‘വിമര്‍ശനത്തിന് പിന്നില്‍ അസൂയ, അത് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും’; നഞ്ചിയമ്മ

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സംഗീത പ്രേമികളുടെ മനസില്‍ ഇടം നേടിയ ഗായകയാണ് നഞ്ചിയമ്മ. ആ കഴിവിന് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് വരെ നഞ്ചിയമ്മയെ തേടിയെത്തി. എന്നാല്‍ നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് സമ്മാനിച്ചതിനെതിരെ പല കോണുകൡ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ തനിക്കു നേര്‍ക്കുയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നഞ്ചിയമ്മ. തന്റെ അവാര്‍ഡിനു നേര്‍ക്ക് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് അസൂയ ആണെന്നാണ് നഞ്ചിയമ്മ പറയുന്നത്.

ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമര്‍ശിക്കുന്നതെന്നും പുരസ്‌കാരത്തെ സംബന്ധിച്ച വിമര്‍ശനങ്ങളെ ഒന്നും മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും നഞ്ചിയമ്മ വ്യക്തമാക്കി. വിമര്‍ശനത്തിന് പിന്നില്‍ അസൂയ മാത്രമാണെന്നും നഞ്ചിയമ്മ പറഞ്ഞു. തങ്ങള്‍ പാടുന്നത് എന്താണെന്ന് മനസിലാക്കുന്നവരും ചിന്തിക്കുന്നവരും വിമര്‍ശിക്കില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.

‘ചെറുപ്പം മുതല്‍ പാടുന്നുണ്ട്. പാട്ടിനായി ഒന്നും ഉപേക്ഷിക്കാറില്ല.തങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാണ് പാട്ടുപാടുന്നത്. പരമ്പരാഗതമായി പാട്ട് കൈമാറി വരുന്നു. എല്ലാ സംഗീതവും ശുദ്ധമാണ്. നമ്മുടെ പാട്ടിന് ലിപിയില്ല. ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. പക്ഷേ അതിന്റെ അര്‍ത്ഥതലങ്ങള്‍ വലുതാണ്. മനുഷ്യന്റെ ജീവിതത്തെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് ഈ മരിച്ച പക്ഷികളെക്കുറിച്ച മരങ്ങളെക്കുറിച്ച് ഒക്കെയാണ് പാടുന്നത്’. നഞ്ചിയമ്മ പറഞ്ഞു.

നഞ്ചമ്മയ്ക്ക് അവാര്‍ഡ് നല്‍കിയതുമായി ബന്ധപ്പെട്ട് പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. നഞ്ചിയമ്മയ്ക്ക് പുരസ്‌കാരം കിട്ടിയതുമായി ബന്ധപ്പെട്ട് സംഗീത സംവിധായകനും കീബോര്‍ഡിസ്റ്റുമായ ലിനു ലാല്‍ പറഞ്ഞ അഭിപ്രായത്തിനെതിരെ സംഗീതലോകത്തു നിന്നു തന്നെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതില്‍ അതൃപ്തി അറിയിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായാണ് ലിനു രംഗത്തെത്തിയത്.

മൂന്നും നാലും വയസ് മുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തുപോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍ പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ല. ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. അതുപോലെ ചിത്ര ചേച്ചി. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തോന്നുന്നില്ല’ എന്നാണ് ലിനു ലാല്‍ പറഞ്ഞത്. എന്നാല്‍ ലിനു ലാലിന്റെ ഈ വാക്കുകള്‍ക്കെതിരെ വിമര്‍ശനവുമായി സംഗീത മേഖലയില്‍ നിന്നു തന്നെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

 

Aswathy