട മരുന്നുകള്‍ ആയിരിക്കും എല്ലാം.. അവസാനം നമുക്കു വളരെയധികം സന്തോഷം നല്‍കുന്നരീതിയിലുള്ള “നല്ലൊരു” ബില്ലും തരുന്നു.. ആ ബില്ല് കാണുമ്പോള്‍തന്നെ ഒരു 100 ഡിഗ്രി പനിയുള്ളവന്‍റെയൊക്കെ പനി നേരെ 150-200 ഡിഗ്രിയാവുന്നു.. പിന്നെ ഒന്നുരണ്ടാഴ്ചത്തെയ്ക്ക് സുഖം.. സുന്ദരം… എന്താല്ലേ…!!

ഇപ്പറഞ്ഞത്‌ ചെറുത്… ഞങ്ങളുടെ കൊച്ചിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ “ചീളുകേസ്..”

ഇതൊന്നുമല്ല…

ഈ മേഖലയിലെ വമ്പൻ സ്രാവുകളെക്കുറിച്ചാണ് ഇനിപ്പറയുന്നത്..

വമ്പൻ സ്രാവുകളെന്നുപറഞ്ഞാൽ നല്ലൊന്നാംതരം കൊമ്പൻ സ്രാവുകൾ..

ഇന്നത്തെകാലത്ത് ഒരു ഹോസ്പിറ്റൽ എന്നൊക്കെ പറഞ്ഞാൽ… പണ്ട്, അസുഖം വരുമ്പോൾ ഓടിച്ചെന്ന് രാമൻ വൈദ്യനെ കണ്ടിരുന്ന പരുപാടിപോലൊന്നും അല്ല..

ആതുരാലയങ്ങളെന്നു പറയുന്നതിനെക്കാളും ഇവയ്ക്കു ചേരുന്നത് കോര്‍പറേറ്റ് സ്ഥാപനങ്ങൾ എന്നു പറയുന്നതാവും. ഹോട്ടലുകള്‍ക്ക് സ്റ്റാർ പദവിയൊക്കെ കൊടുത്തിരിക്കുന്നതുപോലെ ഇവയ്ക്കുമുണ്ട് നക്ഷത്ര പദവികൾ..!!

നിങ്ങള്‍ക്കൊരു കൊച്ചു വിമാനമോ, ഒരു കൊച്ചു ഹെലികോപ്ടറോ ഒക്കെ ഉണ്ടെങ്കിൽ നഗരത്തിലെ ബ്ലോക്കിലോന്നും പെടാതെ നേരെ അവിടെചെന്നിറങ്ങി ചികിത്സിച്ചു മടങ്ങിപ്പോരാവുന്ന സംവിധാനങ്ങൾ വരെ ഇത്തരം സ്ഥാപനങ്ങളിൽ ഉണ്ട്.. നിങ്ങള്‍ക്ക് വേണമെങ്കിൽ ഉല്ലാസനൌകകളിൽ വരെ അവിടെ എത്തിപ്പെടാം.. “അസുഖ ചികിത്സ – സുഖ ചികിത്സ..” ഏതുതരം ചികിത്സകൾ വേണമെങ്കിലും ഇവിടങ്ങളിൽ കിട്ടും. പണത്തിന്‍റെ ചാക്ക് കരുതിയിരിക്കണമെന്നു മാത്രം..! കാലിചക്കല്ലാട്ടോ… നല്ല പെടപെടയ്ക്കണ പുത്തനുള്ള ചാക്ക്…!!

രോഗിയുടെ പിന്നാമ്പുറമൊക്കെ അറിഞ്ഞതിനു ശേഷം മാത്രമേ ഇത്തരം ആശുപത്രികളിൽ – സോറി, സ്ഥാപനങ്ങളിൽ(വെറുതെ ഒരു ആശുപത്രി എന്നൊക്കെ പറയുന്നത് മോശമല്ലേ..) ചികിത്സകള്‍ ആരംഭിക്കുകയുള്ളൂ. പുത്തനുള്ള കുടുംബത്തിലെയാണോ എന്നതാണ് ആദ്യം അന്വേഷിക്കുന്നത്. ആസ്തിയനുസരിച്ച് രോഗത്തിന്‍റെയും, ചികിത്സയുടെയും നിലവാരവും രീതികളും മാറുമെന്നതാണ് മറ്റൊരുകാര്യം.

