ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ കഥ ഇതാണ്

ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു. ഹിറ്റ് ഫിലിം മേക്കറും മലയാളത്തിന്റെ മെഗാസ്റ്റാറും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് അതിനുകാരണം. ഇപ്പോഴിതാ…

ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു. ഹിറ്റ് ഫിലിം മേക്കറും മലയാളത്തിന്റെ മെഗാസ്റ്റാറും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് അതിനുകാരണം. ഇപ്പോഴിതാ റിലീസ് കാത്തിരിക്കുന്ന ചിത്രത്തിന്റെ കഥ പുറത്തുവന്നിരിക്കുകയാണ്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം തെരഞ്ഞെടുത്തിരുന്നു. ചിത്രത്തിന്റെ സിനോപ്‌സിസ് ഐഎഫ്എഫ്‌കെയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘തീര്‍ത്ഥയാത്ര കഴിഞ്ഞ് മടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ അംഗങ്ങളെല്ലാം നല്ലൊരു ഉച്ചയൂണ് കഴിഞ്ഞ് മയക്കത്തിലാകുന്നു. ട്രൂപ്പിന്റെ വാഹനം ഓടിക്കുന്ന ജയിംസ് വഴിയിലെ ഒരു ഗ്രാമത്തിലേക്ക് വണ്ടി തിരിക്കുന്നു. ആ ഗ്രാമത്തിലെ സുന്ദരം എന്ന വ്യക്തിയുടെ ആത്മാവില്‍ ജെയിംസ് വിലയം പ്രാപിക്കുന്നു. അതില്‍ ഉള്‍പ്പെട്ട രണ്ട് കുടുംബങ്ങള്‍ക്കും അയാള്‍ സുന്ദരം ആയി ജീവിക്കുന്നത് കണ്ട് നില്‍ക്കാനേ കഴിയുന്നുള്ളൂ. ജെയിംസിന്റെ ഉള്ളില്‍ കുടികൊള്ളുന്നത് തന്റെ ആത്മാവ് ആണെന്ന സത്യം പതിയെ മനസ്സിലാവുമ്പോള്‍ സുന്ദരം ആകെ ആശങ്കാകുലനാകുന്നു…’ എന്നാണ് സിനോപ്‌സിസില്‍ കൊടുത്തിരിക്കുന്ന പ്രമേയം.

അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ നിര്‍മ്മാണം. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ സഹനിര്‍മ്മാതാവായി ലിജോയും ഒപ്പമുണ്ട്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘അമര’ത്തിനു ശേഷം അശോകന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രവുമാണ് ഇത്.

Nanpakal Nerathu Mayakkam

എസ് ഹരീഷിന്റേതാണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ആന്‍സണ്‍ ആന്റണി, സുനില്‍ സിംഗ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ ബി ശ്യാംലാല്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, സ്റ്റില്‍സ് അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍ ബല്‍റാം ജെ.