ഏപ്രിൽ 19 എന്ന സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ബാലചന്ദ്ര മേനോൻ സിനിമ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ താരസുന്ദരിയാണ് നന്ദിനി. നാൽപ്പത്തിമൂന്ന് വർഷത്തെ ജീവിതത്തിനിടയിൽ പ്രണയ നഷ്ടം സംഭവിച്ചപ്പോഴുണ്ടായ ദുരിതവും നന്ദിനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതിനുശേഷം വിവാഹമെന്നത് നന്ദിനിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. നല്ല ഒരാളെ കിട്ടിയാൽ വിവാഹിതയാകാമെന്ന നിലപാടിലാണ് ഇപ്പോൾ താരം. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രണയ നഷ്ടത്തെ കുറിച്ചും വിവാഹത്തിലേക്ക് കടക്കുമോ എന്നുള്ള ചോദ്യത്തിനുള്ള മറുപടിയും താരം പറഞ്ഞത്. ‘വിവാഹം, പ്രണയം എന്നിവയെ കുറിച്ചെല്ലാം അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ ചോദ്യം വരാറുണ്ട്.’ ‘ഞാൻ അതിനെ എല്ലാം കൂളായി എടുക്കുന്നയാളാണ്. വിവാഹിതയാകാതെ കഴിയുന്നുവെന്നതിനോടും ഞാൻ വളരെ കൂളായാണ് ഇടപെടുന്നത്. വിവാഹം നടക്കേണ്ടതാണെങ്കിൽ നടക്കും. നല്ല ഒരാളെ കിട്ടികഴിഞ്ഞാൽ ഈ പ്രായത്തിലും വിവാഹം കഴിക്കാൻ എനിക്ക് താൽപര്യമുണ്ട്.’ അഭിമുഖങ്ങളിൽ പങ്കെടുക്കുമ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. അല്ലാതെ സുഹൃത്തുക്കളോ ബന്ധുക്കളോ ആ ചോദ്യം എന്നോട് ചോദിക്കാറില്ല.
അവർ എല്ലാത്തിനോടും യോജിച്ച് തുടങ്ങി. സിംഗിളായി ജീവിക്കുന്നതും നല്ല കാര്യം തന്നെയാണ്. ഇതുവരെ കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്റെ പ്രണയം തകർന്ന് എക്സുമായി പിരിഞ്ഞത് എന്നെ വല്ലാതെ വിഷമിപ്പിച്ച ഒരു കാര്യമായിരുന്നു.’ ‘കുറച്ച് സമയം എടുത്തെങ്കിലും പിന്നെ ഞാൻ തിരികെ ജീവിതത്തിലേക്ക് വന്നു. വേർപിരിയാമെന്ന് ഞങ്ങൾ തീരുമാനിച്ചത് രണ്ടുപേർക്കും ഗുണം ചെയ്തു. വേർപിരിഞ്ഞപ്പോഴുണ്ടായ വേദനയോട് പിന്നീട് ഞാൻ യോജിച്ച് തുടങ്ങി. വീട്ടുകാരും ആ സമയത്ത് നന്നായി സപ്പോർട്ട് ചെയ്തു. അവർ എന്നെ നന്നായി സ്നേഹിച്ച് അതിൽ നിന്ന് എന്നെ പുറത്ത് കൊണ്ടുവന്നു’, എന്നാണ് പ്രണയത്തകർച്ചയെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിച്ച് നന്ദിനി പറഞ്ഞത്. അതേസമയം വെറും 16 വയസ് മാത്രം പ്രായമുണ്ടായിരുന്ന സമയത്താണ് നന്ദിനി മലയാള സിനിമയിൽ എത്തിയത്. പിന്നീട് തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് ഏറെ താരമൂല്യമുള്ള നായികമാരിൽ ഒരാളായി മാറുകയായിരുന്നു. കൗസല്യ എന്ന പേരിൽ തെലുങ്കിൽ അറിയപ്പെട്ടിരുന്ന താരത്തിന് പിന്നീട് മലയാളത്തിൽ കൈ നിറയെ അവസരങ്ങൾ ലഭിച്ചിരുന്നു.
സൂപ്പർതാരങ്ങളുടെ അടക്കം നായികയായി മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നന്ദിനി അഭിനയിച്ചു. മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിക്കും മോഹൻലാലിനും സൂപ്പർതാരങ്ങളായ സുരേഷ്ഗോപിക്കും ജയറാമിനും ഒപ്പം നായികയായി അഭിനയിച്ച നന്ദിനി കലാഭവൻ മണിയുടെ നായികയായും ആരാധകരുടെ ഇഷ്ടം പടിച്ചുപറ്റി. അയാൾ കഥയെഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടൻ, നാറാണത്ത് തമ്പുരാൻ, സുന്ദരപുരുഷൻ, കരുമാടിക്കുട്ടൻ തുടങ്ങിയ ചിത്രങ്ങളിലാണ് സൂപ്പർ താരങ്ങളുടെ നായികയായി നന്ദിനി തിളങ്ങിയത്. മലയാളത്തിൽ മാത്രമല്ല തമിഴിൽ വിജയ് അടക്കമുള്ള താരങ്ങളുടെയും നായികയായി നന്ദിനി അഭിനയിച്ചിട്ടുണ്ട്. നാൽപ്പത്തിമൂന്നുകാരിയായ നന്ദിനി കർണാടകയിലാണ് ജനിച്ച് വളർന്നത്. കരുമാടിക്കുട്ടനിലെ തമ്പുരാട്ടികുട്ടിയെപ്പോലെ തന്നെയാണ് നാൽപ്പത്തിമൂന്ന് പിന്നിട്ടിട്ടും നന്ദിനിയെ കാണാൻ. പ്രായം പിറകോട്ടാണോ സഞ്ചരിക്കുന്നതെന്ന് നന്ദിനിയെ കാണുമ്പോൾ ആർക്കും തോന്നിപ്പോകും. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും നന്ദിനി അഭിനയിച്ചിട്ടുണ്ട്. തമിഴിൽ 30തിൽ അധികം ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ഇപ്പോഴും സിനിമയിലും സീരിയലിലുമായി അഭിനയരംഗത്ത് സജീവമാണ് നന്ദിനി. തെലുങ്കിൽ പുറത്തിറങ്ങിയ കീർത്തി സുരേഷ് സിനിമ രംഗ് ദേ, ഹീറോ എന്നിവയാണ് നന്ദിനി അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ സിനിമകൾ.