ഒരുപാടു മാന്ത്രിക വിദ്യകൾ അറിയാവുന്നവരാണ് പല പ്രമുഖ സ്ഥാപനങ്ങളിലെയും ഡോക്ടര്‍മാര്‍. ജനങ്ങളുടെ ഭാഗ്യം…!! ഇവര്‍ തീരുമാനിക്കുന്നതുപോലെയാണ് കാര്യങ്ങള്‍. മരിച്ചുകഴിഞ്ഞ രോഗിക്ക് ജീവനുണ്ടെന്നും, ജീവനുള്ള രോഗി മരിച്ചുവെന്നും, തങ്ങള്‍ ജീവൻ തിരിച്ചുപിടിക്കുവാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മറ്റുമൊക്കെ ബന്ധുക്കളെ പറഞ്ഞു ധരിപ്പിച്ച്, അഥവാ മരണം സംഭവിക്കുകയാണെങ്കിൽ അവയവങ്ങൾ ദാനംചെയ്ത് പുണ്യപ്രവൃത്തികളിൽ പങ്കാളികളാവുമ്പോൾ, മരിച്ച ആത്മാക്കള്‍ക്ക് മോക്ഷം കിട്ടുമെന്നുമൊക്കെ നല്ലനല്ല ഉപദേശങ്ങള്‍ കൊടുക്കുന്നതും ഇവര്‍തന്നെയാണ്. കുറ്റം പറയരുതല്ലോ.. ഈ ഉപദേശങ്ങള്‍ മുഴുവനായും ഫ്രീയാണ്.. അതിനായി അഞ്ചിന്‍റെ നയാപൈസ അവർ വാങ്ങിക്കാറില്ല. പക്ഷെ, ബാക്കിയുള്ള കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ബില്ലുകള്‍ കൃത്യമായി അടച്ചുകൊണ്ടിരുന്നോളണ൦.

അതുപിന്നെ അങ്ങിനെയല്ലേ വേണ്ടത്..!!

ലക്ഷങ്ങളും കോടികളും മുടക്കി വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തിരിക്കുന്ന വിവധതരം മെഷീനുകളാണ് ഹോസ്പിറ്റൽ നിറയെ. പിന്നെ, ഇത്രയും വലിയ മണിമാളിക കെട്ടിയുയര്‍ത്തുവാൻ ചെമ്പെത്രയാ ചെലവാക്കിയിരിക്കുന്നത്. മാത്രമോ, ലോകത്തു കിട്ടാവുന്ന ഏറ്റവുംനല്ല ഡോക്ടര്‍മാര്‍.. അവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും, പിന്നെ പാവപ്പെട്ട നഴ്സ്മ്മാരെയും മറ്റു ജീവനക്കാരെയുമൊക്കെ തീറ്റിപ്പോറ്റണ്ടേ.. എല്ലാംകൂടി കൂട്ടിക്കിഴിച്ചു നോക്കുമ്പോള്‍ വലിയ ലാഭമൊന്നും ഇല്ല. പിന്നെ, ജനങ്ങള്‍ക്കുവേണ്ടി ഒരു നല്ലകാര്യം ചെയ്യുന്നു എന്ന ഒരു സമാധാനം.. മനസ്സിനൊരു സന്തോഷം… ഇതൊക്കെയേ ഇതിന്‍റെയൊക്കെ അമരത്തിരിക്കുന്നവർ ആഗ്രഹിക്കുന്നുള്ളൂ..

ഇനി സീരിയസ് ആയിട്ട് കുറച്ചു കാര്യങ്ങൾ പറയാം…

ഏതൊരു രോഗിക്കും ഒരു ഡോക്ടർ എന്നുപറയുന്നത് ദൈവതുല്ല്യരാണ്. രോഗപീഡകളില്‍പ്പെട്ടു ഉഴറുമ്പോളാണല്ലോ നാമെല്ലാം മാനസികമായും ശാരീരികമായും സാമ്പത്തീകമായുമൊക്കെ തകര്‍ന്നു പോകുന്നത്. അത്തരം സന്ദര്‍ഭങ്ങളിൽ നമ്മൾ ആശ്രയിക്കുന്ന, ദൈവത്തിന്‍റെ പ്രതിപുരുഷന്മാരായിട്ടുള്ള വ്യക്തികളാണല്ലോ ഈ ഭിക്ഷഗ്വരന്മാര്‍ അഥവാ ഡോക്ടര്‍മാർ. ഇതില്‍ സാമ്പത്തീകമൊഴിച്ചുള്ള, ശാരീരികവും മാനസികവുമായിട്ടുള്ള ബുദ്ധിമുട്ടുകളില്‍ നിന്നും നമ്മെ കൈപിടിച്ചുയര്‍ത്തി സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുവാൻ നിയോഗിക്കപ്പെട്ടിട്ടുള്ളവരാണ് ഈ ദൈവദൂതന്മാർ. അതവരുടെ സമൂഹത്തിനോടുള്ള ബാധ്യതകൂടിയാണ്.

