വീണ്ടും നടിയായും ഗായികയായും നഞ്ചിയമ്മ!!! ത്രിമൂര്‍ത്തികള്‍ വരുന്നു

‘അയ്യപ്പനും കോശിയും’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ദേശീയ അവാര്‍ഡ് നേടിയ ഗായികയാണ് നഞ്ചിയമ്മ. ലിപി പോലുമില്ലാത്ത ഭാഷയില്‍ ‘കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ’ എന്ന പാട്ട് പാടിയാണ് നഞ്ചിയമ്മ ഇന്ത്യയിലെ തന്നെ മികച്ച…

‘അയ്യപ്പനും കോശിയും’ എന്ന ആദ്യ സിനിമയിലൂടെ തന്നെ ദേശീയ അവാര്‍ഡ് നേടിയ ഗായികയാണ് നഞ്ചിയമ്മ. ലിപി പോലുമില്ലാത്ത ഭാഷയില്‍ ‘കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കൊ’ എന്ന പാട്ട് പാടിയാണ് നഞ്ചിയമ്മ ഇന്ത്യയിലെ തന്നെ മികച്ച ഗായികയായി മാറിയത്.

മുത്തശ്ശിയും അമ്മയും പാടിക്കൊടുത്ത താരാട്ടുപാട്ട് കേട്ടാണ് നഞ്ചിയമ്മ പാട്ടിന്റെ ലോകത്തേക്ക് ചുവടുവച്ചത്. മണ്ണിന്റെ പാട്ട് തേടിയാണ് സംവിധായകന്‍ സച്ചി നഞ്ചിയമ്മയുടെ അടുത്തേക്കെത്തിയത്. അയ്യപ്പനും കോശിയും സിനിമയില്‍ പാട്ടുപാടാനെത്തിയ നഞ്ചിയമ്മ ഒരു വേഷം ചെയ്തിരുന്നു. ചിത്രത്തില്‍ നഞ്ചിയമ്മ പാടിയ 2 ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴിതാ അയ്യപ്പനും കോശിയ്ക്കും ശേഷം ഗായികയില്‍ നിന്നും അഭിനയത്തിലേക്കും ചുവടുവയ്ക്കാനൊരുങ്ങുകയാണ് നഞ്ചിയമ്മ എന്നാണ് റിപ്പോര്‍ട്ടുകള്‍. നഞ്ചിയമ്മ ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചിത്രത്തിനുവേണ്ടി ഗാനവും ആലപിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ത്രിമൂര്‍ത്തി’ എന്ന ചിത്രത്തിലൂടെയാണ് നഞ്ചിയമ്മ പ്രധാന വേഷത്തില്‍ എത്തുന്നത്. നവാഗതനായ ശരത്ത്ലാല്‍ നെമിഭുവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത്രിമൂര്‍ത്തി’. ക്യാംപസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം, നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. പുതുമുഖങ്ങളും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം ക്യാംപസ് ടൈം ട്രാവലാണ്.

മാത്രമല്ല പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ‘ത്രിമൂര്‍ത്തി’ ഒരുങ്ങുന്നത്. ചിത്രത്തില്‍ 21 പാട്ടുകള്‍ ഉണ്ട്. 50ലേറെ നവാഗത ഗായകരും ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.

വന്ദന ശ്രീലേഷാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. നവാഗതരായ അമേഷ് രമേശും മഹേഷ് മോഹനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം അപ്പു ജോഷിയാണ്. എഡിറ്റിങ്ങ് ആന്റോ ജോസ് നിര്‍വഹിക്കുന്നു. ശരത്ത് ലാല്‍ നെമിഭുവന്‍ തന്നെയാണ് ‘ത്രിമൂര്‍ത്തി’യുടെ സംഗീതസംവിധാനവും. കെബിഎം സിനിമാസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.