എന്നാല്‍, ഇന്നത്തെയീ പരിഷ്കൃത സമൂഹത്തിൽ – എന്നു നമ്മൾ പറയുന്ന – മേല്‍പറഞ്ഞ സമൂഹത്തിനോടുള്ള, അല്ലെങ്കില്‍ ഒരു സാധാരണ മനുഷ്യജീവിയോടുള്ള കടമമറക്കാതെ പ്രവര്‍ത്തിക്കുന്ന എത്ര ഡോക്ടര്‍മാരെ കാണുവാന്‍ കഴിയും നമുക്ക്. ഉത്തരം പരയുവാനാണെങ്കിൽ “വളരെ വിരളം” എന്നേ പറയുവാന്‍ കഴിയൂ. കാരണം പണത്തിനുമീതെ പരുന്തും പറക്കില്ല എന്നുപറയുന്നതുപോലെ ഡോക്ടര്‍മാരും പറക്കില്ല എന്നു പറയുന്നതാവും ശരി. മരിച്ചുകഴിഞ്ഞ ഒരാളുടെ മൃതശവശരീരവും വെച്ച് അതിൽ കൃത്രിമ ശ്വോസോച്ച്വസവും മറ്റും നല്‍കി ആ വ്യക്തി ജീവനോടെയുണ്ടെന്നു ബന്ധുക്കളെയും മറ്റുമൊക്കെ പറഞ്ഞുതെറ്റിദ്ധരിപ്പിച്ച്, പണത്തിനുവേണ്ടി സ്വന്തം പ്രൊഫഷനോടും സമൂഹത്തിനോടും യാതൊരു പ്രതിബദ്ധതയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എത്രയോ കേസുകള്‍ നാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നു. ഒരു തൊഴിലെന്നരീതിയില്‍ ഒരു അഭിസാരികയെ കൂട്ടിക്കൊടുക്കുന്നവന് ഇതിലുംകൂടുതൽ മന്യതയുണ്ടെന്നു വേണമെങ്കിൽ പറയാം.

പരിഷ്കൃതമെന്നു നാം വിളിക്കുന്ന സമൂഹത്തിന്‍റെയും, വ്യക്തികളുടെയും ജീര്‍ണ്ണതയാണ് ഇത് വിളിച്ചോതുന്നത്‌. പണത്തിനോടുള്ള മനുഷ്യന്‍റെ ആര്‍ത്തി, അത് എത്ര നേടിയാലും പിന്നെയും വാരിക്കൂട്ടുവാനുള്ള അദമ്യമായ മോഹം ഇത്തരം മനുഷ്യരെ കൊണ്ടെത്തിക്കുന്നത് അത്രയ്ക്ക് നീചമായ പ്രവൃത്തികളിലാണ്.

യാതൊരു അര്‍ഹതയുമില്ലാതെ, പണത്തിന്‍റെ പിന്‍ബലത്തിൽ മാത്രം ലക്ഷങ്ങളും കോടികളും മുടക്കി തരപ്പെടുത്തുന്ന മെഡിക്കല്‍സീറ്റ് കിട്ടുമ്പോൾ ചിലരുടെ ഉള്ളിൽ കടന്നുകൂടുന്ന സാത്താന്‍റെ അംശം, അഞ്ചുവര്‍ഷത്തെ പഠനവും പിന്നെ പ്രാക്ടീസും, ചികിത്സയുമൊക്കെ തുടങ്ങുന്നതോടെ പൂര്‍ണ്ണ വളര്‍ച്ചപ്രാപിക്കുന്നു. അതോടുകൂടി കണ്ണില്‍ ഇരുട്ടുകയറുന്ന ഇക്കൂട്ടർ, പണത്തിന്‍റെ ആ മഞ്ഞവെളിച്ചത്തില്‍ മാത്രമേ മിഴിതുറക്കുകയുള്ളൂ..!! പിന്നെ, തങ്ങളെക്കൊണ്ട് ഏതൊക്കെ രീതിയിൽ പണമുണ്ടാക്കുവാൻ കഴിയുമോ ആ മാര്‍ഗങ്ങളെല്ലാം അവർ സ്വീകരിക്കുന്നു.

ഇതിനിടയില്‍, കടമകള്‍ക്കും, ആത്മാര്‍ത്ഥതയ്ക്കും മെഡിക്കൽ എത്തിക്സ്നുമൊക്കെ എവിടാ സ്ഥാനം.

ഇതൊന്നും പോരാതെ, നാമിന്നു കഴിക്കുന്ന മരുന്നുകള്‍…

ഓരോ അസുഖങ്ങള്‍ക്കും കഴിക്കുന്ന മരുന്നുകൾ, ആ അസുഖങ്ങളെ ഭേതമാക്കുന്നതോടൊപ്പം(താല്കാലികമായി) മറ്റൊരു അസുഖത്തിന്‍റെ വിത്തുകൾ പാകിയാണ് നമ്മിൽ നിന്നും കടന്നുപോകുന്നത്. അവയുടെയൊക്കെ വിലയാണങ്കിൽ, അവ നിര്‍മ്മിക്കുവാൻ ചിലവാക്കിയതിന്‍റെ നൂറും ഇരുന്നൂറും ഇരട്ടികൂടുതൽ. ഇതിന്‍റെയെല്ലാം പരിണിതഫലമെന്നുപറയുന്നത്, നാം മലയാളികള്‍ക്ക് ഒരിക്കലും അസുഖങ്ങൾ ഇല്ലാത്ത അവസ്ഥ ഉണ്ടാവുകയില്ലായെന്നതാണ്.

എല്ലാം “മായ..” എന്നു പറയുന്നതുപോലെ…!!

“രോഗം-രോഗി-ഡോക്ടര്‍…” ഓഹ്… എന്താല്ലേ….!!!

പക്ഷേ, എല്ലാവരും എന്നും ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം:-

എത്രയൊക്കെ വാരിക്കൂട്ടിയാലും, എന്തൊക്കെ നേടിയാലും, ഈ നേട്ടങ്ങളും സമ്പാദ്യങ്ങളും ഒന്നും ഒന്നുമല്ലാതായിതീരുന്ന ഒരു ദിവസം.. നമ്മുടെ ആയുസ്സിന്‍റെ വിധി നടപ്പാക്കുന്ന ആ നിമിഷം.. ഒരിക്കലും പ്രതീക്ഷിക്കാതെ വരുന്ന ആ അതിഥിക്കു വേണ്ടിയുള്ള കാത്തിരിപ്പല്ലേ നമ്മുടെയൊക്കെയീ ജീവിതം എന്ന തിരിച്ചറിവ്. വെറും ഒരുപിടി ചാരത്തിലോ, ഒരു മണ്‍കൂമ്പാരത്തിലോ അവസാനിക്കുന്ന ഈ ജീവിതനാടകത്തിൽ ചേര്‍ത്ത്പിടിച്ചതിനും, സമ്പാദിച്ചു കൂട്ടിയതിനുമൊക്കെ ഒരു പുല്‍കൊടിയുടെപോലും വിലയില്ലാത്ത അവസ്ഥ നിര്‍ബന്ധമായും ഏതൊരു വ്യക്തിയും അഭിമുഖീകരിക്കേണ്ടിവരും എന്ന് ഇടയ്ക്കൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. എന്നുവെച്ചു, ഇതുമാത്രം ചിന്തിച്ചിരുന്നു സുന്ദരമായ ഈ ഭൂമിയും, അത്രതന്നെ സുന്ദരമായ ഈ ജീവിതവും(നമ്മള്‍ മനസ്സുവെച്ചാല്‍) ആസ്വതിക്കേണ്ടായെന്നൊന്നുമല്ല. എല്ലാവിധ ആസ്വാദനങ്ങള്‍ക്കിടയിലും സമ്പാദ്യങ്ങള്‍ക്കിടയിലും സഹജീവികളെ തങ്ങളിൽ ഒരാളായി കാണുവാനും, തങ്ങള്‍ പഠിച്ചുനേടിയ കഴിവ് മറ്റുള്ളവരെ ചൂഷണം ചെയ്യുവനുള്ളതല്ല എന്ന് മനസ്സിലാക്കിയിരിക്കുന്നതും നല്ലതാണ്. “ഭിക്ഷഗ്വരന്മാര്‍ ജനങ്ങളെ ഭിക്ഷക്കാരാക്കുവാനുള്ളവരല്ല..” മറിച്ച്, ആരോഗ്യകരമായൊരു സമൂഹത്തെ നിലനിര്‍ത്തുവാനുള്ള കര്‍ത്തവ്യം തങ്ങളിൽ നിക്ഷിപ്തമാണ്, തങ്ങൾ അതിനു ബാധ്യസ്ഥരാണ്എന്നുകൂടി ഓര്‍മ്മിക്കുക..

-ഒരു പൗരന്‍റെ കടമ എന്നനിലയിലുള്ള ഒരു ഓര്‍മ്മപ്പെടുത്തൽ മാത്രമാണിത്…!!

( **എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല… ഇതിലൊന്നുംപെടാത്ത നല്ലവരായ ഡോക്ടര്‍മാരും, സ്ഥാപനങ്ങളും എന്നോട് ക്ഷമിക്കുക.. എന്‍റെ ഒന്നുരണ്ടു സുഹൃത്തുക്കള്‍ക്കുണ്ടായ അനുഭവങ്ങൾ ആണ് ഇതെഴുതുവാൻ എന്നെ പ്രേരിപ്പിച്ച ഘടകം..**)

-എം.ജി.ആര്‍.

MG Rajesh
MG Rajesh

Leave a Reply